കേരള കോൺഗ്രസ് എം ബിജെപിയുമായി അടുക്കുന്നു; ആലുവ പാലസിൽ കൂടിക്കാഴ്ച്ച നടത്തി ജോസ് കെ മാണിയും ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയും; കേരള രാഷ്ട്രീയത്തെ കാത്തിരിക്കുന്നത് ബിജെപിയുടെ സർജിക്കൽ സ്ട്രൈക്കോ?

0

കോട്ടയം: കേരള കോൺ​ഗ്രസ് എം ബിജെപിയുമായി അടുക്കുന്നു എന്ന അഭ്യൂഹം കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ചാ വിഷയം.

വിഴിഞ്ഞം, കെ റെയിൽ വിഷയങ്ങളിൽ ഇടത് മുന്നണിയുമായി ഇടഞ്ഞ് നിൽക്കുകയാണ് ജോസ് കെ മാണി. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തെ പരസ്യമായി പിന്തുണച്ചും ജോസ് കെ മാണി രം​ഗത്തെത്തിയിരുന്നു. ഇതിൽ സിപിഎമ്മിന് കടുത്ത അതൃപ്തിയുമുണ്ട്.

ഇടതു മുന്നണിയിൽ എത്തിയ കാലം മുതൽ അവ​ഗണനയാണ് സഹിക്കേണ്ടി വരുന്നത് എന്ന പരാതി അണികൾക്ക് മാത്രമല്ല, നേതാക്കൾക്കുമുണ്ട്. കുറ്റ്യാടി സീറ്റ് തങ്ങൾക്ക് തരുകയും സിപിഎം സ്വന്തം നിലക്ക് അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും പിന്നീട് തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വരികയും ചെയ്തത് മുതൽ ആരംഭിച്ചതാണ് കേരള കോൺ​ഗ്രസിന്റെ അതൃപ്തി. എന്നാൽ, മറ്റ് മാർ​ഗങ്ങളില്ലാതെ വന്നതോടെയാണ് ഇടത് മുന്നണിയിൽ തുടരാൻ തീരുമാനിച്ചതും. ഉടൻ യുഡിഎഫിലേക്ക് മടങ്ങുന്നത് രാഷ്ട്രീയമായി ​ഗുണം ചെയ്യില്ലെന്ന് ജോസ് കെ മാണിക്കും നല്ല നിശ്ചയമുണ്ട്.

കേരള രാഷ്ട്രീയത്തിലെ സവിശേഷ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ പാർട്ടിക്ക് ​ഗുണമുണ്ടാകും എന്നാണ് കേരള കോൺ​ഗ്രസ് എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബിജെപി ദേശീയ നേതൃത്വം ലക്ഷ്യം വെക്കുന്ന ഹിന്ദു – ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിന് കേരള കോൺ​ഗ്രസ് എമ്മിനെക്കാൾ മികച്ച മാർ​ഗം വേറെയില്ലെന്നത് ബിജെപിക്കും അറിയാം. ബിജെപിക്കൊപ്പം നിന്നാൽ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടെ പ്രാതിനിധ്യം ലഭിക്കുമെന്നതാകും കേരള കോൺ​ഗ്രസ് എമ്മിനെ പ്രലോഭിപ്പിക്കുന്നതും. എങ്കിലും ക്രൈസ്തവ സഭകളുടെ പരിപൂർണ സമ്മതം ഇല്ലാതെ ജോസ് കെ മാണി കൂടാരം മാറാൻ ഇടയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാൽ ശ്രീധരൻ പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു എറണാകുളം ആലുവ പാലസിൽ ഇരു നേതാക്കളും തമ്മിൽ കണ്ടത്. ആലുവ പാലസിന്റെ റിസപ്ഷനിൽ വച്ച് യാദൃശ്ചികമായി ശ്രീധരൻപിള്ളയെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തതിനപ്പുറം ഒരു രാഷ്ട്രീയ ചർച്ചയും ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണിയും കേരള കോൺഗ്രസ് എമ്മും വിശദീകരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here