കുട്ടികളെ സംരക്ഷിക്കാനുള്ള വഴിയും പണവും തേടി അലയുന്ന അഭയാർഥികൾക്കു മുന്നിൽ എങ്ങനെ സഹായവാഗ്ദനാവുമായി എത്തണമെന്ന് മനുഷ്യക്കടത്തുകാർക്കും നല്ലതുപോലെ അറിയാം

0

റഷ്യൻ ആക്രമണത്തിൽ തകർന്നടിഞ്ഞ യുക്രൈനിൽ നിന്ന് ജീവനുംകൊണ്ട് പോളണ്ടിലേക്ക് രക്ഷപ്പെട്ടെത്തിയതായിരുന്നു ആ പെൺകുട്ടി. യാത്ര എവിടെയെത്തും എന്ന് പോലും ആ പെൺകുട്ടിക്ക് അറിയില്ലായിരുന്നു. പാതിവഴിയിൽ അവൾക്ക് ഒരു സഹായ കരം ലഭിച്ചു. ഒട്ടേറെ ഓൺലൈൻ പോർട്ടലുകളാണ് യുക്രെയ്ൻ അഭയാർഥികളെ സഹായിക്കാനായി ആരംഭിച്ചിട്ടുള്ളത്. അത്തരത്തിലൊരു പോർട്ടലിൽ കണ്ടെത്തിയ വ്യക്തി അവളെ പോളണ്ടിലെ റോക്ക്‌ലോയിലേക്ക് ക്ഷണിച്ചു. 49 വയസ്സായിരുന്നു അയാൾക്ക്.

പോളിഷ് ഭാഷ അറിയാഞ്ഞിട്ടും ആ പെൺകുട്ടി അയാളെ വിശ്വസിച്ചു. ജോലിയും താമസിക്കാൻ ഒരിടവും നൽകാമെന്നു പറഞ്ഞപ്പോൾ അയാൾക്കൊപ്പം പോയി. എന്നാൽ അവളെ കാത്തിരുന്നത് ക്രൂരമായ ലൈംഗിക പീഡനമായിരുന്നു. ഒരു വിധത്തിൽ ഓടി രക്ഷപ്പെട്ട അവളെ കണ്ടെത്തിയത് പൊലീസ്. വൈകാതെതന്നെ ആ നാൽപത്തിയൊൻപതുകാരൻ അറസ്റ്റിലാവുകയും ചെയ്തു. 12 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അയാൾക്കു മേൽ ചുമത്തിയിരിക്കുന്നത്.യുക്രെയ്നിൽ യുദ്ധം ആരംഭിച്ച മാർച്ച് ആദ്യ വാരത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷക്കണക്കിനു പേരാണ് ആ സമയത്ത് പോളണ്ട് അതിർത്തിയിലേക്ക് എത്തിയിരുന്നത്. അതിർത്തിയിലേക്കെത്തിയത് ആരൊക്കെ, അവർ എവിടേക്കെല്ലാം പോകുന്നു എന്നറിയാൻ അന്ന് യാതൊരു വഴിയുമില്ല. ഇപ്പോഴും പലരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. മനുഷ്യക്കടത്തും കുട്ടികൾക്കും യുവതികള്‍ക്കും നേരെ ലൈംഗിക അതിക്രമവും ശക്തമാകുന്നുവെന്ന സൂചന ലഭിച്ചതോടെ യുക്രെയ്ൻ അതിർത്തികളിലെല്ലാം പൊലീസ് കാവൽ ശക്തമാക്കുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയും വിഷയത്തിൽ ഇടപെട്ടു. യുദ്ധത്തിന്റെ ഭീതിയും സമ്മർദവും ട്രോമയും ആശയക്കുഴപ്പവുമെല്ലാം നിറഞ്ഞ മനസ്സുമായാണ് ഓരോ അഭയാർഥിയും യുക്രെയ്ൻ വിടുന്നത്. അവർക്ക് ഉചിതമായ തീരുമാനമെടുക്കാൻ പോലും പലപ്പോഴുമാവില്ലക്രിസ്റ്റിന മിൻകുലേസ്ക്യു (റുമേനിയൻ സൈക്കോളജിസ്റ്റ്)അതിനിടെ ജോലിയും താമസിക്കാൻ ഇടവും വാഗ്ദാനം ചെയ്ത് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതും പോളണ്ട് അതിർത്തിയിലാണ്. അതിനെപ്പറ്റി കേട്ടറിഞ്ഞെത്തിയ പൊലീസ് നടത്തിയ ഇടപെടൽ അവസാന നിമിഷത്തിൽ പെൺകുട്ടിക്ക് രക്ഷയായി. യുവതികള്‍ക്കും പെൺകുട്ടികൾക്കും മാത്രം അഭയമൊരുക്കാമെന്നു പറഞ്ഞ് മെദിക്ക മേഖലയിൽ ചുറ്റിയടിച്ചയാളെ പൊലീസ് താക്കീത് ചെയ്ത സംഭവവും പോളണ്ട് അതിർത്തിയിൽ സംഭവിച്ചു. എന്തുകൊണ്ട് സ്ത്രീകൾക്കു മാത്രം അഭയം നൽകുന്നുവെന്നു ചോദിച്ചപ്പോൾ ‘തനിക്ക് അങ്ങനെ യാതൊരു ഉദ്ദേശവുമില്ലെന്ന്’ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു അയാൾ. രക്ഷ തേടിയെത്തുന്നവർ ആരെ വിശ്വസിക്കുമെന്ന അവസ്ഥ!യുക്രെയ്ൻ അഭയാർഥികള്‍ മനുഷ്യക്കടത്തിനു വിധേയമായി എന്നതു സംബന്ധിച്ച ഔദ്യോഗിക പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇതിനോടകം സംഭവിച്ച പല അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ക്കു വ്യക്തമാണ്. ഭാഷയറിയാതെ, ബന്ധുക്കൾ എവിടെയെന്നറിയാതെ, സഹായിക്കാൻ ആരുമില്ലാതെ, യുദ്ധ ഭീകരതയിൽനിന്ന് ഓടി രക്ഷപ്പെടുന്നവരെ കാത്ത് മനുഷ്യക്കടത്തുകാർ മാത്രമല്ല, കാമക്കണ്ണുകളുമായി കഴുകന്മാരും ഏറെയാണ്.

