മത്സ്യത്തൊഴിലാളികള്‍ വികസനവിരോധികളല്ല; വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂര്‍

0

കൊച്ചി: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ സമവായം വേണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മത്സ്യത്തൊഴിലാളികള്‍ വികസനവിരോധികളല്ല. അവരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. സിറോ മലബാര്‍ സഭ ആസ്ഥാനത്ത് എത്തി മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

വിഴിഞ്ഞം സമവായ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരം ആരംഭിച്ചപ്പോള്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയതാണ്. വികസനവും വേണം ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുകയും വേണം. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന നിര്‍ബന്ധം പാടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മത്സ്യത്തൊഴിലാളി സമൂഹം ആവശ്യപ്പെടുന്ന ന്യായമായ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊടുക്കണം. അത് ഇതുവരെ ഉണ്ടാകാത്തതില്‍ വിഷമമുണ്ട്. ന്യായം മത്സ്യത്തൊഴിലാളികളുടെ ഭാഗത്താണ്. അവര്‍ വികസനവിരുദ്ധരോ ദേശവിരുദ്ധരോ അല്ല. 2018ലെ പ്രളയകാലത്ത് സ്വന്തം ജീവന്‍ പണയം വെച്ച് നാട്ടുകാരെ രക്ഷിച്ചവരാണ്. സമൂഹം അവര്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അവര്‍ക്ക് സഹായം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും തരൂര്‍ പ്രതികരിച്ചു.

അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചാണ് കോട്ടയത്തുള്‍പ്പടെ പരിപാടിയില്‍ പങ്കെടുത്തതെന്നും തരൂര്‍ പറഞ്ഞു. പി സി ചാക്കോ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത വിഷയം സംബന്ധിച്ച ചോദ്യത്തിന്, അങ്ങനെയൊരു സംസാരമുണ്ടായിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നുമായിരുന്നു തരൂരിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here