രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0

ഡൽഹി: രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ദിന സമ്മാനമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും പ്രധനമന്ത്രി പോസ്റ്റിൽ കൂട്ടിച്ചേര്‍ത്തു.

നാരീശക്തികളുടെ കഴിവിൽ രാജ്യത്തിന് അഭിമാനമുണ്ടെന്നും അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം രാജ്യത്തെ വനിതകൾക്ക് ആശംസകൾ നേർന്നത്. ‘അന്താരാഷ്‌ട്ര വനിതാ ദിനാശംസകൾ! രാജ്യത്തെ നാരീശക്തികളുടെ ധൈര്യം, ശക്തി, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെ കേന്ദ്രസർക്കാർ ഏറെ അഭിമാനത്തോടെയാണ് കാണുന്നത്. നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തിന്റെ വികസന യാത്രയിൽ നമ്മുടെ നാരീശക്തി വഹിച്ച പങ്ക് ചെറുതല്ല. വരും കാലങ്ങളിലും സ്ത്രീകളെ മുൻനിരയിൽ നിർത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ തുടരും.’ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here