യുക്രൈനില്‍ മിസൈല്‍ ആക്രമണം രൂക്ഷമാക്കി റഷ്യ

0

ഊര്‍ജോല്‍പ്പാദനകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഒമ്പതു സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു.
ആണവനിലയത്തിനുനേരേ ആക്രമണമുണ്ടായതിനു പിന്നാലെ വൈദ്യുതി വിതരണം താറുമാറായി. വ്യത്യസ്‌ത യുക്രൈന്‍ നഗരങ്ങളില്‍ ഇന്നലെ രാവിലെയോടെ ഒരേ സമയമാണ്‌ മിസൈല്‍ ആക്രമണം നടന്നത്‌.
പടിഞ്ഞാറന്‍ ല്വിവ്‌ മേഖലയില്‍ വീടിനു മുകളില്‍ മിസൈല്‍ പതിച്ചാണ്‌ അഞ്ചു പേര്‍ കൊല്ലപ്പെട്ടത്‌. ഡിനിപ്രോയിലും മിസൈല്‍ പതിച്ച്‌ ഒരാള്‍ കൊല്ലപ്പെട്ടു. അതേസമയം, ഖേഴ്‌സണില്‍ പീരങ്കി ആക്രമണത്തിലാണ്‌ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്ന്‌ യുക്രൈന്‍ അധികൃതര്‍ പറഞ്ഞു.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്‌. പലയിടത്തും വൈദ്യുതി വിതരണം ഉള്‍പ്പെടെയുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതു കണക്കിലെടുത്ത്‌ പല നഗരങ്ങളിലും വൈദ്യുതി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായും ലിവില്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. അധിനിവേശം നടത്തുന്ന റഷ്യയ്‌ക്ക്‌ യുക്രൈനിലെ സാധാരണക്കാരെ ഈ രീതിയില്‍ ഭയപ്പെടുത്താന്‍ മാത്രമേ കഴിയൂ. ആത്യന്തികമായി യാതൊരു പ്രയോജനവും അതുകൊണ്ട്‌ അവര്‍ക്കുണ്ടാകില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.
അതേസമയം, രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന ബാഖ്‌മുത്‌ നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചശേഷമുള്ള ഏറ്റവും ശക്‌തമായ പോരാട്ടമാണ്‌ ഇവിടെ നടക്കുന്നതെന്നാണു റിപ്പോര്‍ട്ട്‌. ബാഖ്‌മുതില്‍ കനത്ത തിരിച്ചടി നേരിട്ടതായി യുക്രൈന്‍ നേതൃത്വവും സമ്മതിച്ചിട്ടുണ്ട്‌. ബാഖ്‌മുത്‌ പിടിച്ചെടുത്താല്‍ യുക്രൈന്റെ മറ്റു ഭാഗങ്ങളിലേക്കു വേഗത്തില്‍ കടന്നെത്താമെന്നാണ്‌ റഷ്യന്‍ സൈന്യത്തിന്റെ കണക്കുകൂട്ടല്‍

LEAVE A REPLY

Please enter your comment!
Please enter your name here