ബെയ്ജിങ്: 13 വയസ്സുകാരി മൊബൈൽഗെയിം കളിച്ചു അമ്മയുടെ അക്കൗണ്ടിൽ നിന്നും കളഞ്ഞത് നാലരലക്ഷം യുവാൻ. അതായത് ഏകദേശം 52 ലക്ഷം രൂപ. ചൈനയിലാണ് സംഭവം. മൊബൈൽ ഗെയിമുകളോട് ആസക്തി വർധിച്ച പെൺകുട്ടി തുടരെത്തുടരെ അമ്മയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഗെയിം കളിക്കുകയായിരുന്നു. ഓരോ തവണയും മൊബൈൽ ഗെയിം കളിച്ച ശേഷം ഇടപാടുകൾ സംബന്ധിച്ച ബാങ്ക് സന്ദേശങ്ങൾ മാതാവിന്റെ ഫോണിൽ നിന്ന് കുട്ടി ഡിലീറ്റ് ചെയ്തതിനാൽ പണം ചോരുന്നത് അമ്മ അറിഞ്ഞതുമില്ല.
അഞ്ചു മാസം കൊണ്ടാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇത്രയധികം പണം നഷ്ടപ്പെടുത്തിയത്. സ്കൂളിൽപോലും പെൺകുട്ടി അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട ടീച്ചർ മാതാവിനെ വിവരമറിയിച്ചു. അവർ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ അക്കൗണ്ട് കാലിയായിരുന്നു. വെറും അഞ്ച് രൂപയ്ക്കു തുല്യമായ തുക മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗ ആസക്തിയുള്ള രാജ്യമായാണ് വിവിധ സർവേകൾ ചൈനയെ വിലയിരുത്തുന്നത്.