ശബരിമലയില്‍ കാണിയ്ക്കയായി കിട്ടിയ നാണയങ്ങള്‍ എണ്ണി തീര്‍ക്കാന്‍ അറുന്നൂറിലധികം ജീവനക്കാര്‍

0

ശബരിമലയില്‍ കാണിയ്ക്കയായി കിട്ടിയ നാണയങ്ങള്‍ എണ്ണി തീര്‍ക്കാന്‍ അറുന്നൂറിലധികം ജീവനക്കാര്‍. 69 ദിവസം തുടര്‍ച്ചയായി എണ്ണിയിട്ടും നാണയത്തിന്റെ മൂന്നു കൂനകള്‍ മാത്രമാണ് ഇതുവരെ എണ്ണി തീര്‍ത്തത്. നാണയങ്ങള്‍ എണ്ണി തീരാതെ കൂനയായി കിടക്കുകയാണ്. എന്നാല്‍ ഇതില്‍ വലയുന്നത് ജീവനക്കാരാണ്. കാരണം നാണയങ്ങള്‍ എണ്ണി തീര്‍ന്നാല്‍ മാത്രമേ ഇവര്‍ക്ക് അവധിയെടുക്കാന്‍ സാധിയ്ക്കൂ.

അതേ സമയം നോട്ടുകള്‍ എണ്ണി തീര്‍ത്തിട്ടുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ നാണയങ്ങള്‍ എണ്ണി തീര്‍ക്കാന്‍ മാസങ്ങളെടുക്കും. ഇതിനിടെ ചിക്കന്‍ പോക്‌സ്, ഡെങ്കിപനി എന്നിവ ബാധിച്ച് ചിലര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു. ജീവനക്കാര്‍ക്ക് അവധി എടുക്കാന്‍ സാധിക്കാത്തതിലുള്ള ബുദ്ധിമുട്ട് നാട്ടിലെ ക്ഷേത്രങ്ങളേയും ബാധിച്ചു. നാട്ടിലെ ക്ഷേത്രങ്ങളില്‍ മിക്കയിടത്തും ഉത്സവങ്ങളുടെ സീസണാണ്, സ്‌പെഷ്യല്‍ ഡ്യൂട്ടിക്കു പോയ ജീവനക്കാര്‍ തിരികെയെത്താത്തത് ക്ഷേത്രങ്ങളേയും ബുദ്ധിമുട്ടിലാക്കി. അതുകൊണ്ടുതന്നെ സ്‌പെഷ്യല്‍ ജോലിക്ക് പോയ ജീവനക്കാരെ തിരികെ കൊണ്ടുവരുന്നതിനായി അതാത് ദേവസ്വം ഓഫീസര്‍മാര്‍ രംഗത്തെത്തി.

ഈ മാസം 20 വരെയായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ച സമയം, എന്നാല്‍ നാണയങ്ങള്‍ എണ്ണാന്‍ സമയമെടുക്കുന്നതിനാല്‍ ഇവരുടെ ഡ്യൂട്ടി സമയം നീട്ടിക്കൊടുത്തു. എരുമേലി, പമ്പ,നിലയ്ക്കല്‍,പന്തളം എന്നിവടങ്ങളില്‍ ഡ്യൂട്ടിയിലുള്ളവരെയാണ് നാണയം എണ്ണിത്തിട്ടപ്പെടുത്താന്‍ നിയോഗിച്ചത്.

നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് പൂര്‍ത്തിയായിട്ടുണ്ട്. നോട്ടും, നാണയവും കൂടി 119 കോടി രൂപയാണ് ഇതുവരെ എണ്ണിത്തീര്‍ത്തത്. ഇനി എണ്ണാനുള്ള നാണയങ്ങള്‍ ഏകദേശം 20 കോടിയോളം വരുമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ച്ചയായി ഒന്‍പതു മണിക്കൂര്‍ സമയമെടുത്താണ് നാണയങ്ങള്‍ എണ്ണിയത്. ഒന്ന്, രണ്ട്,അഞ്ച്.പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിടും അവിടുന്ന് അത് അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ചാണ് എണ്ണുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ജീവനക്കാരുടെ നീക്കങ്ങള്‍ പരിശോധിക്കാറുണ്ട്.

Leave a Reply