കൊളീജിയം വിഷയത്തിൽ സുപ്രീം കോടതിയും കേന്ദ്ര സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സുപ്രീംകോടതിയെ വിമർശിക്കുന്ന റിട്ട ജഡ്ജിയുടെ വിഡിയോ പങ്കുവച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

0

കൊളീജിയം വിഷയത്തിൽ സുപ്രീം കോടതിയും കേന്ദ്ര സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സുപ്രീംകോടതിയെ വിമർശിക്കുന്ന റിട്ട ജഡ്ജിയുടെ വിഡിയോ പങ്കുവച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജഡ്ജിമാരെ നിയമിക്കാനുള്ള അവകാശം സുപ്രീംകോടതി ‘തട്ടിയെടുത്തു’ എന്ന വാദം ഉന്നയിക്കുന്ന ദൃശ്യങ്ങളാണു മന്ത്രി പങ്കുവച്ചത്. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.എസ്. സോധിയുടേതാണ് അഭിമുഖം.
‘ ഒരു ജഡ്ജി പറയുന്നതു കേൾക്കൂ, വാസ്തവത്തിൽ സുബോധമുള്ള ഈ വീക്ഷണം തന്നെയാണു ഭൂരിപക്ഷം ആളുകൾക്കുമുള്ളത്. ഭരണഘടനയിലെ വകുപ്പുകളോടു ബഹുമാനമില്ലാത്ത കുറച്ചുപേരാണു തങ്ങൾ ഭരണഘടനയെക്കാൾ മുകളിലാണെന്നു കരുതുന്നത് ’– മന്ത്രി ഒളിയമ്പെയ്തു.

അഭിമുഖത്തിൽ ജസ്റ്റിസ് ആർ.എസ്. സോധി പറയുന്നത് ഇങ്ങനെ: നിങ്ങൾക്കു ഭരണഘടനയെ ഭേദഗതി ചെയ്യാൻ കഴിയുമോ? പാർലമെന്റിനു മാത്രമേ അങ്ങനെ ചെയ്യാനാവൂ? എന്നാൽ എനിക്കു തോന്നുന്നത് ആദ്യമായി സുപ്രീംകോടതി ഭരണഘടനയെ ‘ഹൈജാക്ക്’ ചെയ്തിരിക്കുകയാണ്. ‘ഹൈജാക്ക്’ ചെയ്തശേഷം അവർ പറഞ്ഞത് ജഡ്ജിമാരെ ഞങ്ങൾ നിയമിക്കും സർക്കാരിന് അതിൽ ഒരു പങ്കാളിത്തവും ഇല്ല എന്നാണ്.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനു പകരമായി ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) രൂപീകരിക്കാനുള്ള പാർലമെന്റിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതിനെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും രണ്ടാഴ്ച മുൻപ് വിമർശിച്ചിരുന്നു. ജയ്പുരിൽ ജുഡീഷ്യൽ ഓഫിസർമാരുടെ ദേശീയ സമ്മേളനത്തിലായിരുന്നു രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിയുടെ വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here