വീട് നിർമ്മാണത്തിന്റെ മറവിൽ വൻതോതിൽ കുന്നിടിച്ച് മണ്ണു വിറ്റു; ഉടമയ്ക്ക് 16.01 ലക്ഷം പിഴ

0


തൊടുപുഴ: വീട് നിർമ്മാണത്തിന്റെ മറവിൽ വൻതോതിൽ കുന്നിടിച്ച് മണ്ണു വിറ്റയാൾക്ക് 16.01 ലക്ഷം രൂപയുടെ പിഴ. കോടിക്കുളം വാണിയക്കിഴക്കേൽ ജോസ് ജേക്കബിനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പിഴയടയ്ക്കാൻ നോട്ടീസ് നൽകിയത്. വീട് നിർമ്മാണത്തിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുവദിച്ച പാസിന്റെ മറവിൽ ഇയാൾ കുന്നിടിച്ച് വൻതോതിൽ മണ്ണെടുത്ത് വിൽപ്പന നടത്തുക ആയിരുന്നു. അനധികൃത മണ്ണ് ഖനനത്തിന് സംസ്ഥാനത്ത് ജിയോളജി വകുപ്പ് ചുമത്തിയ ഏറ്റവും ഉയർന്ന പിഴത്തുകയാണിത്.

കോടിക്കുളം വില്ലേജിൽ രണ്ട് സെന്റ് സ്ഥലത്ത് (0.00838 ഹെക്ടർ) വീട് നിർമ്മിക്കാനായി, 1862 ഘനമീറ്റർ മണ്ണ് നീക്കുന്നതിനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയത്. എന്നാൽ, ഈ അനുമതിയുടെ മറവിൽ 5980 ഘനമീറ്റർ മണ്ണാണ് ഇയാൾ കുന്നടിച്ച് കടത്തിയത്. അനുമതി വാങ്ങാത്ത സ്ഥലത്തുനിന്നും 5286 ഘനമീറ്റർ മണ്ണും നീക്കി. ഇത് വിറ്റെന്നും മൈനിങ് ആൻഡ് ജിയോളജിവകുപ്പ് കണ്ടെത്തി. ഈ മണ്ണുപയോഗിച്ച് വയൽ നികത്തിയതായും പരിശോധനയിൽ വ്യക്തമായി. സ്ഥലത്തുനിന്ന് വൻതോതിൽ മണ്ണ് നീക്കിയത് പാരിസ്ഥിതികപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

മല അരിഞ്ഞ് മണ്ണ് നീക്കം ചെയ്തതുമൂലം വലിയ മൺതിട്ട രൂപപ്പെട്ടു. ഇത് മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുന്നതാണെന്ന് ജിയോളജി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. മണ്ണിന്റെ വില, റോയൽറ്റി, കോമ്പൗണ്ടിങ് ഫീസ് ഉൾപ്പെടെയാണ് പിഴ ചുമത്തിയിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കകം ഉടമ പിഴയൊടുക്കണം. ഫെബ്രുവരി 14 മുതൽ മാർച്ച് 14 വരെയാണ് ഇവിടെനിന്ന് മണ്ണ് നീക്കാൻ അനുമതി ഉണ്ടായിരുന്നത്. ഇതിനുശേഷവും ഖനനം തുടർന്നു.

17-ന് രാത്രി തൊടുപുഴ ഡിവൈ.എസ്‌പി. എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതഖനനവും മണ്ണുകടത്തും കണ്ടെത്തി. തുടർന്ന് ഡിവൈ.എസ്‌പി. നൽകിയ റിപ്പോർട്ടിന്മേലാണ് നടപടി. സ്ഥലത്തുനിന്ന് നീക്കിയ മണ്ണ്, കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുനിലത്തെ മൂന്ന് സ്വകാര്യവ്യക്തികളുടെ സ്ഥലത്താണ് തള്ളിയത്. ഇവിടെനിന്നാണ്, മണ്ണ് കടത്തിയ വാഹനങ്ങൾ പിടിച്ചത്തത്. കരിമണ്ണൂർ പൊലീസിന്റെ സഹായത്തോടെയാണ് ഇവിടെ മണ്ണ് ഖനനവും കടത്തും നടക്കുന്നതെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തെത്തുടർന്ന്, കരിമണ്ണൂർ എസ്.എച്ച്.ഒ.യായിരുന്ന സബ് ഇൻസ്പെക്ടർ കെ.എ. അബിയെ അടിമാലിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Leave a Reply