റഷ്യയുടെ  ഉക്രൈന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി

0

റഷ്യയുടെ  ഉക്രൈന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി (44). യുദ്ധം ആരംഭിച്ച ശേഷം റഷ്യ തനിക്ക് നേരെ കഴിഞ്ഞയാഴ്ച നടത്തിയ മൂന്ന് കൊലപാതക ശ്രമങ്ങളെ അതിജീവിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍ കെജിബി ഉദ്യോഗസ്ഥനായ വ്ളാദിമിര്‍ പുടിന്‍ സെലെന്‍സ്കിയെ വധിക്കാനായി പ്രത്യേക സംഘത്തെ അയച്ചെന്ന് നേരത്തെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ റഷ്യയുടെ പ്രത്യേക ഏജന്മാര്‍ തന്നെ വധിക്കാനായി ഉക്രൈനിലെത്തിയെന്ന് സെലെന്‍സ്കിയും ആരോപിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമെന്നും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ആഴ്ച റഷ്യയുടെ ഏജന്‍റുമാര്‍ തനിക്കെതിരെ മൂന്ന് കൊലപാതക ശ്രമം നടത്തിയെന്നും എന്നാല്‍ ഉക്രൈന്‍റെ സുരക്ഷാ ഭടന്മാര്‍ ഈ നീക്കങ്ങള്‍ പരാജയപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചത്. 

റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസിലെ (എഫ്എസ്ബി) കൊലയാളി സംഘത്തെ ഉക്രൈന്‍റെ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയെന്നും ടൈംസ് റിപ്പോർട്ട് ചെയ്തു. മോസ്കോയുടെ പിന്തുണയുള്ള വാഗ്നർ ഗ്രൂപ്പിലെയും ചെചെൻ പ്രത്യേക സേനയിലെയും കൂലിപ്പടയാളികളെയാണ് ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയെ കൊല്ലാനായി പുടിന്‍ അയച്ചതെന്നും ആരോപണമുയര്‍ന്നു.  

ഉക്രൈൻ ദേശീയ സുരക്ഷയുടെയും പ്രതിരോധത്തിന്‍റെയും സെക്രട്ടറി മൂന്ന് കൊലപാതക ശ്രമങ്ങളും ഔദ്ധ്യോഗികമായി സ്ഥിരീകരിച്ചു. ഉക്രൈനികളെ വംശഹത്യ ചെയ്യുന്ന ‘രക്തരൂക്ഷിതമായ ഈ യുദ്ധത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത’ ഇരട്ട ഏജന്‍റുമാരിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം  പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

44 കാരനായ സെലെൻസ്‌കിയെ കൊല്ലാൻ ശ്രമിച്ച ഗ്രൂപ്പുകളിലൊന്ന് വാഗ്‌നർ ഗ്രൂപ്പാണ് . 400 അംഗങ്ങളുള്ള ഈ ഗ്രൂപ്പ്  ഇപ്പോള്‍ കീവിലാണെന്നും  വാര്‍ത്തകള്‍ പറയുന്നു. 24 പേരുകളടങ്ങിയ ‘കിൽ ലിസ്റ്റ്’ (kill list)മായാണ് ഈ കൊലയാളി ഗ്രൂപ്പ് കീവിലെത്തിയത്. 

ശ്രമം വിജയമായിരുന്നെങ്കിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് തന്‍റെ പങ്കാളിത്തം നിഷേധിക്കാൻ കഴിയുമായിരുന്നുവെന്നും വാര്‍ത്ത അവകാശപ്പെട്ടു. “അവർ വളരെ ഉന്നതമായ ഒരു ദൗത്യവുമായാണ് അവിടെ പോകുന്നത്, റഷ്യക്കാർ നിഷേധിക്കാൻ ആഗ്രഹിക്കുന്ന ഒന്ന്.  ഒരു രാഷ്ട്രത്തലവന്‍റെ ശിരഛേദം ഒരു വലിയ ദൗത്യമാണ്.” തങ്ങളുടെ വിവരദായകന്‍ പറഞ്ഞതായി ടൈംസിനോട് റിപ്പോര്‍ട്ട് ചെയ്തു. 

റഷ്യൻ പരമാധികാര നയത്തെ സ്വാധീനിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ, ഇത് ഒരുപക്ഷേ അവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ദൗത്യമായിരിക്കും. അത് യുദ്ധത്തിൽ വലിയ സ്വാധീനം ചെലുത്തും.’ ‘പുടിന്‍റെ ഷെഫ്’  എന്ന് വിളിക്കപ്പെടുന്ന റഷ്യൻ പ്രസിഡന്‍റിന്‍റെ അടുത്ത സുഹൃത്തായ യെവ്ജെനി പ്രിഗോജിൻ നടത്തുന്ന ആർമി ഫോർ ഹയർ അഞ്ചാഴ്ച മുമ്പ് ഈ ദൗത്യത്തിനായി ഒരു വലിയ തുക വാഗ്ദാനം ചെയ്തെന്നും വാര്‍ത്ത പറയുന്നു. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഉയർന്ന പരിശീലനം ലഭിച്ച പ്രവർത്തകർ റഷ്യയില്‍ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് പറയപ്പെടുന്നു. അവരുടെ ഹിറ്റ് ലിസ്റ്റില്‍ ഉക്രൈന്‍ പ്രസിഡന്‍റും മുഴുവൻ കാബിനറ്റ് അംഗങ്ങളും, കീവ് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ , അദ്ദേഹത്തിന്‍റെ സഹോദരൻ വ്‌ളാഡിമിർ എന്നിവരും ഉൾപ്പെടുന്നു. 

