പൃഥ്വിരാജ് നായകനാവുന്ന ‘കാളിയൻ’ സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്താൻ മാർച്ച് മാസത്തിൽ ഓഡിഷൻ നടത്തുന്നതായി ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് രാജീവ് ഗോവിന്ദൻ.
കാളിയൻ സിനിമയ്ക്കുവേണ്ടി ഇക്കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ അഞ്ച് കേന്ദ്രങ്ങളിലായി നടത്തിയ ഓഡിഷനിൽ ഏഴായിരത്തോളം പേർ പങ്കെടുത്തിരുന്നു.ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് അറിയിപ്പുകൾ നൽകി വരികയാണ് . ഇവർക്കുള്ള പരിശീലന പരിപാടി വൈകാതെ നടക്കും.
സിനിമയിലേക്ക് പുതിയ ഓഡിഷൻ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും നിർമ്മാതാവ് വ്യക്തമാക്കി.
മാജിക് മൂൺ പ്രോഡക്ഷൻസിനു വേണ്ടി ബി ടി അനിൽ കുമാറിന്റെ തിരക്കഥയിൽ ഡോ എസ് മഹേഷ്സംവിധാനം ചെയ്യുന്ന കാളിയൻ ചിത്രത്തിന്റെ പ്രീ പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും രാജീവ് ഗോവിന്ദൻ അറിയിച്ചു .