ഇന്ത്യൻ മുൻ താരം സുരേഷ് റെയ്ന ഐപിഎല്ലിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ സീസണിൽ താരത്തെ ഒരു ടീമിലും ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് കമൻ്ററിയിലേക്ക് തിരിഞ്ഞ താരം കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതോടെ റെയ്ന ഐപിഎല്ലിൽ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതിനെയൊക്കെ തള്ളിക്കൊണ്ടാണ് റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം വന്നിരിക്കുന്നത്.
തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റെയ്ന വിരമിക്കൽ പ്രഖ്യാപിച്ചത്. ബിസിസിഐ, ഉത്തർ പ്രദേശ് ക്രിക്കറ്റ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയവർക്ക് റെയ്ന നന്ദി അറിയിച്ചു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ടി-20 ലീഗുകളിൽ താരം കളിക്കും. വരുന്ന ആഭ്യന്തര സീസണിൽ ഉത്തർ പ്രദേശിനു വേണ്ടിയും റെയ്ന കളിക്കില്ല.