വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന്‌ തേജസ്വി സൂര്യ വിവാദത്തില്‍

0


ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ്‌ അനവസരത്തില്‍ തുറന്ന ബി.ജെ.പി. പാര്‍ലമെന്റംഗം തേജസ്വി സൂര്യ വിവാദത്തില്‍. അദ്ദേഹത്തെ വെള്ളപൂശി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി. എമര്‍ജന്‍സി വാതില്‍ എം.പി. അബദ്ധത്തില്‍ തുറന്നതാണെന്നാണ്‌ മന്ത്രിയുടെ ന്യായീകരണം. യാത്രക്കാരന്‍തന്നെ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്‌തതായി തേജസ്വി സൂര്യയുടെ പേര്‌ പറയാതെ മന്ത്രി അറിയിച്ചു.
എമര്‍ജന്‍സി വാതില്‍ അനവസരത്തില്‍ തുറക്കപ്പെട്ട സംഭവം ചൊവ്വാഴ്‌ചയാണു പുറത്തുവന്നത്‌. യാത്രക്കാരനെ ഇന്‍ഡിഗോ തിരിച്ചറിഞ്ഞില്ലെങ്കിലും അത്‌ സൗത്ത്‌ ബംഗളൂരു എം.പി. തേജസ്വി സൂര്യയാണെന്നു പിന്നീട്‌ വെളിപ്പെടുകയായിരുന്നു. ചെന്നൈയില്‍നിന്ന്‌ തിരുച്ചിറപ്പള്ളിക്കു പുറപ്പെടാനിരുന്ന 6 ഇ 7339 വിമാനത്തില്‍ കഴിഞ്ഞ 10 നാണു സംഭവമുണ്ടായത്‌. യാത്രക്കാര്‍ വിമാനത്തില്‍ കയറിക്കൊണ്ടിരിക്കെ ഒരാള്‍ അബദ്ധത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ്‌ തുറക്കുകയായിരുന്നെന്ന്‌ ഇന്‍ഡിഗോ പ്രസ്‌താവനയില്‍ പറഞ്ഞു. യാത്രക്കാരന്‍ ഉടന്‍തന്നെ ക്ഷമാപണം നടത്തി. തുടര്‍ന്ന്‌ നടപടിക്രമങ്ങളനുസരിച്ച്‌ വിമാനം നിര്‍ബന്ധിത എന്‍ജിനീയറിങ്‌ പരിശോധനകള്‍ക്കു വിധേയമാക്കി. അതുകൊണ്ട്‌ പുറപ്പെടാന്‍ കാലതാമസമുണ്ടായതായും ഇന്‍ഡിഗോ വ്യക്‌തമാക്കി. വിവരം പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
10 നു നടന്ന കാര്യം ഒരാഴ്‌ചയ്‌ക്കുശേഷം മാത്രം എന്തുകൊണ്ടാണു വെളിച്ചത്തു വന്നതെന്ന്‌ കോണ്‍ഗ്രസ്‌ കര്‍ണാടക ഘടകം ആരാഞ്ഞു.
അതേസമയം, വാതില്‍സംഭവം കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്നും സുരക്ഷയില്‍ വിട്ടുവീഴ്‌ച ഉണ്ടായിട്ടില്ലെന്നും ഡി.ജി.സി.എ. ഇന്നലെ ഉറപ്പുവരുത്തി. വിമാനം പുറപ്പെടുന്നതിനുമുമ്പ്‌ വാതിലിന്റെ പുനഃസ്‌ഥാപനവും മര്‍ദ്ദപരിശോധനയും ഉള്‍പ്പെടെ ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. നിങ്ങള്‍ക്ക്‌ ബി.ജെ.പിയുടെ വി.ഐ.പികളെ ചോദ്യം ചെയ്യാനാകില്ലല്ലോ എന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജവാല പ്രതികരിച്ചു.

Leave a Reply