സുഡാനിൽ ആഭ്യന്തരയുദ്ധം ആറാംദിവസത്തിലേക്ക്; മരണം 300 കടന്നു

0


ഖാർത്തൂം: സുഡാനിൽ ആഭ്യന്തര യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നു. നൂറു കണക്കിന് ആളുകൾ മരിച്ചു വീണിട്ടും തെരിവുകൾ ചോരക്കളമായിട്ടും ഇരു സേനാംഗങ്ങളും ഏറ്റുമുട്ടൽ തുടരുകയാണ്. പോരാട്ടത്തിന് അയവുണ്ടാകില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്. അധികാര വടംവലിയിൽ വലിയ പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്.

തലസ്ഥാനമായ ഖാർത്തൂമിൽ വ്യാഴാഴ്ച ഇരുസൈന്യവും തമ്മിൽ ശക്തമായ വെടിവെപ്പുണ്ടായി. നിരവധി സ്‌ഫോടനങ്ങളാണ് ഇന്നലെയും ഉണ്ടായത് . ഒട്ടേറെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റി. 50 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഖാർത്തൂമിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ രക്തച്ചൊരിച്ചിലാണ് നടന്നത്. ഭക്ഷണം, വെള്ളം, വൈദ്യുതി, അവശ്യമരുന്നുകൾ എന്നിവ ലഭിക്കാതെ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ആയിരങ്ങളാണ് ഖാർത്തൂമിൽനിന്ന് പലായനം ചെയ്യുന്നത്. യന്ത്രത്തോക്കുകളേന്തിയ ആർ.എസ്.എഫിന്റെ കവചിതവാഹനങ്ങളും പിക്കപ്പ് ട്രക്കുകളുമാണ് നിരത്തുമുഴുവൻ. തെക്കൻ ഖാർത്തൂമിൽ വ്യാഴാഴ്ച പുലർച്ചെ ആർ.എസ്.എഫ്. ക്യാമ്പുകൾക്കുനേരെ സൈന്യം വ്യോമാക്രമണം നടത്തി. ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളം, സൈനിക ആസ്ഥാനം എന്നിവയ്ക്കു സമീപത്ത് ഇരുസേനകളും തമ്മിൽ കനത്ത വെടിവെപ്പുണ്ടായി.

സൈനികമേധാവി അബ്ദേൽ ഫത്താ അൽ-ബുർഹാനും അർധസൈനികവിഭാഗമായ ആർ.എസ്.എഫിന്റെ തലവൻ മുഹമ്മദ് ഹംദാൻ ഡഗാളോയും തമ്മിലുള്ള അധികാരവടംവലിയാണ് ഇരുസേനകളും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിൽ എത്തിച്ചത്. ബുധനാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം പൂർത്തീകരിക്കാൻ തങ്ങളുടെ സേനകൾ ശ്രമിച്ചതായി ആർ.എസ്.എഫ്. അവകാശപ്പെട്ടു. എന്നാൽ, പലയിടത്തും വെടിനിർത്തലുണ്ടായില്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഖാർത്തൂമിലെ 70 ശതമാനം ആശുപത്രികളും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ജീവൻരക്ഷാസഹായം ലഭ്യമാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പുനൽകി

LEAVE A REPLY

Please enter your comment!
Please enter your name here