ലോകം കാത്തിരുന്ന നിമിഷം! ജീവൻ മരണ പോരാട്ടത്തിൽ പോളണ്ടിനെ കീഴടക്കി അർജന്റീന പ്രീക്വാർട്ടറിൽ. ആദ്യ പകുതിയിൽ അർജന്റീനയുടെ മുന്നേറ്റങ്ങളോടെ ധീരമായി ചെറുത്ത പോളണ്ടിനെ രണ്ടാം പകുതിയിൽ മെസിപ്പട വീഴ്‌ത്തി. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പോളണ്ടിന്റെ പ്രതിരോധമതിലിനെ എണ്ണം പറഞ്ഞ രണ്ട് ഗോൾ കൊണ്ട് തരിപ്പണമാക്കിയ അർജന്റീന ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശിച്ചു.
മെസ്സി പെനാൽറ്റി പാഴാക്കുന്നത് കണ്ട് ഞെട്ടിയ ആരാധകർക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചത് നാൽപത്തിയാറാം മിനിറ്റിൽ അലെക്സിസ് മാക് അലിസ്റ്ററും അറുപത്തിയേഴാം മിനിറ്റിൽ ജൂലിയൻ ആൽവാരസുമാണ്. ആദ്യ മത്സരത്തിൽ സൗദിയോട് ഞെട്ടുന്ന തോൽവി ഏറ്റുവാങ്ങിയ നീലപ്പട രണ്ടാം മത്സരത്തിൽ മെക്‌സിക്കോയെയും മൂന്നാം മത്സരത്തിൽ പോളണ്ടിനെയും കീഴടക്കി ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലേയ്ക്ക് തലയെടുപ്പോടെ എത്തുന്നത്. ഓസ്‌ട്രേലിയയാണ് പ്രീക്വാർട്ടറിൽ അർജന്റീനയുടെ എതിരാളി.
46 ാം മിനിറ്റിൽ അലെക്സിസ് മാക് അലിസ്റ്ററിലൂടെ പോളണ്ടിന്റെ വലചലിപ്പിച്ച അർജന്റീന 67ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ ലീഡ് ഉയർത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് നീലപ്പടയുടെ ജയം. പോളണ്ടിനെതിരായ രണ്ടാം പകുതിയിൽ 46-ാം മിനിറ്റിലാണ് അലിസ്റ്റർ ഗോളടിച്ചത്. നഹുവൽ മൊളീനയുടെ അസിസ്റ്റിൽനിന്നായിരുന്നു ഗോൾ. യുവതാരം എൻസോ ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു ജുലിയൻ അൽവാരെസിന്റെ ഗോൾ പിറന്നത്. പോളണ്ട് പ്രതിരോധ താരങ്ങൾ മുന്നിലുണ്ടായിട്ടും മികച്ചൊരു ഷോട്ടിലൂടെ അൽവാരെസിൽനിന്ന് പന്ത് പോളണ്ട് ഗോൾ കീപ്പറെ മറികടന്ന് വലയിൽ.
ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പാഴാക്കി. മെസ്സി പോസ്റ്റിന്റെ വലതു ഭാഗത്തേക്കു തട്ടിയിട്ട പന്ത് പോളണ്ട് ഗോളി വോസിയച് സ്റ്റെസ്‌നി പ്രതിരോധിക്കുകയായിരുന്നു. ആദ്യ പകുതി ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന ലീഡെടുക്കുകയായിരുന്നു.