യുവതിയുടെ മരണം; രണ്ടര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

0

കല്‍പ്പറ്റ: യുവതിയുടെ മരണത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് അബ്ദുള്‍സമദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണത്തിനിടെ അബ്ദുള്‍സമദ് ഒളിവില്‍ പോയിരുന്നു.

2020 ജൂണ്‍ 18നായിരുന്നു ഫര്‍സാന(21)യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് അബ്ദുള്ള മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. 2017ലായിരുന്നു ഫര്‍സാനയും അബ്ദുള്‍സമദും തമ്മിലുള്ള വിവാഹം. മരുമകന്റെ ആവശ്യപ്രകാരം ഗൂഡല്ലൂര്‍ ടൗണില്‍ മൊബൈല്‍ കട വാങ്ങിക്കൊടുത്തതായും മകള്‍ക്കും മരുമകനും താമസിക്കാന്‍ വാടക വീട് എടുത്ത് നല്‍കിയത് താനാണെന്നും അബ്ദുള്ളയുടെ പരാതിയില്‍ പറയുന്നു.

മകളുടെ മരണം വൈകിയാണ് തന്നെ അറിയിച്ചതെന്നും പിറ്റേ ദിവസം വൈകുന്നേരം വരെ മൃതദേഹം കാണിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും പരാതിയില്‍ ആരോപണമുണ്ടായിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അബ്ദുള്‍സമദ് ഒളിവില്‍ പോയത്. ഗൂഡല്ലൂര്‍ ഡിഎസ്പി പി കെ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എട്ടംഗ പൊലീസ് സംഘം ഞായറാഴ്ച വൈകിട്ട് ചൂരല്‍മലയിലെ വീട്ടില്‍ നിന്നാണ് അബ്ദുള്‍ സമദിനെ പിടികൂടിയത്.

വാടകവീട്ടില്‍ കഴിയവെ കറി വെക്കുന്നതിനെ ചൊല്ലി ഫര്‍സാനയും അബ്ദുള്‍ സമദും തമ്മില്‍ തര്‍ക്കമുണ്ടായതായും തുടര്‍ന്ന് മുറിക്കകത്ത് കയറിയ ഫര്‍സാന തൂങ്ങിമരിക്കുകയായിരുന്നുവെന്നുമാണ് അബ്ദുള്‍സമദ് മൊഴി നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ താന്‍ വാതില്‍ ചവിട്ടി തുറന്നെന്നും തൂങ്ങിമരിച്ച നിലയില്‍ കണ്ട ഫര്‍സാനയെ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍സമദ് ബന്ധുക്കളോടും സമീപവാസികളോടും ഉള്‍പ്പടെ പറഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സമദിനെ റിമാന്‍ഡ് ചെയ്തു.

Leave a Reply