വ്യവസായ സാങ്കേതിക മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യ-യുഎഇ കരാർ

0

വൈശാഖ് നെടുമല

ദുബായ്: സഹകരണ മേഖലകൾ കൂടുതൽ ശക്തമാക്കി ഇന്ത്യയും യുഎഇയും. ഇതോടനുബന്ധിച്ച് നിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എഇയും ഒപ്പ് വെച്ചു.

എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സുസ്ഥിരതയിലൂന്നിയുള്ള വ്യവസായ വികസനത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പരസ്പര സഹകരണം ഉറപ്പ് വരുത്താൻ ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ – ഇന്ത്യ ഹൈ-ലെവൽ ജോയിന്റ് ടാസ്ക് ഫോഴ്സ് ഓൺ ഇൻവെസ്റ്റ്മെന്റ്സിന്റെ പതിനൊന്നാം യോഗത്തിന്റെ ഭാഗമായി ഒപ്പ് വെച്ച ഈ ധാരണാപത്രം ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) നയങ്ങളുടെ തുടർച്ചയാണ്.
യുഎഇ മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി ഡോ. സുൽത്താൻ ബിൻ അഹ്‌മദ്‌ അൽ ജാബിർ, ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ എന്നിവരാണ് ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പ് വെച്ചത്.

വ്യവസായ മേഖലകളിലെ നിക്ഷേപം, സാങ്കേതികവിദ്യകളുടെ കൈമാറ്റം, വ്യവസായ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളുടെ നടപ്പിലാക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് ഈ ധാരണാപത്രം പ്രധാനമായി ശ്രദ്ധ ചെലുത്തുന്നത്.
വ്യവസായ, സാങ്കേതിക മേഖലകളിൽ ഒത്ത് ചേർന്നുള്ള അഭിവൃദ്ധി നേടുന്നതിന് ഈ ധാരണാപത്രം ഇരുരാജ്യങ്ങൾക്കും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here