കറങ്ങിവീണു , ഓസ്‌ട്രേലിയ 177 ന്‌ ഓള്‍ഔട്ട്‌ , ഇന്ത്യ ഒന്നിന്‌ 77

0


നാഗ്‌പുര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം. ഓസ്‌ട്രേലിയയെ ഒന്നാം ദിവസം തന്നെ 177 റണ്ണിനു പുറത്താക്കാന്‍ ഇന്ത്യക്കായി.
ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന്‌ 77 റണ്ണെന്ന നിലയിലാണ്‌. 69 പന്തില്‍ ഒരു സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 56 റണ്ണെടുത്ത നായകന്‍ രോഹിത്‌ ശര്‍മയും റണ്ണെടുക്കാത്ത ആര്‍. അശ്വിനുമാണ്‌ ക്രീസില്‍. ഓപ്പണര്‍ ലോകേഷ്‌ രാഹുലിനെ (71 പന്തില്‍ 20) ഓഫ്‌ സ്‌പിന്നര്‍ ടോഡ്‌ മര്‍ഫി സ്വന്തം ബൗളിങ്ങില്‍ പിടികൂടി. ഇന്ത്യ ഓസീസിനെ ഇന്നിങ്‌സിന്‌ 100 റണ്‍ പിന്നിലാണ്‌.
പരുക്കു കാരണം ഏറെനാള്‍ പുറത്തിരുന്ന ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയും ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിനും ചേര്‍ന്നാണ്‌ ഓസ്‌ട്രേലിയയെ തകര്‍ത്തത്‌. ടോസ്‌ നേടിയ ഓസീസ്‌ നായകന്‍ പാറ്റ്‌ കുമ്മിന്‍സ്‌ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. രണ്ടാം ഓവറില്‍ ഉസ്‌മാന്‍ ഖ്വാജയെ (ഒന്ന്‌) വിക്കറ്റിനു മുന്നില്‍ കുടുക്കി മുഹമ്മദ്‌ സിറാജ്‌ ഓസീസിനെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറില്‍ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറും (ഒന്ന്‌) മടങ്ങി. മുഹമ്മദ്‌ ഷമിയുടെ ഓഫ്‌ സ്‌റ്റമ്പിനു വെളിയില്‍ പിച്ച്‌ ചെയ്‌ത പന്തിനു ബാറ്റ്‌ വച്ച വാര്‍ണറിനു പിഴച്ചു. ബാറ്റില്‍ ഉരസിയ പന്ത്‌ ഓഫ്‌ സ്‌റ്റമ്പ്‌ തെറുപ്പിച്ചു.
ആദ്യ സെഷനില്‍ തുടര്‍ന്നു പിടിച്ചു നില്‍ക്കാന്‍ ഓസീസിനായി. ഉച്ചഭക്ഷണത്തിനു ശേഷം ഇന്ത്യയുടെ തുടര്‍ച്ചയായ പ്രഹരങ്ങള്‍ അവരെ തകര്‍ത്തു. ചായയ്‌ക്കു പിരിയുമ്പോഴേക്കം എട്ടു വിക്കറ്റുകള്‍ വീണു. ഇടവേളയക്കു ശേഷം അവസാന രണ്ടു വിക്കറ്റുകള്‍ കൂടി വീഴ്‌ത്തി. 123 പന്തില്‍ 49 റണ്ണെടുത്ത മാര്‍നസ്‌ ലാബുഷാഗെയാണ്‌ ടോപ്‌ സ്‌കോറര്‍. രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ കെ.എസ്‌. ഭരത്‌ സ്‌റ്റമ്പ്‌ ചെയ്‌താണു ലാബുഷാഗെ പുറത്തായത്‌. ഭരതിന്റെ രാജ്യാന്തര കരിയറിലെ ആദ്യ ഇരയാണു ലാബുഷാഗെ. സ്‌റ്റീവ്‌ സ്‌മിത്ത്‌ (37), വിക്കറ്റ്‌ കീപ്പര്‍ അലക്‌സ്‌ കാരി (36), പീറ്റര്‍ ഹാന്‍ഡ്‌സോംബ്‌ (31) എന്നിവരാണ്‌ രണ്ടക്കം കടന്ന മറ്റുള്ളവര്‍. രണ്ട്‌ റണ്ണിന്‌ രണ്ടു വിക്കറ്റെന്ന നിലയില്‍ വിറച്ച ഓസീസിനെ കരകയറ്റിയതു ലാബുഷാഗെയും സ്‌മിത്തും ചേര്‍ന്നാണ്‌. മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 82 റണ്‍ അടിച്ചെടുത്തു.
പരുക്കേറ്റു മാസങ്ങള്‍ പുറത്തിരുന്ന ശേഷമാണു രവീന്ദ്ര ജഡേജ കളിക്കളത്തില്‍ തിരിച്ചെത്തിയത്‌. 47 റണ്‍ വഴങ്ങി അഞ്ച്‌ വിക്കറ്റെടുക്കാന്‍ രവീന്ദ്ര ജഡേജയ്‌ക്കായി. 22 ഓവറില്‍ എട്ട്‌ മെയ്‌ഡനടക്കം 47 റണ്‍ മാത്രം വിട്ടുകൊടുത്താണ്‌ ജഡേജ അഞ്ചു പേരെ പുറത്താക്കിയത്‌. മൂന്നു വിക്കറ്റെടുത്ത ആര്‍. അശ്വിന്‍ മികച്ച പിന്തുണ നല്‍കി. മുഹമ്മദ്‌ ഷമിയും മുഹമ്മദ്‌ സിറാജും ഒരു വിക്കറ്റ്‌ വീതമെടുത്തു. മൂന്നാം സ്‌പിന്നറായ അക്ഷര്‍ പട്ടേലിനു വിക്കറ്റെടുക്കാനായില്ല. വെടിക്കെട്ട്‌ ബാറ്റര്‍ സൂര്യകുമാര്‍ യാദവും വിക്കറ്റ്‌ കീപ്പര്‍ കെ.എസ്‌. ഭരതും ടെസ്‌റ്റില്‍ അരങ്ങേറി. മൂന്നു സ്‌പിന്നര്‍മാരും രണ്ടു പേസര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനാണ്‌ ഇന്ത്യ പരീക്ഷിച്ചത്‌. മികച്ച ഫോമിലുളള യുവ താരം ശുഭ്‌മന്‍ ഗില്ലിനും സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവിനും പ്ലേയിങ്‌ ഇലവനില്‍ ഇടംകിട്ടിയില്ല.

Leave a Reply