നാവികസേന മുൻ ഉപമേധാവി റിട്ട. വൈസ് അഡ്മിറൽ പി.ജെ.ജേക്കബ് അന്തരിച്ചു

0

നാവികസേന മുൻ ഉപമേധാവി റിട്ട. വൈസ് അഡ്മിറൽ പി.ജെ.ജേക്കബ് (രാജൻ–82) സർജാപുര റോഡിലെ വസതിയിൽ അന്തരിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ, പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നാവികസേനയ്ക്കായി ഒട്ടേറെ പരിശീലന സംരംഭങ്ങൾക്കു മേൽനോട്ടം വഹിച്ചു.
പ്രതിരോധ മന്ത്രാലയത്തിനും നാവികസേനയ്ക്കും വേണ്ടി വിവിധ രാജ്യങ്ങളുമായി ഒപ്പിട്ട തന്ത്രപ്രധാന ഉടമ്പടികൾക്കുള്ള പ്രതിനിധി സംഘങ്ങളെ നയിച്ചു. നോർവേയുടെ മധ്യസ്ഥതയിൽ എൽടിടിഇയുമായി നടന്ന സമാധാന ചർച്ചകളിൽ ശ്രീലങ്ക സർക്കാരിന്റെ സമുദ്ര സുരക്ഷാ ഉപദേഷ്ടാവായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട സേവനത്തിനിടെ പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയ ബഹുമതികൾ ലഭിച്ചു.

1998ൽ ഉപമേധാവിയായ അദ്ദേഹം 2001ൽ വിരമിച്ച ശേഷം ടിവിഎസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായും സുന്ദരം ക്ലേട്ടൺ ലിമിറ്റഡ്, ദു‌വാ കൺസൽറ്റിങ് എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചു.

കൊല്ലം ചാത്തന്നൂർ വലിയവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം മറ്റന്നാൾ ഹൊസൂർ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷയ്ക്കുശേഷം കൽപള്ളി സെമിത്തേരിയിൽ. ഭാര്യ: എടത്വ തലവടി കളത്തിൽ കുടുംബാംഗം സൽഗ. മക്കൾ: ക്യാപ്റ്റൻ വിവേക് ജേക്കബ് (മർച്ചന്റ് നേവി), അഡ്വ. ദീപക് ഈപ്പൻ ജേക്കബ്. മരുമക്കൾ: അഞ്ജന, ലീനിക.

LEAVE A REPLY

Please enter your comment!
Please enter your name here