ഓരോ സെക്കൻഡിലും അഭയാർഥികളാകുന്നവർ…

യുക്രെയ്നിൽ മൂന്നാഴ്ച മുൻപ് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഇതുവരെ 30 ലക്ഷത്തോളം അഭയാർഥികൾ പലായനം ചെയ്തിട്ടുണ്ടെന്നു പറയുന്നു യുഎന്‍ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ (ഐഒഎം) കണക്ക്. ഇതിൽ 18 ലക്ഷം പേരും ഇപ്പോൾ പോളണ്ടിലാണ്. മൂന്നു ലക്ഷത്തോളം പേർ പടിഞ്ഞാറൻ യൂറോപ്പിലേക്ക് പലായനം ചെയ്തു. അഭയാർഥികളിൽ 14 ലക്ഷം പേർ കുട്ടികളാണ്. അതിനർഥം, യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ പ്രതിദിനം 73,000 കുട്ടികളെങ്കിലും അഭയാർഥികളാകുന്നു എന്നാണ്. അതായത് ഓരോ സെക്കൻഡിലും ഒരു കുട്ടി വീതം.

‘യുക്രെയ്നിൽനിന്ന് അയൽരാജ്യങ്ങളിലേക്ക് എത്തുന്ന കുട്ടികൾ കുടുംബത്തിൽനിന്നു വേർപ്പെട്ടു പോകാൻ സാധ്യതയേറെയാണ്. അവർക്കു നേരെ ആക്രമണത്തിലും ലൈംഗിക ചൂഷണത്തിനും സാധ്യതകളുണ്ട്. ഒപ്പം അവർ മനുഷ്യക്കടത്തുകാരുടെ കയ്യിൽപ്പെടാനും…’ കുട്ടികളുടെ സംരക്ഷണത്തിനായുള്ള യുഎൻ സംഘടനയായ യുനിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ പറയുന്നു. ദശലക്ഷങ്ങൾ യുക്രെയ്നിൽനിന്ന് പലായനം ആരംഭിച്ചതോടെ ഇവരെ എങ്ങനെ ചൂഷണങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും രക്ഷിക്കുമെന്നതാണ് യുനിസെഫ് ഉൾപ്പെടെ നേരിടുന്ന പ്രതിസന്ധി.

