ഐ.സി.സി. റാങ്കിങ്‌: ഗില്‍, പാണ്ഡ്യ, അര്‍ഷ്‌ദീപ്‌ തിളങ്ങി

0


ദുബായ്‌: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ട്വന്റി-20 ക്രിക്കറ്റ്‌ റാങ്കിങ്ങില്‍ നേട്ടംകൊയ്‌ത് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍ ശുഭ്‌മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യ, പേസര്‍ അര്‍ഷ്‌ദീപ്‌ സിങ്‌ എന്നിവരാണു കുതിപ്പു നടത്തിയത്‌. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ്‌ മൂവര്‍ക്കും തുണയായത്‌. മൂന്ന്‌ ഇന്നിങ്‌സില്‍നിന്ന്‌ 144 റണ്ണടിച്ച ശുഭ്‌മാന്‍ ഗില്‍ 168 സ്‌ഥാനം കയറി 30-ാം സ്‌ഥാനത്തെത്തി. കിവികള്‍ക്കെതിരേ സ്വതസിദ്ധമായ മികവിലേക്കുയരാന്‍ കഴിഞ്ഞില്ലെങ്കിലും 906 റേറ്റിങ്‌ പോയിന്റുമായി സൂര്യകുമാര്‍ യാദവ്‌ ബാറ്റര്‍മാരിലെ ഒന്നാംസ്‌ഥാനം നിലനിര്‍ത്തി. 836 പോയിന്റുള്ള പാകിസ്‌താന്റെ മുഹമ്മദ്‌ റിസ്വാന്‍ രണ്ടാം സ്‌ഥാനത്തു തുടര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഡെവണ്‍ കോണ്‍വെ(768)യെ നാലാം സ്‌ഥാനത്തേക്കു പിന്തള്ളി പാകിസ്‌താന്‍ താരം ബാബര്‍ അസം (778) മൂന്നാം റാങ്കിക്കേു കയറി. ബാറ്റര്‍മാരിലെ ആദ്യ 10 പേരില്‍ സൂര്യമാത്രമാണ്‌ ഇന്ത്യന്‍ സാന്നിധ്യം.
കിവികള്‍ക്കെതിരായ പരമ്പരയില്‍ ആകെ അഞ്ചുവിക്കറ്റ്‌ വീഴ്‌ത്തിയ ഹാര്‍ദിക്‌ പാണ്ഡ്യ ബൗളര്‍മാരുടെ ഗണത്തില്‍ 20 സ്‌ഥാനം കയറി 46-ാം സ്‌ഥാനത്തും ബാറ്റര്‍മാരില്‍ മൂന്നു സ്‌ഥാനം മെച്ചപ്പെടുത്തി 50-ാം റാങ്കിലുമെത്തി. ഇതോടെ 250 റേറ്റിങ്‌ പോയിന്റുമായി ഒരു സ്‌ഥാനം മെച്ചപ്പെടുത്തി പാണ്ഡ്യ ഓള്‍റൗണ്ടര്‍മാരില്‍ രണ്ടാം സ്‌ഥാനം സ്വന്തമാക്കി. ഒന്നാം സ്‌ഥാനത്തുള്ള ബംഗ്ലാദേശിന്റെ ഷാക്കിബ്‌ അല്‍ ഹസനുമായി രണ്ടു പോയിന്റിന്റെ മാത്രം അകലത്തിലാണ്‌ പാണ്ഡ്യ. അഫ്‌ഗാനിസ്‌ഥാന്റെ മുഹമ്മദ്‌ നബിയെ മറികടന്നാണ്‌ പാണ്ഡ്യ രണ്ടാം സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നത്‌.
അഫ്‌ഗാനിസ്‌ഥാന്റെ റാഷിദ്‌ ഖാന്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തിയ ബൗളര്‍മാരുടെ പുതിയ റാങ്കിങ്ങില്‍ അര്‍ഷ്‌ദീപ്‌ സിങ്‌ 13-ാം സ്‌ഥാനത്തെത്തിയത്‌ ഇന്ത്യക്കു നേട്ടമായി. ഒറ്റയടിക്ക്‌ എട്ടുസ്‌ഥാനമാണ്‌ അര്‍ഷ്‌ദീപ്‌ ഉയര്‍ന്നത്‌.
ഏകദിന ബാറ്റര്‍മാരുടെ ആദ്യ പത്തില്‍ മൂന്ന്‌ ഇന്ത്യക്കാരുണ്ട്‌. ശുഭ്‌മാന്‍ ഗില്‍ (ആറ്‌), വിരാട്‌ കോഹ്ലി (ഏഴ്‌), രോഹിത്‌ ശര്‍മ (ഒന്‍പത്‌) എന്നിവരാണ്‌ ആദ്യപത്തില്‍ ഇടംപിടിച്ചത്‌. 887 റേറ്റിങ്‌ പോയിന്റുമായി ബാബര്‍ അസം ഒന്നാം റാങ്ക്‌ നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ദസന്‍ രണ്ടാമതു തുടര്‍ന്നപ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ ഒരുസ്‌ഥാനം താഴേക്കിറക്കി ഓസ്‌ട്രേലിയയുടെ ഡേവിഡ്‌ വാര്‍ണര്‍ മൂന്നാമനായി. പാകിസ്‌താന്റെ ഇമാം ഉള്‍ ഹഖാണ്‌ അഞ്ചാം സ്‌ഥാനത്ത്‌.
ഇന്ത്യയുടെ മുഹമ്മദ്‌ ഷാമി 729 റേറ്റിങ്‌ പോയിന്റോടെ ഏകദിന ബൗളര്‍മാരില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ബംഗ്ലാദേശിന്റെ ഷാക്കിബ്‌ അല്‍ ഹസന്‍ ഒന്നാം റാങ്കില്‍ തുടരുന്ന ഏകദിന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ ആദ്യപത്തില്‍ ഒരു ഇന്ത്യക്കാരന്‍ പോലുമില്ല. 17-ാമതുള്ള ഹാര്‍ദിക്‌ പാണ്ഡ്യയാണ്‌ ഇന്ത്യക്കാരില്‍ ഏറ്റവും ഉയര്‍ന്ന സ്‌ഥാനത്തുള്ളത്‌.

LEAVE A REPLY

Please enter your comment!
Please enter your name here