ഇന്ത്യൻ വിദ്യാർഥികൾക്ക് കെയർഹോമിൽ അടിമപ്പണി; യുകെയിൽ 5 മലയാളികൾ അറസ്റ്റിൽ

0

നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അൻപതോളം ഇന്ത്യൻ വിദ്യാർഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ യുകെ സർക്കാർ ഏജൻസി അറസ്റ്റ് ചെയ്തു. കെണിയിൽപെട്ട വിദ്യാർഥികളിലും മലയാളികളുണ്ട്.
നോർത്ത വെയിൽസിൽ കെയർ ഹോമുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന മലയാളികളായ മാത്യു ഐസക് (32), ജിനു ചെറിയാൻ(30), എൽദോസ് ചെറിയാൻ(25), എ‍ൽദോസ് കുര്യച്ചൻ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. തൊഴിൽ ചൂഷണം സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന ഗാങ്മാസ്റ്റേഴ്സ് ആൻഡ് ലേബർ എബ്യൂസ് അതോറിറ്റി ഇവർക്കെതിരെ കഴിഞ്ഞ ദിവസം കോടതി ഉത്തരവ് നേടിയെടുത്തു. ശമ്പളമോ ഭക്ഷണമോ വിശ്രമമോ ഇല്ലാതെ വിദ്യാർഥികൾ ദയനീയ അവസ്ഥയിലായിരുന്നെന്നാണ് അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്. ശമ്പളം നൽകാതിരുന്നും പിടിച്ചുവച്ചും ക്രൂരമായ തൊഴിൽചൂഷണമാണ് നടന്നത്. മറ്റൊരു രാജ്യത്തുനിന്ന് എത്തിച്ചതിനാ‍ൽ മനുഷ്യക്കടത്തും ഉൾപ്പെടും.

2021 ഡിസംബറിനും 2022 മേയ്ക്കും ഇടയിലായിരുന്നു അറസ്റ്റ്. അടിമപ്പണി ചെയ്യാൻ നിർബന്ധിതരായ അൻപതോളം പേരെക്കുറിച്ചു വിവരം കിട്ടിയതായി അതോറിറ്റി അറിയിച്ചു. അന്വേഷണം തുടരുകയാണ്.

അറസ്റ്റിലായ എല്ലാവരും തന്നെ കെയർ ഹോമുകളിൽ ജോലി ചെയ്തിട്ടുള്ളവരോ അവിടെ ജീവനക്കാരായ ബന്ധുക്കളുടെ സ്വാധീനം പ്രയോജനപ്പെടുത്തിയവരോ ആണ്.

മാത്യു ഐസക്കും ജിനു ചെറിയാനും മേയിൽ റജിസ്റ്റർ ചെയ്ത അലക്സ കെയർ എന്ന റിക്രൂട്ടിങ് ഏജൻസി വഴിയും വിദ്യാർഥികളെ യുകെയിൽ എത്തിച്ചിരുന്നു.

ചൂഷണത്തിനിരയായ വിദ്യാ‌ർഥികൾക്കു സഹായവുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ രംഗത്തെത്തി. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഹൈക്കമ്മിഷനുമായി ബന്ധപ്പെടാം. സഹായവും കൗൺസലിങ്ങും ലഭിക്കും.

Leave a Reply