റുമേനിയ, പോളണ്ട്, മോൾഡോവ അതിർത്തികളിലെല്ലാം ഈ പ്രശ്നങ്ങളുണ്ട്. യുദ്ധം പോലുള്ള സംഘർഷ കാലമാണ് മനുഷ്യക്കടത്തുകാരുടെ ‘ചാകരക്കാലം’ എന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ മാനവ പ്രതിസന്ധിക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു ജനതയോടാണ്, ആർത്തിക്കണ്ണുകളോടെ ഈ അതിക്രമമെന്നും ഓർക്കണം.

ആരെ വിശ്വസിക്കും?

റുമേനിയ, പോളണ്ട്, ഹംഗറി, മോൾഡോവ, സ്ലൊവാക്യ അതിർത്തികളിലെല്ലാം സ്വകാര്യ വ്യക്തികളും വൊളന്റിയര്‍മാരും സഹായം നല്‍കാനായി രംഗത്തു വന്നിട്ടുണ്ട്. സൗജന്യ താമസം, യാത്ര, ഭക്ഷണം എന്നിവ കൂടാതെ പലരും ജോലി വരെ വാഗ്ദാനം ചെയ്യുന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുയർന്ന നന്മയുമായി സഹായം നൽകുന്നവർക്കിടയിൽ പക്ഷേ മോശം ഇടപെടലിന്റെ കറയും പലരും പടർത്തുകയാണ്. പോളണ്ടിലെത്തിയ പത്തൊൻപതുകാരിയെ 49കാരൻ പീഡിപ്പിച്ച സംഭവമാണ് ഇതിന് ഉദാഹരണമായി പൊലീസ് പറയുന്നത്.

കുട്ടികളെ സംരക്ഷിക്കാനുള്ള വഴിയും പണവും തേടി അലയുന്ന അഭയാർഥികൾക്കു മുന്നിൽ എങ്ങനെ സഹായവാഗ്ദനാവുമായി എത്തണമെന്ന് മനുഷ്യക്കടത്തുകാർക്കും നല്ലതുപോലെ അറിയാം. റുമേനിയൻ അതിർത്തി പ്രദേശമായ സിറെത്തിൽ വനിതകൾക്കു വേണ്ടി മാത്രമായി സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന ഒരു സംഘമുണ്ടായിരുന്നു. അവരെ പക്ഷേ പൊലീസ് ഇടപെട്ടാണു മാറ്റിയത്. പൊലീസ് തന്നെ മഫ്തിയിൽ അഭയാർഥികൾക്കിടയിലൂടെ ചുറ്റിക്കറങ്ങിയാണ് പല മനുഷ്യക്കടത്തുകാരെയും കണ്ടെത്തുന്നത്.

ലൈംഗിക ചൂഷണത്തിനു മാത്രമല്ല, നിർബന്ധിത വേശ്യാവൃത്തിക്കും മനുഷ്യക്കടത്തുകാർ അഭയാർഥികളെ തട്ടിക്കൊണ്ടു പോകാറുണ്ട്. പലരെയും വീട്ടുജോലിക്കായി വിൽക്കും. ചിലരുടെ അവയവങ്ങൾ തട്ടിയെടുക്കും. ഇതിനെല്ലാം പലയിടത്തും പൊലീസിന്റെ പിന്തുണയും ലഭിക്കുന്നു. യുക്രെയ്നിന്റെ സമീപ ബാൾട്ടിക് രാജ്യമായ ബോസ്‍നിയ ആൻഡ് ഹെർസെഗൊവീനയിൽ സമാന സംഭവങ്ങൾ നടന്നിരുന്നു. 1999ലെ യുദ്ധത്തിനു പിന്നാലെയായിരുന്നു ഇത്. അവിടെ പെൺകുട്ടികളെ നിർബന്ധിത വേശ്യാവൃത്തിക്കും ലൈംഗിക ചൂഷണത്തിനുമായി കടത്തുന്നതിന് പ്രാദേശിക പൊലീസിന്റെ മാത്രമല്ല, യുഎൻ സുരക്ഷാ സേനയുടെ പോലും പിന്തുണയുണ്ടായിരുന്നു.

