ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ക്രിക്കറ്റ്‌ ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലില്‍ ഇന്ത്യക്കു കടക്കാന്‍ റണ്‍ മല

0

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ക്രിക്കറ്റ്‌ ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലില്‍ ഇന്ത്യക്കു കടക്കാന്‍ റണ്‍ മല. 444 റണ്ണാണ്‌ ഇന്ത്യയുടെ വിജയ ലക്ഷ്യം. സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 469, രണ്ടാം ഇന്നിങ്‌സ് എട്ടിന്‌ 270 ഡിക്ലയേഡ്‌. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 269, രണ്ടാം ഇന്നിങ്‌സ് മൂന്നിന്‌ 164.
നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ അജിന്‍ക്യ രഹാനെ (59 പന്തില്‍ 20), വിരാട്‌ കോഹ്ലി (60 പന്തില്‍ 44) എന്നിവരാണു ക്രീസില്‍. ഒരു ദിവസവും ഏഴ്‌ വിക്കറ്റുകളും കൈയിലിരിക്കേ ഇന്ത്യക്ക്‌ ലക്ഷ്യത്തിലെത്താന്‍ 280 റണ്‍ കൂടി വേണം. രഹാനെയും കോഹ്ലിയും ചേര്‍ന്നു നാലാം വിക്കറ്റില്‍ ഇതുവരെ 71 റണ്ണെടുത്തു.
നായകനും ഓപ്പണറുമായ രോഹിത്‌ ശര്‍മ (60 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 43), ഓപ്പണര്‍ ശുഭ്‌മന്‍ ഗില്‍ (18), ചേതേശ്വര്‍ പൂജാര (47 പന്തില്‍ 27) എന്നിവരാണു പുറത്തായത്‌. ഗില്ലിനെ കാമറൂണ്‍ ഗ്രീനിന്റെ കൈയിലെത്തിച്ച്‌ സ്‌കോട്ട്‌ ബോലന്‍ഡാണ്‌ ആദ്യ വിക്കറ്റെടുത്തത്‌. രോഹിതും പൂജാരയും ചേര്‍ന്ന്‌ ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ടീം സ്‌കോര്‍ നൂറിലേക്ക്‌ അടുക്കാറായപ്പോള്‍ രോഹിത്‌ ശര്‍മയെ വിക്കറ്റിനു മുന്നില്‍ കുടുക്കി നഥാന്‍ ലിയോണ്‍ കൂട്ടുകെട്ട്‌ പൊളിച്ചു. അടുത്ത ഓവറില്‍ പൂജാരയെ വിക്കറ്റ്‌ കീപ്പര്‍ അലക്‌സ് കാരിയുടെ കൈയിലെത്തിച്ച്‌ ഓസീസ്‌ നായകന്‍ പാറ്റ്‌ കുമ്മിന്‍സ്‌ ഞെട്ടിച്ചു.
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ്‌ എട്ടിന്‌ 270 റണ്ണെന്ന ഡിക്ലയര്‍ ചെയ്‌തു. 66 റണ്ണെടുത്ത വിക്കറ്റ്‌ കീപ്പര്‍ അലക്‌സ്‌ കാരി പുറത്താകാതെനിന്നു. നാലിന്‌ 123 റണ്‍ എന്ന നിലയില്‍ നാലാം ദിവസം ബാറ്റിങ്‌ തുടങ്ങിയ ഓസീസിന്റെ തുടക്കം മോശമായി. സ്‌കോര്‍ 124-ല്‍ നില്‍ക്കേ മാര്‍നസ്‌ ലാബുഷാഗെയെ (126 പന്തില്‍ 41) ഓസീസിന്‌ നഷ്‌ടമായി. ലാബുഷാഗെയെ ഉമേഷ്‌ യാദവ്‌ പൂജാരയുടെ കൈയിലെത്തിച്ചു. പിന്നീട്‌ കാരി കാമറൂണ്‍ ഗ്രീനുമൊത്ത്‌ (95 പന്തില്‍ 25) ഓസീസിന്റെ ലീഡ്‌ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. ഈ കൂട്ടുകെട്ട്‌ സ്‌കോര്‍ 150 കടത്തി. 167 ല്‍ നില്‍ക്കേ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കി രവീന്ദ്ര ജഡേജ തിരിച്ചടിച്ചു.
മിച്ചല്‍ സ്‌റ്റാര്‍ക്കും (57 പന്തില്‍ 41) കാരിയും പിന്നീട്‌ കരുതലോടെ ബാറ്റേന്തി. ഉച്ചഭക്ഷണത്തിന്‌ പിരിയുമ്പോള്‍ ടീം സ്‌കോര്‍ ആറിന്‌ 201 റണ്ണെന്ന നിലയിലായിരുന്നു. ശേഷം കാരി അര്‍ധ സെഞ്ചുറിയും തികച്ചു. ഓസീസ്‌ ലീഡ്‌ വൈകാതെ 400 റണ്‍ കടന്നു. മിച്ചല്‍ സ്‌റ്റാര്‍ക്കിനെ കോഹ്ലിയുടെ കൈയിലെത്തിച്ചു മുഹമ്മദ്‌ ഷമി കൂട്ടുകെട്ട്‌ പൊളിച്ചു. പിന്നാലെയിറങ്ങിയ കുമ്മിന്‍സും (അഞ്ച്‌) വേഗത്തില്‍ മടങ്ങിയതോടെ ഓസ്‌ട്രേലിയ ഇന്നിങ്‌സ്‌ ഡിക്ലയര്‍ ചെയ്‌തു.
ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്ന്‌ വിക്കറ്റും മുഹമ്മദ്‌ ഷമി, ഉമേഷ്‌ യാദവ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റും മുഹമ്മദ്‌ സിറാജ്‌ ഒരു വിക്കറ്റുമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here