സുഹൃത്തിന്റെ പക്കല്‍ നിന്നും വാഹനം വാടകയ്‌ക്കെടുത്ത്‌ പണയപ്പെടുത്തിയ കേസില്‍ മൂന്ന്‌ പേര്‍ പിടിയില്‍

0

സുഹൃത്തിന്റെ പക്കല്‍ നിന്നും വാഹനം വാടകയ്‌ക്കെടുത്ത്‌ പണയപ്പെടുത്തിയ കേസില്‍ മൂന്ന്‌ പേര്‍ കട്ടപ്പന പോലീസിന്റെ പിടിയില്‍. ആശുപത്രി ആവശ്യത്തിനാണെന്ന വ്യാജേന കൈക്കലാക്കിയ വാഹനം തമിഴ്‌നാട്ടില്‍ എത്തിച്ചാണ്‌ പ്രതികള്‍ പണയപ്പെടുത്തിയത്‌. പ്രതികള്‍ക്കെതിരേ സമാനമായ മറ്റ്‌ പരാതികളുമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.
2022 ഫെബ്രുവരിയിലാണ്‌ വെള്ളയാംകുടി സ്വദേശിയായ അരുണിന്റെ സ്വിഫ്‌റ്റ്‌ കാര്‍ ഇയാളുടെ സുഹൃത്തായ പുളിയന്‍മല കുറ്റിയാനിക്കല്‍ വിഷ്‌ണു സുരേന്ദ്രന്‍ (28) വാടകയ്‌ക്കെടുത്തത്‌. തുടര്‍ന്ന്‌ ഇയാള്‍ വാഹനം തമിഴ്‌നാട്‌ കമ്പത്ത്‌ എത്തിച്ച്‌ 60,000 രൂപയ്‌ക്ക്‌ പണയപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതിയായ വിഷ്‌ണുവിന്റെ സഹായികളായ പുളിയന്‍മല സ്‌കൂള്‍മേട്‌ ദേവി ഇല്ലം ശിവകുമാര്‍ മുരുകന്‍ (23), പുളിയന്‍മല ആനകുത്തി വെളുത്തേടത്ത്‌ അനീഷ്‌ രാജു (35) എന്നിവരും അറസ്‌റ്റിലായി. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന വിഷ്‌ണുവിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേറ്റ്‌ ചെയ്‌ത്‌ എറണാകുളത്ത്‌ നിന്നാണ്‌ പിടികൂടിയത്‌.
ഇയാള്‍ക്കെതിരേ സമാനമായ ആറോളം പരാതികളും ലഭിച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. വിഷ്‌ണുവിനും കൂട്ടാളികള്‍ക്കും സഹായം ചെയ്‌തു നല്‍കിയ തമിഴ്‌നാട്‌ സ്വദേശിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. എസ്‌.ഐമാരായ ഡിജു ജോസഫ്‌, ടി.ആര്‍. മധു, സിവില്‍ പോലീസ്‌ ഉദ്യോഗസ്‌ഥരായ പി.ടി. സുമേഷ്‌, ജോബിന്‍ എബ്രഹാം, പ്രശാന്ത്‌ മാത്യു എന്നിവര്‍ അടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here