എതിർക്കുന്ന പെൺകുട്ടികളെ കൊന്നു കാട്ടിൽ തള്ളുന്നതായിരുന്നു രീതി. വമ്പൻ മാഫിയയായിരുന്നു ഇതിനു പിന്നിൽ. അക്കാലത്തു നടന്ന സംഭവങ്ങളെ ആസ്പദമാക്കി ‘ദ് വിസിൽബ്ലോവർ’ എന്ന സിനിമയും 2010ൽ പുറത്തിറങ്ങിയിട്ടുണ്ട്. ബോസ്‌നിയയിൽ സമാധാന സേനയ്ക്കൊപ്പം എത്തിയ യുഎസ് പൊലീസ് ഓഫിസറായ കാത്‌റീൻ ബോൾക്കോവാചിന്റെ യഥാർഥ അനുഭവങ്ങളെ ആസ്പദമാക്കിയായിരുന്നു സിനിമ. സമാനമായ സാഹചര്യം യുക്രെയ്നിലും സംഭവിക്കാമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ നൽകുന്നത്.

യൂറോപ്യൻ കമ്മിഷന്റെ 2020ലെ ഹ്യൂമൻ ട്രാഫിക്കിങ് റിപ്പോർട്ട് പ്രകാരം മനുഷ്യക്കടത്തിലൂടെ മാത്രം പ്രതിവർഷം മാഫിയകളുണ്ടാക്കുന്നത് രണ്ടര ലക്ഷം കോടി രൂപയാണ്. 27 രാജ്യങ്ങളാണ് യൂറോപ്യൻ കമ്മിഷനു കീഴിലുള്ളത്. റിപ്പോർട്ട് പ്രകാരം, മനുഷ്യക്കടത്തുകാരുടെ പ്രധാന ലക്ഷ്യം ലൈംഗിക ചൂഷണമാണ്. ഇതിൽത്തന്നെ മുക്കാൽ പങ്കും വനിതകൾക്കു നേരെയാണ്. ഇരകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമുണ്ട്.

കുട്ടികളെ നോക്കാനും വീട്ടു ജോലിക്കും പകരമായി അഭയം നൽകാമെന്ന് പലരും യുക്രെയ്ൻ അഭയാർഥികൾക്ക് ‘ഓഫർ’ നൽകുന്നുണ്ട്. എന്നാൽ ഇതെല്ലാം പിൽക്കാലത്ത് ചൂഷണത്തിലേക്കു വഴിമാറുമെന്നു പറയുന്നു മനുഷ്യക്കടത്തിനെതിരെ 21 സംഘടനകളെ ഒരു കുടക്കീഴിലെത്തിച്ച് പ്രവർത്തിക്കുന്ന ‘പ്രോട്ടക്ട് കൂട്ടായ്മയുടെ ഡയറക്ടർ മദലിന മൊക്കാൻ. ‘സ്ത്രീകളെയും കുട്ടികളെയുമാണ് മനുഷ്യക്കടത്തുകാർ ലക്ഷ്യമിടുന്നത്. യുദ്ധം ശക്തി പ്രാപിക്കുന്നതോടെ പലായനം ചെയ്യുന്നവരുടെ എണ്ണവും ചൂഷണത്തിനിരയാകുന്നവരുടെ എണ്ണവും കൂടുകയാണ്…’ മദലിന പറയുന്നു.


പക്ഷേ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നു കരുതി വരുന്നവര്‍ക്കു മുന്നിൽ അധികം വഴികളൊന്നുമില്ലെന്നതാണ് യാഥാർഥ്യം. സുരക്ഷിതമെന്നു തോന്നുന്നത് തിരഞ്ഞെടുക്കുകയേയുള്ളൂ വഴി. യൂറോപ്പിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും തേടിയാണ് ഭൂരിപക്ഷം പേരും എത്തുന്നത്. അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്ന വാഗ്ദനാവുമായി സമീപിക്കുന്നവരെ വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ല. ‘യുദ്ധത്തിന്റെ ഭീതിയും സമ്മർദവും ട്രോമയും ആശയക്കുഴപ്പവുമെല്ലാം നിറഞ്ഞ മനസ്സുമായാണ് ഓരോ അഭയാർഥിയും യുക്രെയ്ൻ വിടുന്നത്. അവർക്ക് ഉചിതമായ തീരുമാനമെടുക്കാൻ പോലും പലപ്പോഴുമാവില്ല…’ മനുഷ്യക്കടത്തിനു വിധേയരായവര്‍ക്ക് കൗൺസലിങ് നൽകുന്ന റുമേനിയൻ സൈക്കോളജിസ്റ്റ് ക്രിസ്റ്റിന മിൻകുലേസ്ക്യു പറയുന്നു. ഇരുട്ടിൽ വഴിതേടി ഉഴലുന്നവർക്ക് ഒരു മെഴുകുതിരി വെട്ടം പോലും ആശ്വാസമാണ്, ആ മെഴുകുതിരി ആരുടെ കയ്യിലാണെന്നോ, അയാൾ എത്തരക്കാരനാണെന്നോ ഒക്കെ അവരെങ്ങനെ അറിയാനാണ്! സഹായിക്കാൻ മുൻകയ്യെടുക്കേണ്ട അധികൃതരും കൈമലർത്തിയാൽ അവരെന്തു ചെയ്യാനാണ്?

