ഇഗാ റാണി , ജോക്കോ – റൂഡ്‌ പോരാട്ടം ഇന്ന്‌

0

പാരീസ്‌: ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സ്‌ കിരീടം ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗ സ്വിയാടെക്‌ നിലനിര്‍ത്തി. ചെക്ക്‌ റിപ്പബ്ലിക്കിന്റെ കാരോലിന മുചോവയെ തോല്‍പ്പിച്ചാണ്‌ ഇഗ കിരീടം നേടിയത്‌. സ്‌കോര്‍: 6-2, 5-7, 6-4.
ഏഴു തവണ ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടം നേടിയ ക്രിസ്‌ എവര്‍ട്ടാണ്‌ ഇഗയ്‌ക്കു കിരീടം കൈമാറിയത്‌. പോളണ്ട്‌ താരത്തിന്റെ കരിയറിലെ മൂന്നാം ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടമാണിത്‌. ഒരുവട്ടം യു.എസ്‌. ഓപ്പണും നേടി. ബ്രസീലിലെ ബിയാട്രീസ്‌ ഹദാദ്‌ മൈയയെ തോല്‍പ്പിച്ചാണു സ്വിയാടെക്‌ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ കടന്നത്‌. സ്‌കോര്‍: 6-2, 7-6 (9/7). ബെലാറസിന്റെ ടോപ്‌ സീഡ്‌ ആര്യാന സബാലങ്കയുടെ പോരാട്ടം അവസാനിപ്പിച്ചാണു മുചോവ ഫൈനലില്‍ കടന്നത്‌. സ്‌കോര്‍: 7-6 (7/5), 6-7 ( 5/7), 7-5.
ക്രിസ്‌റ്റീന ബുസ്‌കയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചു തുടങ്ങിയ ഇഗ തുടക്കം മുതല്‍ തന്നെ മികച്ച ഫോമിലാണ്‌. ക്ലയര്‍ ലിയുവിനെയും നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തു മൂന്നാം റൗണ്ടിലെത്തി. വാങ്‌ സിന്‍യുവിനെയും നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ക്കാന്‍ ഇഗയ്‌ക്കായി. നാലാം റൗണ്ടിലെ എതിരാളി യുക്രൈയിനിന്റെ ലീസ സുറെങ്കോ അസുഖം മൂലം പിന്മാറിയതിനാല്‍ നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ യു.എസിന്റെ കിരീട പ്രതീക്ഷ കോകോ ഗൗഫിനെയും നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചു. ഹദാദ്‌ മൈയയോടാണു ചെറുത്തു നില്‍പ്പ്‌ നേരിടേണ്ടി വന്നത്‌. ഫൈനലില്‍ ഇഗ ഒന്നാം സെറ്റ്‌ അനായാസം നേടി. രണ്ടാം സെറ്റില്‍ മുചോവ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഇഗ വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും മുചോവ രണ്ടാം സെറ്റ്‌ സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം സെറ്റിലും തീപാറും പോരാട്ടമായി. തുടക്കത്തില്‍ മികവ്‌ കാണിച്ചെങ്കിലും കന്നി ഗ്രാന്‍സ്ലാം ഫൈനലിന്റെ സമ്മര്‍ദം മുചോവയ്‌ക്കു തിരിച്ചടിയായി. പുരുഷ സിംഗിള്‍സില്‍ ഇന്നു നടക്കുന്ന ഫൈനലില്‍ സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ നോവാക്‌ ജോക്കോവിച്ചും നോര്‍വേയുടെ കാസ്‌പര്‍ റൂഡും ഏറ്റുമുട്ടും. ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ്‌ അല്‍കാറസിനെ തോല്‍പ്പിച്ചാണു ജോക്കോയുടെ മുന്നേറ്റം. സ്‌കോര്‍: 3-6, 7-5, 1-6, 1-6. 23-ാം ഗ്രാന്‍സ്ലാം കിരീടമാണു ജോക്കോയുടെ ലക്ഷ്യം.
ഏഴാം തവണയാണു ജോക്കോ ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്‌. മത്സരത്തിനിടെ പരുക്കേറ്റതാണ്‌ അല്‍കാറസിനു വിനയായത്‌. മത്സരം രണ്ട്‌ മണിക്കൂര്‍ നീണ്ടു. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെയാണു റൂഡ്‌ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-3, 6-4, 6-0. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ കാസ്‌പര്‍ റൂഡ്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്‌്. നാലാം സീഡായ നോര്‍വീജിയന്‍ താരം 22 സീഡ്‌ ആയ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു തോല്‍പ്പിച്ചത്‌. 24 വയസുകാരനായ താരം മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. ഒന്നാം സെറ്റ്‌ 6-3 നും രണ്ടാം സെറ്റ്‌ 6-4 നും നേടിയ റൂഡ്‌ മൂന്നാം സെറ്റില്‍ ഒരു ഗെയിം പോലും നഷ്‌ടപ്പെടുത്തിയില്ല. മത്സരത്തില്‍ ആറു തവണ ജര്‍മന്‍ താരത്തിന്റെ സര്‍വീസ്‌ ഭേദിച്ച റൂഡ്‌ ഒരുതവണ മാത്രമാണു ബ്രേക്ക്‌ വഴങ്ങിയത്‌. കഴിഞ്ഞ ഫൈനലില്‍ റാഫേല്‍ നദാലിനോടു തോറ്റ റൂഡ്‌ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണു ലക്ഷ്യം വയ്‌ക്കുന്നത്‌. ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ നോര്‍വേക്കാരനെന്ന റെക്കോഡും റൂഡിനു മുന്നിലുണ്ട്‌. റൂഡിനെതിരേ നടന്ന നാല്‌ മത്സരങ്ങളും ജയിച്ച ആനുകൂല്യം ജോക്കോയ്‌ക്കുണ്ട്‌. 2022 ലെ എ.ടി.പി. ഫൈനലിലാണ്‌ ഇരുവരും അവസാനം ഏറ്റമുട്ടിയത്‌. മുന്‍തൂക്കം ജോക്കോയ്‌ക്കാണെങ്കിലും റൂഡിന്റെ പോരാട്ട വീര്യം കേള്‍വി കേട്ടതാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here