ഈ സംഘത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ ഉക്രൈന്‍ പ്രതിരോധത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വില പിടിപ്പുള്ളവര്‍ മാറ്റാരുമില്ല. റഷ്യയുടെ ഹിറ്റ് ലിസ്റ്റിലുള്ളവരെല്ലാം ഇന്ന് ഉക്രൈന്‍റെ ദേശീയ ഹീറോകളാണ്. വാഗ്‌നർ ഗ്രൂപ്പ് കീവിലെത്തിയെന്ന വിവരം പുറത്തായതിന് പിന്നാലെ 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടു. 

അ‍ജ്ഞാതരായ ആരെ കണ്ടാലും വെടിവയ്ക്കാനായിരുന്നു ഈ സമയം ഉക്രൈന്‍ സൈന്യത്തിന് ലഭിച്ച ഉത്തരവ്. കർഫ്യൂ സമയത്ത് പുറത്ത് കാണപ്പെട്ടാൽ ‘ലിക്വിഡേറ്റ്’ ആകാൻ സാധ്യതയുണ്ടെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അവർ ശത്രുക്കളാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്.

വാഗ്നര്‍ ഗ്രൂപ്പില്‍ ഏതാണ്ട് 2,000 നും 4,000 നും ഇടയിൽ കൂലിപ്പടയാളികളാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം തന്നെ ജനുവരി മുതല്‍ ഉക്രൈനിലെത്തിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും പല ദൗത്യങ്ങളാണ്  നല്‍കിയിരുന്നത്. ഇതില്‍ ചില സംഘങ്ങള്‍ക്കാണ് സെലെന്‍സ്കിയെ കൊലപ്പെടുത്താനുള്ള ദൗത്യം ലഭിച്ചത്. ഇവര്‍ സെലെന്‍സ്കിയെയും സംഘത്തെയും മൊബൈല്‍ വഴി ട്രാക്ക് ചെയ്യുകയാണ്. 

രണ്ട് ഡെത്ത് സ്ക്വാഡുകളെ നേരിടുന്നതായി ദേശീയ സുരക്ഷയുടെയും പ്രതിരോധത്തിന്‍റെയും സെക്രട്ടറി അവകാശപ്പെട്ടതിന് ശേഷം മാർച്ച് 1 ന് ഒരു ചെചെൻ ഹിറ്റ് സ്ക്വാഡും  സെലെൻസ്‌കിയെ കൊല്ലാൻ ശ്രമിച്ചെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എഫ്എസ്എസും അവരുടെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്തു. 

റഷ്യയുടെ ദേശീയ ഗാർഡിന്റെ ഭാഗമാണ് ചെചെൻ ഗ്രൂപ്പ്. എന്നാല്‍ അതിക്രൂരമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പേരുകേട്ട കൊലയാളി സംഘമാണ് ഇവര്‍. റഷ്യയിലെ തന്‍റെ എതിരാളികളെ ഇല്ലാതാക്കാന്‍ പുടിന്‍ പലപ്പോഴും ഉപയോഗിക്കുന്നത് ഇത്തരം കൊലയാളി സംഘങ്ങളെയാണ്. 

റഷ്യൻ പ്രത്യേക സേന തന്നെ വേട്ടയാടുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ സെലെന്‍സ്കി അവകാശപ്പെട്ടിരുന്നു. റഷ്യയുടെ നമ്പര്‍ വണ്‍ ലക്ഷ്യം താനാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, സെലെൻസ്‌കി ഇത്തരം വാര്‍ത്തകളില്‍ ആശങ്കപ്പെടുന്നില്ല. 

മാതൃരാജ്യത്തിന് വേണ്ടി റഷ്യയ്ക്കെതിരെ യുദ്ധം ചെയ്ത് മരിക്കാനും തയ്യാറാണെന്ന് അദ്ദേഹം യുദ്ധത്തിന്‍റെ ആദ്യ ദിവസം തന്നെ ജനങ്ങളോട് പറഞ്ഞിരുന്നു. ഈയൊരു വീഡിയോയോടെ സെലെന്‍സ്കിയുടെ ജനപ്രീതി 90 ശതമാനമായാണ് ഉയര്‍ന്നത്. 

2019 ല്‍ 73 ശതമാനം വോട്ടോടെയാണ് സെലെന്‍സ്കി ഉക്രൈന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, സെലെന്‍സ്കി ഉക്രൈനികളെ തടവില്‍ വച്ചിരിക്കുകയാണെന്ന് പുടന്‍ ആരോപിച്ചു. ഉക്രൈന്‍ കീഴടക്കിയ റഷ്യന്‍ സൈനികരും ഇത് ശരിവെക്കുന്നു. 

