ഇന്ത്യ വിറച്ചു ജയിച്ചു , ഗില്ലിന്‌ ഇരട്ട സെഞ്ചുറി , സെഞ്ചുറിയടിച്ച്‌ ബ്രേസ്‌വെല്‍

0


ഹൈദരാബാദ്‌: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ 12 റണ്ണിന്റെ ജയം. മൈക്കിള്‍ ബ്രേസ്‌വെല്ലിന്റെ (78 പന്തില്‍ പത്ത്‌ സിക്‌സറും 12 ഫോറുമടക്കം 140) വെടിക്കെട്ട്‌ സെഞ്ചുറിയെ മറികടന്നാണ്‌ ഇന്ത്യ ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എട്ട്‌ വിക്കറ്റിന്‌ 349 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 49.2 ഓവറില്‍ 337 റണ്ണിന്‌ ഓള്‍ഔട്ടായി.
ശാര്‍ദൂല്‍ ഠാക്കൂര്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ന്യൂസിലന്‍ഡിന്‌ ഒരു വിക്കറ്റ്‌ മാത്രം ശേഷിംേക്ക വേണ്ടിയിരുന്നത്‌ 20 റണ്‍. ആദ്യ പന്ത്‌ ബ്രേസ്‌വെല്‍ സിക്‌സറിനു പറത്തിയതോടെ ഇന്ത്യ വിരണ്ടു.
അടുത്ത പന്ത്‌ വൈഡായതോടെ ലക്ഷ്യം അഞ്ച്‌ പന്തില്‍ 13. മൂന്നാമത്തെ പന്തില്‍ ബ്രേസ്‌വെല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതോടെ ഇന്ത്യക്ക്‌ ആശ്വാസമായി. 49-ാം ഓവറില്‍ വെറും നാല്‌ റണ്‍ നല്‍കി ഹാര്‍ദിക്‌ പാണ്ഡ്യ അവസാന ഓവറില്‍ ലക്ഷ്യം 20 ആക്കിമാറ്റി. അവസാന രണ്ടോവറില്‍ 24 റണ്ണായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്‌. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലായി. മിച്ചല്‍ സാന്റ്‌നര്‍ (45 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 57) ബ്രേസ്‌വെല്ലിനു മികച്ച പിന്തുണ നല്‍കിയതോടെ ന്യൂസിലന്‍ഡിന്‌ വിജയ പ്രതീക്ഷയായി.
ബ്രേസ്‌വെല്‍ – സാന്റ്‌നര്‍ കൂട്ടുകെട്ടിലൂടെ ന്യൂസിലന്‍ഡ്‌ നടത്തിയ പോരാട്ടം മത്സരം ആവേശകരമാക്കി. കൂറ്റന്‍ ലക്ഷ്യം പിന്തുടരുമ്പോള്‍ ആറിന്‌ 131 റണ്ണെന്ന നിലയില്‍ തകര്‍ന്ന അവരെ ഏഴാം വിക്കറ്റിലെ ഉജ്വല സെഞ്ചറി കൂട്ടുകെട്ടുമായാണ്‌ അവര്‍ താങ്ങിയത്‌. 57 പന്തുകളിലാണു ബ്രേസ്‌വെല്‍ സെഞ്ചുറിയടിച്ചത്‌.
ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറികളില്‍ രണ്ടാമതാണിത്‌. എ.ബി. ഡിവിലിയേഴ്‌സ, ജെയിംസ്‌ ഫോക്‌നര്‍ എന്നിവരും 57 പന്തുകളില്‍ സെഞ്ചുറിയടിച്ചവരാണ്‌. 45 പന്തില്‍ സെഞ്ചുറിയടിച്ച പാകിസ്‌താന്‍ മുന്‍ നായകന്‍ ഷാഹിദ്‌ അഫ്രീഡിയുടെ റെക്കോഡ്‌ ഇതുവരെ തകര്‍ന്നില്ല. ഇന്ത്യക്കു വേണ്ടി മുഹമ്മദ്‌ സിറാജ്‌ നാല്‌ വിക്കറ്റുമായി തിളങ്ങി. കുല്‍ദീപ്‌ യാദവും ശാര്‍ദൂല്‍ ഠാക്കൂറും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. മുഹമ്മദ്‌ ഷമി, ഹാര്‍ദിക്‌ പാണ്ഡ്യ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
ഓപ്പണര്‍ ഫിന്‍ അലന്‍ (39 പന്തില്‍ 40), നായകന്‍ ടോം ലാതം (24) എന്നിവരൊഴികെയുള്ള മുന്‍നിരക്കാര്‍ നിറംമങ്ങിയതു ന്യൂസിലന്‍ഡിന്റെ റണ്‍ വേട്ടയ്‌ക്കു തടസമായി. ഓപ്പണര്‍ ശുഭ്‌മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ്‌ ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്‌. 149 പന്തില്‍ ഒന്‍പത്‌ സിക്‌സറും 19 ഫോറുമടക്കം 208 റണ്ണെടുത്ത ഗില്ലിന്റെ ഏറെക്കുറെ ഒറ്റയാള്‍ പ്രകടനമായി. നായകന്‍ രോഹിത്‌ ശര്‍മ (38 പന്തില്‍ 34), സൂര്യകുമാര്‍ യാദവ്‌ (26 പന്തില്‍ 31), ഹാര്‍ദിക്‌ പാണ്ഡ്യ (28) എന്നിവരാണ്‌ മറ്റു സ്‌കോറര്‍മാര്‍. ഗില്‍ 145 പന്തില്‍ തന്റെ ഏകദിനത്തിലെ കന്നി ഇരട്ട ശതകം പൂര്‍ത്തിയാക്കി. ലൂകി ഫെര്‍ഗൂസണിനെ തുടരെ മൂന്ന്‌ സിക്‌സറുകളടിച്ചാണു ഗില്‍ ഇരട്ട സെഞ്ചുറി കടന്നത്‌. സെഞ്ചുറി കടന്നതേയാടെ ഗില്‍ പുതിയ റെക്കോഡ്‌ കുറിച്ചു. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍ തികയ്‌ക്കുന്ന താരമായി. 19 ഇന്നിങ്‌സുകളിലാണ്‌ ആണ്‌ ഗില്‍ 1000 റണ്ണെടുത്തത്‌. വിരാട്‌ കോഹ്ലിയുടെ 24 ഇന്നിങ്‌സില്‍ 1000 റണ്‍ എന്ന റെക്കോഡ്‌ ഗില്‍ പഴങ്കഥയാക്കി. ലോക ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ ആയിരം റണ്‍സ്‌ തികക്കുന്ന രണ്ടാമത്തെ താരവും ഗില്ലാണ്‌. 18 ഇന്നിങ്‌സുകളില്‍ല്‍നിന്ന്‌ 1000 റണ്‍ നേടിയ പാകിസ്‌താന്റെ ഫഖര്‍ സമാനാണ്‌ മുന്നില്‍

Leave a Reply