യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം: മൂന്നുപേര്‍ അറസ്‌റ്റില്‍

0


വടക്കാഞ്ചേരി: ബംഗളുരുവില്‍നിന്നു മുണ്ടക്കയം സ്വദേശിയെ തട്ടിക്കൊണ്ടുവന്ന്‌ തടങ്കലിലാക്കി മര്‍ദിച്ച്‌ ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയ മൂന്നംഗ സംഘം പോലീസ്‌ പിടിയില്‍. കല്ലമ്പാറയിലെ ഒഴിഞ്ഞവീട്ടില്‍ മര്‍ദനദൃശ്യങ്ങള്‍ പകര്‍ത്തി ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക്‌ അയച്ചുകൊടുത്ത്‌ മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നു.
പനങ്ങാട്ടുകര കോണിപറമ്പില്‍ വീട്‌ സുമേഷ്‌ (29), തെക്കുംകര ചെമ്പ്രാങ്ങോട്ടില്‍ അടങ്ങളം നിജു (42), തെക്കുംകര ഞാറശേരി വളപ്പില്‍ വീട്‌ സോംജിത്ത്‌ (25) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
പനങ്ങാട്ടുകര സ്വദേശിയും മയക്കുമരുന്ന്‌, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയുമായ സുമേഷിനെ മയക്കമരുന്ന്‌ ഇടപാടുമായി ബന്ധപെട്ട്‌ ചോദ്യംചെയ്യാന്‍ ബംഗളുരു പോലീസിനു ഒറ്റിക്കൊടുത്തുവെന്ന വിരോധത്തിലാണ്‌ അക്രമം. മുണ്ടക്കയം സ്വദേശി ഉണ്ണി സുരേഷിനെയാണ്‌ തട്ടിക്കൊണ്ടുവന്നത്‌.
കോട്ടയം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ എം.ഡി.എം.എ. ഉള്‍പ്പെടെ ലഹരി വസ്‌തുക്കള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണു പ്രതികളെന്ന്‌ പോലീസ്‌ അറിയിച്ചു. ഒഴിഞ്ഞ വീട്ടില്‍ രണ്ടു ദിവസത്തോളം തടങ്കലില്‍ വച്ചു.
പണം കിട്ടിയശേഷം തൃശൂരില്‍നിന്നും ബംഗളുരുവിലേക്കു പോകും വഴി കോയമ്പത്തൂരില്‍വച്ച്‌ സംഘത്തില്‍നിന്നു രക്ഷപ്പെട്ട ഉണ്ണിസുരേഷ്‌ നട്ടെല്ലിന്‌ ഗുരുതരമായി പരുക്കേറ്റ്‌ കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്നു.
പ്രതിയായ സുമേഷ്‌ വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍നിന്നും മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തില്‍ കഴിഞ്ഞുവരവെയാണു സമാനരീതിയില്‍ പ്രതിയായി ജയിലിലാകുന്നത്‌. അക്രമികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ഇവരുമായി ബന്ധപ്പെട്ടു മയക്കു മരുന്ന്‌ കച്ചവടം നടത്തുന്നവരുടെ വിവരങ്ങള്‍ പോലീസ്‌ ശേഖരിച്ചു. ഇന്‍സ്‌പെക്‌ടര്‍ എസ്‌.എച്ച്‌.ഒ: കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ആനന്ദ്‌, സാബു തോമസ്‌, എ.എസ്‌.ഐ: രാജകുമാരന്‍, സി.പി.ഒമാരായ മനു, അനുരാജ്‌, വിജീഷ്‌ എന്നിവരുമുണ്ടായി

LEAVE A REPLY

Please enter your comment!
Please enter your name here