പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചശേഷം 23 ലക്ഷം രൂപയുടെ ബിൽ നൽകാതെ മുങ്ങിയ ആളെ ‍ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

0

യുഎഇ പ്രസിഡന്റിന്റെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചശേഷം 23 ലക്ഷം രൂപയുടെ ബിൽ നൽകാതെ മുങ്ങിയ ആളെ ‍ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ലീല പാലസ് ഹോട്ടലിൽ തട്ടിപ്പു നടത്തിയ കർണാടക ദക്ഷിണ കന്നഡ പുത്തൂർ സ്വദേശി മുഹമ്മദ് ഷെരീഫ് (41) ആണു പിടിയിലായത്.
യുഎഇ ഭരണാധികാരിയുടെ ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥനെന്നു ധരിപ്പിച്ചു പൗരത്വം സൂചിപ്പിക്കുന്ന കാർഡും നൽകിയിരുന്നു. ഏകദേശം 4 മാസത്തോളം ഹോട്ടലിൽ താമസിച്ചശേഷം മുഹമ്മദ് ഷെരീഫ് 20 ലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ ബാങ്കിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. മുറി വാടകയിനത്തിൽ നേരത്തേ 11.5 ലക്ഷം രൂപയുടെ ബില്ലടച്ചിരുന്നതിനാലാണു ഹോട്ടൽ ജീവനക്കാർക്കു സംശയം തോന്നാതിരുന്നത്.

ഹോട്ടൽ മുറിയിലെ വെള്ളിപ്പാത്രങ്ങൾ, മുത്തുപതിച്ച പാത്രങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളുമായാണ് ഇയാൾ സ്ഥലംവിട്ടതെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഷെരീഫിനെ 2 ദിവസത്തേക്കു പൊലീസ് കസ്റ്റ‍ഡിയിൽവിട്ടു.

Leave a Reply