അരുവിക്കര മോഷണം : യുവതിയടക്കം 7 പേര്‍ പിടിയില്‍

0


നെടുങ്കണ്ടം: തിരുവനന്തപുരത്തു വന്‍ കവര്‍ച്ച നടത്തിയ ശേഷം ഒളിവില്‍ പോയ സംഘത്തെ പോലീസ്‌ പിടികൂടി. രണ്ടു പേരെ ഇടുക്കിയില്‍നിന്നും മറ്റുള്ളവരെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെയുമാണ്‌ പിടികൂടിയത്‌. കൊപ്ര ബിജു, കാമുകി കൂട്ടാര്‍ ചേലമൂട്‌ സ്വദേശിനി രേഖ രാജേഷ്‌, ജിമ്മി, സുരേഷ്‌, സുനീര്‍, അഖില്‍, സുനില്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
തിരുവനന്തപുരം അരുവിക്കരയില്‍ കഴിഞ്ഞ ദിവസമാണു മോഷണം നടന്നത്‌. പട്ടാപ്പകല്‍ വ്യാജ നമ്പര്‍ പതിച്ച കാറിലെത്തിയ സംഘം 8.6 ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്‌ത ശേഷം രക്ഷപ്പെടുകയായിരുന്നു. ജപ്പാന്‍ ജയന്റെ സംഘത്തില്‍പ്പെട്ടവരാണ്‌ ഇവരെന്നു പോലീസ്‌ പറഞ്ഞു. മോഷണത്തിനു പിന്നാലെ തിരുവനന്തപുരം റൂറല്‍ എസ്‌.പി: ഡി. ശില്‍പ, നെടുമങ്ങാട്‌ ഡിവൈ.എസ്‌.പി: സ്‌റ്റുവര്‍ട്ട്‌ കീലര്‍, നാര്‍കോട്ടിക്‌ ഡിവൈ.എസ്‌.പി: വി.ടി. രാസിത്‌ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
രണ്ട്‌ ദിവസത്തിനകം ജപ്പാന്‍ ജയനെ പിടികൂടി. മറ്റ്‌ പ്രതികള്‍ ഇടുക്കിയിലേക്കു കടന്നതായി കണ്ടെത്തി. സംഘം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിവിധ സ്‌ഥലങ്ങളില്‍ സഞ്ചരിച്ച ശേഷമാണ്‌ ഇടുക്കിയിലെത്തിയത്‌. സംഘം ഇടുക്കിയിലുണ്ടെന്ന വിവരം ലഭിച്ചതോടെ അന്വേഷണ സംഘം അവിടെയത്തി. തൂക്കുപാലത്തെ ബേക്കറിയില്‍ നിന്നാണ്‌ ബിജുവിനെ പിടികൂടിയത്‌. ബിജു നല്‍കിയ വിവരം അനുസരിച്ച്‌ രേഖയെ വീട്ടില്‍നിന്നു പിടികൂടി.
ചോദ്യം ചെയ്‌തതോടെ മറ്റു പ്രതികള്‍ തൂക്കുപാലത്തുനിന്ന്‌ ഒരു ടവേര കാര്‍ വിലയ്‌ക്കു വാങ്ങി തിരുവനന്തപുരത്തേക്കു സഞ്ചരിക്കുന്നതായി മനസിലാക്കിയത്‌. അന്വേഷണം സംഘം പിരപ്പന്‍കോട്‌ വച്ച്‌ മുഴുവന്‍ പ്രതികളെയും പിടികൂടി.
സ്വര്‍ണത്തിന്റെ ഒരു ഭാഗം ഇവര്‍ സുനീറിനെ ഏല്‍പ്പിച്ചിരുന്നു. ഇതു വാങ്ങാനാണ്‌ തിരുവനന്തപുരത്തേക്ക്‌ തിരിച്ചത്‌. ഏകദേശം 15 പവന്‍ സ്വര്‍ണവും പണവും കണ്ടെത്തി. രേഖയാണു കാര്‍ വാടകയ്‌ക്ക് എടുത്തു നല്‍കിയതെന്നു പോലീസ്‌ പറഞ്ഞു. താമസിക്കാന്‍ തൂക്കുപാലത്ത്‌ വീടും വാടകയ്‌ക്കെടുത്തു നല്‍കിയിരുന്നു.

Leave a Reply