ഇത് മെസിയുടെ അവസാന ലോകപ്പല്ല! ഈ ഫോമിൽ 2026ലും അദ്ദേഹം അർജന്റീനയെ നയിക്കാം; മെസിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഗ്രഹം പറഞ്ഞ് എമിലിയാനോ മാർട്ടിനെസ്

0

ദോഹ: ഖത്തർ ലോകകപ്പിലെ ഫൈനൽ മത്സരം തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് അർജന്റീനിയ നായകൻ ലിയോണൽ മെസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അമേരിക്കയിൽ നടക്കുന്ന അടുത്ത ലോകകപ്പിലും ടീമിനെ നയിക്കുമെന്ന് ഗോൾ കീപ്പർ എലിമിലിയാനോ മാർട്ടിനെസ്. മെസിക്ക് ഇതേ ഫോമിൽ 50 വയസുവരെ കളിക്കാനാകുമെന്നും എമിലിയാനോ ഫൂട്‌ബോളേർസ് ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ക്രൊയേഷ്യക്കെതിരായ ലോകകപ്പ് സെമി ഫൈനൽ വിജയത്തിനുശേഷം അർജന്റീനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോകകപ്പ് ഫൈനൽ ലോകകപ്പിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് മെസി ഒന്നും പറഞ്ഞിരുന്നില്ല.

ഇതിനിടെയാണ് അടുത്ത ലോകകപ്പിലും മെസി കളിക്കുമെന്ന് എമിലിയാനോ പറയുന്നത്. എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് 50 വയസുവരെ കളിക്കാനാവും. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ പ്രതിഭയിലോ പ്രകടനത്തിലോ യാതൊരു കുറവും വന്നിട്ടില്ല. അത്രയും ലളിതമായാണ് അദ്ദേഹം ഇപ്പോഴും പന്തു തട്ടുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല.

അദ്ദേഹം ഇത്രയും ശക്തമായി എങ്ങനെയാണ് പന്തടിക്കുന്നതന്ന് ഇപ്പോഴും അറിയില്ല. ക്രൊയേഷ്യക്കെതിരെ അദ്ദേഹമെടുത്ത പെനൽറ്റി നോക്കു. പോസ്റ്റിന്റെ വലതുമൂലയിലാണ് അത് തുളച്ചുകയറിയത്. ചെറിയൊരു പിഴവ് പറ്റിയിരുന്നെങ്കിൽ അത് ക്രോസ് ബാറിലിടിക്കുകയും പുറത്തേക്ക് പോവുകയോ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ഇടം കാൽ ചെറുതായിരിക്കാം. പക്ഷെ അതിൽ നിന്ന് വരുന്ന ഷോട്ടുകൾ ശക്തമാണെന്നും എമിലിയാനോ പറഞ്ഞു.

കോപ അമേരിക്ക സെമിയിൽ കൊളംബിയയുടെ മൂന്ന് കിക്കുകൾ തടുത്തിട്ടശേഷം തന്നോടൊപ്പം മെസി വിജയമാഘോഷിക്കുന്ന ചിത്രം ജീവിതത്തിലെ വിലമതിക്കാനാവാത്ത മുഹൂർത്തമാണെന്നും എമിലിയാനോ പറഞ്ഞു.കോപയിലെ അത്ഭുതപ്രകടനത്തിനുശേഷം എന്നോടൊപ്പം സെൽഫിയെടുത്തോട്ടെ എന്ന് അദ്ദേഹം ചോദിച്ചു. ആ ചിത്രം എന്റെ വീട്ടിൽ ഇപ്പോഴും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. രാജ്യത്തിന്റെ നായകനായാണ് അദ്ദേഹം കളിക്കുന്നത്.

അർജന്റീനയിൽ പ്രസിഡന്റിന് കിട്ടുന്നതിനെക്കാൾ ആദരവ് അദ്ദേഹത്തിനുണ്ട്. മെസി ആവശ്യപ്പെട്ടാൽ ആളുകൾ 24 മണിക്കൂറും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കും. യാതൊരു ഈഗോയുമില്ലാത്ത നല്ല മനുഷ്യനാണ് മെസി. ക്രിസ്റ്റ്യാനൊ റൊണാൾഡോ ആണോ മെസിയാണോ കേമനെന്ന ചോദ്യത്തിന് അതിന് ഞാൻ ഉത്തരം പറയണോ എന്നായിരുന്നു എമിയുടെ മറുചോദ്യം. അത് ലോകത്തിന് മുഴുവൻ അറിയാവുന്നതല്ലേ. എനിക്ക് മാത്രമല്ല, ലോകത്തിനും അദ്ദേഹം തന്നെയാണ് മികച്ചവൻ. കാരണം, ഫുട്‌ബോളിലെ മാന്ത്രികനാണ് അദ്ദേഹം-എമി പറഞ്ഞു.

ഇത് മെസിയുടെ അവസാന ലോകകപ്പായിരിക്കില്ലെന്നും അടുത്ത ലോകകപ്പിലും അദ്ദേഹം അർജന്റീനക്കായി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും അർജന്റീനിയൻ താരം ക്രിസ്ത്യൻ റൊമേറോയും പറഞ്ഞു. ഈ വിഷയം എല്ലായപ്പോഴും ചർച്ച ചെയ്യാറുണ്ട്. അതുകൊണ്ട് ഞങ്ങളെല്ലാവരും ചേർന്ന് അദ്ദേഹത്തോട് അടുത്ത ലോകകപ്പിലും കളിക്കണമെന്ന് ആവശ്യപ്പെടും.കാരണം,അദ്ദേഹത്തിന്റെ സഹതാരങ്ങളാകുന്നതും ഒപ്പം കളിക്കുന്നതും ഞങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നും റൊമേറോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here