സൈബിക്കെതിരേ കൂടുതല്‍ പരാതിക്ക്‌ സാധ്യതയെന്നു ക്രൈം ബ്രാഞ്ച്‌

0


കൊച്ചി: ജഡ്‌ജിമാര്‍ക്കു കൊടുക്കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസ്‌ കിടങ്ങൂരിനു കുരുക്ക്‌ മുറുകുന്നു. ഹൈക്കോടതി അഡ്വക്കേറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സ്‌ഥാനം രാജിവച്ചതോടെ കൂടുതല്‍ പേര്‍ പരാതിയുമായി വരാന്‍ സാധ്യതയുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ അന്വേഷണ സംഘത്തലവന്‍ എസ്‌.പി: കെ. സുദര്‍ശന്‍ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലുമായി കൂടിക്കാഴ്‌ച നടത്തി. 13 നു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. കോടതി നിര്‍ദേശപ്രകാരമായിരിക്കും തുടരന്വേഷണം. ലഭ്യമായ മൊഴികളനുസരിച്ചു ഈ ഘട്ടത്തില്‍ സൈബിയെ അറസ്‌റ്റു ചെയ്യാനു തെളിവില്ലെന്നാണു അന്വേഷണസംഘം അറിയിച്ചത്‌. കൂടുതല്‍ പരാതികള്‍ വരുന്നപക്ഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ജാമ്യമില്ലാവകുപ്പു ചുമത്തിയിട്ടുണ്ടെങ്കിലും സൈബി അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍, കസ്‌റ്റഡി ആവശ്യമില്ലെന്നാണു അന്വേഷണസംഘത്തിന്റെ നിലപാട്‌്.
സൈബിക്കു പുറമേ, ആരോപണവിധേയരായ ഏതാനും അഭിഭാഷകരെയും പരാതിക്കാരനായ സിനിമ നിര്‍മ്മാതാവിനെയും ഭാര്യയേയും കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തിരുന്നു. പരാതിക്കാര്‍ ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറലും ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാറുമായതിനാല്‍, ഇവരില്‍ നിന്നു മൊഴിയെടുക്കേണ്ടിവരും.
അതിനിടെ, പീഡനക്കേസ്‌ ഒത്തുതീര്‍പ്പായെന്നു കാണിച്ചുള്ള യുവതിയുടെ വ്യാജസത്യവാങ്‌മൂലം കോടതിയില്‍ ഹാജരാക്കിയെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനോടു വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായിരുന്നു സൈബി. ഏറെ ഗൗരവമുള്ള കേസാണിതെന്നു ഇന്നലെ ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു.

Leave a Reply