കൈപിടിക്കാനുമുണ്ട് നന്മ മനസ്സുകള്‍…

റുമേനിയയിലെ സിറെത്തിൽ ഇതിനോടകം ദേശീയ ഏജൻസിയുമായി ചേർന്ന് മനുഷ്യക്കടത്തിനെതിരെ പ്രതിരോധ പ്രവർത്തനം ആരംഭിച്ചതും ഈ സാഹചര്യത്തിലാണ്. അതിർത്തിയിൽനിന്ന് പുറപ്പെടുന്ന ഓരോ വാഹനവും പരിശോധിക്കപ്പെടും. പലരും ഫെയ്സ്ബുക് ഗ്രൂപ്പുകളും തയാറാക്കിയിട്ടുണ്ട്. അതിൽ സഹായം വാഗ്ദാനം ചെയ്യുന്നവരുടെ ഫോട്ടോകളും വിലാസവും മറ്റു വിവരങ്ങളും ശേഖരിച്ചു മാത്രമേ അഭയാർഥികളെ ഒപ്പം വിടൂ. ഇതിനു പൊലീസും സഹായിക്കുന്നുണ്ട്.


പോളണ്ടിലെ മെദിക അതിർത്തി പ്രദേശത്ത് ഫ്രഞ്ച് ഫോറിൻ ലീജ്യൻ സുരക്ഷാ സംഘത്തിലെ മുൻ അംഗങ്ങള്‍ വരെ സഹായവുമായി രംഗത്തുണ്ട്. അഭയാർഥികളെ സഹായിക്കുന്നതിനൊപ്പം മനുഷ്യക്കടത്തുകാരെ പിടികൂടാനും ഇവർ സഹായിക്കും. ഒരു കൂട്ടം യുക്രെയ്ൻ യുവതികളെ വാനിൽ കയറ്റി കടത്താൻ ശ്രമിച്ച മൂന്നു പേരെ തക്ക സമയത്ത് ഇടപെട്ട് രക്ഷിക്കാനായ അനുഭവവും ഇവർ വിവരിക്കുന്നു. ‘ഡ്രൈവർക്കൊപ്പം സെൽഫിയെടുക്കൂ’ എന്നൊരു ക്യാംപെയ്നും അധികൃതർ നടത്തുന്നുണ്ട്. സെൽഫിയെടുത്ത് അത് ഒരു ആപ്പിൽ അപ്‌ലോഡ് ചെയ്യണം. സെൽഫി എടുക്കാൻ അനുവദിക്കാത്തവര്‍ക്കൊപ്പം ഒരു കാരണവശാലും പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തുർക്കിയിലേക്കും മെക്സിക്കോയിലേക്കും വിമാന ടിക്കറ്റ് വരെ ഓഫർ ചെയ്താണ് ചിലർ രംഗത്തുള്ളത്. കുട്ടികളുടെ പ്രായം പറഞ്ഞ്, ആ പ്രായക്കാരെ മാത്രം ‘സഹായിക്കാനായി’ വരുന്നവരുമുണ്ട്. ജർമയിൽ ബെർലിനിലെ പ്രധാന റെയിൽവേ സ്റ്റേഷനു സമീപം ജർമൻ, യുക്രേനിയൻ, റഷ്യൻ, ഇംഗ്ലിഷ് ഭാഷകളിലുള്ള മുന്നറിയിപ്പു നോട്ടിസുകൾ കാണാം. അപരിചിതർ വാഗ്ദാനം ചെയ്യുന്ന പണമോ താമസസ്ഥലമോ അഭയാർഥികൾ സ്വീകരിക്കരുതെന്ന അറിയിപ്പാണത്. നിർബന്ധിത വേശ്യാവൃത്തിക്കും മനുഷ്യക്കടത്തിനും ഇരയാകാൻ സാധ്യതയുള്ളതിനാലാണ് ഇതെന്നും സിറ്റി അധികൃതർ പറയുന്നു.


