ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി; രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർ മിനായിൽ എത്തി

0

വൈശാഖ് നെടുമല

മക്ക: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മങ്ങൾക്ക് ജൂൺ 26 ന് തുടക്കമായി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള ഏതാണ്ട് 2 ദശലക്ഷത്തോളം തീർത്ഥാടകർ ഇതിന്റെ ഭാഗമായി മിനാ നഗരത്തിൽ ഒത്ത് ചേർന്നു.

കോവിഡിനു ശേഷം പൂർണ്ണ ശേഷിയിൽ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഹജ്ജ് തീർത്ഥാടനം എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ ഹജ്ജിനുള്ളത്. ജൂൺ 25 വരെയുള്ള ദിനങ്ങളിൽ മക്കയിലെത്തി ചേർന്ന തീർത്ഥാടകർ ഞായറാഴ്ച വൈകീട്ടോടെ മിനായിലേക്ക് തിരിക്കുകയായിരുന്നു. ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശങ്കകളൊന്നും തന്നെ നിലനിൽക്കുന്നില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലി സ്ഥിരീകരിച്ചിട്ടുണ്ട്.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക സംയുക്ത ഹജ്ജ് പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആശങ്കകൾക്കിട നൽകുന്ന പകർച്ചവ്യാധികളോ, മറ്റു രോഗങ്ങളോ ഇവർക്കിടയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here