റഷ്യന്‍ സൈന്യം ഉക്രൈനിലെത്തിയാല്‍ ജനങ്ങള്‍ പൂച്ചെണ്ട് നല്‍കി തങ്ങളെ സ്വീകരിക്കുമെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും യുദ്ധത്തെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെന്നും പിടിയിലായ റഷ്യന്‍ സൈനികരും പറയുന്നു. 

സെലെന്‍സ്കിയെ വധിക്കാനായി റഷ്യ കൊലയാളി സംഘങ്ങളെ അയച്ചെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത വന്നതിന് പുറകെ ഉക്രൈനില്‍ നിന്ന് പുറത്ത് കടക്കാന്‍ തങ്ങള്‍ സഹായിക്കാമെന്ന് അദ്ദേഹത്തോട് യുഎസ് പറഞ്ഞു. എന്നാലീ വാഗ്ദാനം സെലെന്‍സ്കി നിഷേധിച്ചു. 

അദ്ദേഹം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോട് പറഞ്ഞു: ‘എനിക്ക് വെടിമരുന്നാണ് വേണ്ടത്, ഒരു സവാരിയല്ല.’ തന്‍റെ രാജ്യത്തെ പൗരന്മാര്‍ ബോംബുവര്‍ഷത്തിനിടെ നില്‍ക്കുമ്പോള്‍ തനിക്ക് രാജ്യം വിടാന്‍ പറ്റില്ലെന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. സെലെന്‍സ്കിയുടെ ഈ വാക്കുകളാണ് ഒമ്പത് ദിവസം റഷ്യ നിരന്തരം ബോംബ് വര്‍ഷിച്ചിട്ടും കീഴടങ്ങാത്ത ഉക്രൈന്‍ എന്ന രാജ്യത്തിന്‍റെ ചെറുത്ത് നില്‍പ്പിന്‍റെ അടിസ്ഥാനവും. 

അതിനിടെ തന്‍റെ കുടുംബത്തെ മുഴുവനും അണുവായുധം പ്രയോഗിച്ചാല്‍ ഏശാത്ത അത്രയും സുരക്ഷയുള്ള ബങ്കറിലേക്ക് മാറ്റിയ ശേഷമാണ് പുടിന്‍ യുദ്ധപ്രഖ്യാപനം നടത്തിയതെന്ന വാര്‍ത്തകളാണ് റഷ്യയില്‍ നിന്നും വരുന്നത്. 

റഷ്യയുടെ വാഗ്നർ ഗ്രൂപ്പ് ആഫ്രിക്കയിലും സിറിയയിലുൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളം രഹസ്യ ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. റഷ്യൻ ടാങ്കുകളെ തലസ്ഥാനത്തേക്ക് നയിച്ചത് വാഗ്നര്‍ ഗ്രൂപ്പുകളാണെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. 

അത് പോലെ തന്നെ റഷ്യയുടെ കരസൈന്യം ഉക്രൈനില്‍ അടിക്കടി പരാജയം ഏറ്റുവാങ്ങിയപ്പോള്‍, വായു സേനയ്ക്ക് ബോംബിങ്ങ് നടത്താനുള്ള കെട്ടിടങ്ങളില്‍ ചുവന്ന ചിഹ്നങ്ങള്‍ വരച്ചത് ഇത്തരം കൊലയാളി സംഘങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘അവ വളരെ ഫലപ്രദമാണ്, കാരണം അവയ്ക്ക് നിഴലിൽ നിന്ന് പ്രത്യക്ഷപ്പെടാനും അക്രമാസക്തമായ കാര്യങ്ങൾ ചെയ്യാനും കഴിയും. ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാകാതെ അവര്‍ വീണ്ടും അപ്രത്യക്ഷമാകുന്നു. അവർക്ക് റഷ്യൻ സർക്കാരുമായി നേരിട്ട് ബന്ധമില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇത്തരം കൊലയാളി സംഘങ്ങളുടെ സാന്നിധ്യത്തെ നിഷേധിക്കാനും സാധിക്കുന്നു.’ ഉക്രൈന്‍ ജോയിന്‍റ് ഫോഴ്‌സ് കമാൻഡിന്‍റെ മുൻ കമാൻഡർ ജനറൽ സർ റിച്ചാർഡ് ബാരൺസ് പറഞ്ഞു. 

 
അതിനാൽ അവ നിഷേധിക്കാവുന്നതാണ്.’എന്നാല്‍, റഷ്യൻ സൈന്യത്തിന് ഉത്തരവ് നല്‍കുന്നതിനും വളരെ മുമ്പുതന്നെ, ഡിസംബറിൽ പുടിന്‍റെ ഉക്രൈന്‍ അക്രമ പദ്ധതികളെ കുറിച്ച് ഇത്തരം മിലീഷ്യകള്‍ക്ക് വിവരമുണ്ടായിരുന്നുവെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 
 

Leave a Reply