ഒറ്റയ്ക്കു സഞ്ചരിക്കുന്ന പെൺകുട്ടികൾ യാതൊരു കാരണവശാലും അപരിചിതരുടെ സഹായം തേടരുതെന്നും പറയുന്നു. മാർച്ച് ആദ്യവാരത്തിൽ യുക്രെയ്നിൽനിന്ന് അഭയാർഥികൾ എത്തിയപ്പോൾ അവരെ കാത്ത് ഒട്ടേറെ ജർമൻ നിവാസികളുണ്ടായിരുന്നു. പലരും അവർക്കൊപ്പം പോയി. ജർമനിയിൽ ഇതുവരെ മൂന്നു ലക്ഷത്തോളം പ്രാദേശിക കുടുംബങ്ങളിൽ അഭയാർഥികൾ താമസിക്കുന്നുണ്ട്. തുടക്കത്തിൽ ഇതിൽ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ നേരിട്ടു കൊണ്ടു പോകാനാകില്ല. പകരം സർക്കാർ വെബ്സൈറ്റിൽ വീട്ടിലെ വിവരങ്ങൾ റജിസ്റ്റർ ചെയ്യണം. അതിനു ശേഷം അഭയാർഥികളെ കൊണ്ടു പോകാം.

അഭയാർഥിയായി കൊണ്ടുപോയ പതിനെട്ടുകാരിയെ ഡിസൽഡോഫിലെ ഒരു കപ്പലില്‍ വച്ച് രണ്ടു പേർ ബലാത്സംഗം ചെയ്ത വാർത്തയും ജർമനിയെ ഞെട്ടിച്ചിരുന്നു. മാർച്ച് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റ് അഭയാർഥികൾക്കൊപ്പം ഒരു ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള യാത്രാക്കപ്പലിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇറാഖ്, നൈജീരിയ സ്വദേശികളാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇവർക്ക് യുക്രെയ്ൻ പൗരത്വവുമുണ്ടായിരുന്നു. പ്രതികളെ പൊലീസ് പിടികൂടി. ഇത്തരം സാഹചര്യത്തിൽ, ജർമനിയിൽ അഭയാർഥികളായെത്തുന്ന വിവിധ ഭാഷക്കാർക്കായി ആ ഭാഷ അറിയാവുന്ന വൊളന്റിയർമാരെയും വിവിധ ഇടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.

2015ൽ മധ്യപൗരസ്ത്യ ദേശത്തെ സംഘർഷക്കാലത്ത് യൂറോപ്പിലേക്കുണ്ടായ പലായനത്തിനു സമാനമാണ് ഇപ്പോഴത്തേതെന്നും ജർമനി പറയുന്നു. യുദ്ധം അവസാനിച്ചാലും, തച്ചുതകർക്കപ്പെട്ട യുക്രെയ്നിലേക്ക് ഇനിയെന്നു തിരികെപ്പോകാനാകുമെന്നു പോലും അറിയില്ല അഭയാർഥികൾക്ക്. അതിനാൽത്തന്നെ ദീർഘകാലാടിസ്ഥാനത്തിൽ ഇവർക്കായി താമസസ്ഥലവും ജോലിയും ധനസമ്പാദനത്തിനുള്ള വഴികളും ഉൾപ്പെടെ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. അതിനായുള്ള ചർച്ചകളും യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സംഘടനയും നടത്തുന്നുണ്ട്. ചർച്ചകളായി മാത്രം അത് അവസാനിക്കല്ലേയെന്ന പ്രാർഥനകളോടെ ഓരോ അഭയാർഥികളും അപ്പോഴും അതിർത്തികൾ താണ്ടുകയാണ്, ആർത്തി പിടിച്ച കണ്ണുകളിൽപ്പെടാതെ..തളരാതെ…

LEAVE A REPLY

Please enter your comment!
Please enter your name here