ചെറിയ പിഴവുകൾ പോലും ചിലപ്പോൾ മത്സരത്തിന്റെ ഗതി നിർണയിക്കും; അർജന്റീന- ഫ്രാൻസ് സ്വപ്ന ഫൈനലിന് മുൻപെ നിലാപാട് വ്യക്തമാക്കി ദിദിയർ ദെഷാം

0

ദോഹ: ലോകകപ്പിൽ സ്വപ്നതുല്യമായ പ്രകടനങ്ങളുമായി അർജന്റീനയെ ഫൈനലിലെത്തിച്ച ലിയോണൽ മെസിയുടെ ലോകകിരീടമെന്ന സ്വപ്നം തകർക്കാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാം. മറഡോണയ്ക്കുശേഷം അർജന്റീനക്ക് ലോകകപ്പ് സമ്മാനിക്കുന്ന നായകനാവാനൊരുങ്ങുകയാണ് മെസി, അതുകൊണ്ടുതന്നെ മെസിയെ തടയാൻ എന്താണ് പദ്ധതിയെന്ന ചോദ്യത്തിനാണ് ലോകകപ്പെന്ന മെസിയുടെ സ്വപ്നം തകർക്കാൻ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് ദെഷാം വ്യക്തമാക്കിയത്.

നാലു വർഷം മുമ്പ് റഷ്യയിൽ നേരിട്ട അർജന്റീനയോ മെസിയോ അല്ല ഇപ്പോഴുള്ളതെന്നും ദെഷാം പറഞ്ഞു. അന്ന് റഷ്യയിൽ പ്രീ ക്വർട്ടറിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ മെസി സെന്റർ ഫോർവേർഡ് പൊസിഷനിലാണ് ഞങ്ങൾക്കെതിരെ കളിച്ചത്. എന്നാലിപ്പോൾ സെന്റർ ഫോർവേർഡിന് തൊട്ടുപുറകിലാണ് അദ്ദേഹം കളിക്കുന്നത്. പന്ത് കാൽക്കലാക്കാനും അതുമായി അതിവേഗം കുതിക്കാനും ഇതുവഴി അദ്ദേഹത്തിനാവുന്നുണ്ട്.

താളം കണ്ടെത്തിക്കഴിഞ്ഞ മെസിയിപ്പോൾ മികച്ച ഫോമിലുമാണ്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. അത് മെസി ലോകത്തിന് മുന്നിൽ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മെസിയെന്ന ഭീഷണി മറികടക്കാനും അദ്ദേഹം കളിയിലും ഞങ്ങളുടെ ചില കളിക്കാരിലും ചെലുത്താനിടയുള്ള സ്വാധീനം കുറക്കാൻ ഞങ്ങൾക്ക് കഴിയാവുന്നതെല്ലാം ചെയ്യും.

മികച്ച രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ ടീമിലെ പ്രധാന താരങ്ങളുടെ പ്രകടനം ഫൈനലിൽ നിർണായകമാകും. ചെറിയ പിഴവുകൾ പോലും ചിലപ്പോൾ മത്സരത്തിന്റെ ഗതി നിർണയിക്കുകയെന്നും ദെഷാം പറഞ്ഞു.

മികച്ച ഫോമിലുള്ള മെസിയെ നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണെന്ന് ഫ്രാൻസ് ടീമിന്റെ പ്ലേ മേക്കറായ അന്റോൺ ഗ്രീസ്മാനും പറഞ്ഞു. മൊറോക്കോക്കെതിരായ സെമി ഫൈനൽ പോരിൽ ഗ്രീസ്മാനായിരുന്നു കളിയിലെ താരം. ഇത് തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ ജയത്തിനുശേഷം മെസി പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന അർജന്റീന-ഫ്രാൻസ് ഫൈനൽ പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here