സപ്ലൈകോ കാന്റീനില്‍ ഭക്ഷ്യസാധന വില കുത്തനെ കൂട്ടി

0


തിരുവനന്തപുരം: അവശ്യവസ്‌തുക്കള്‍ക്കു പൊതുവിപണിയില്‍ വിലക്കയറ്റമില്ലെന്നു മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുമ്പോള്‍ വിലവര്‍ധന പരോക്ഷമായി സമ്മതിച്ചു സംസ്‌ഥാന സര്‍ക്കാര്‍.
അവശ്യവസ്‌തുക്കളുടെ വില ഭീമമായി വര്‍ധിച്ചെന്നു സപ്ലൈകോയാണു സമ്മതിച്ചിരിക്കുന്നത്‌. രൂക്ഷമായ വില വര്‍ധനയെത്തുടര്‍ന്നു സപ്ലൈകോയില്‍ ജീവനക്കാര്‍ക്കുള്ള കൂപ്പണുകളുടെ നിരക്ക്‌ കുത്തനെ കൂട്ടി.
സപ്ലൈകോയുടെ കാന്റീനില്‍ ഭക്ഷ്യസാധനങ്ങള്‍ക്കുള്ള വിലയും ഉയര്‍ത്തിയിട്ടുണ്ട്‌. ചായ, ഇഡ്‌ലി, ദോശ, വെള്ളയപ്പം എന്നിവയ്‌ക്കു മൂന്നരയില്‍നിന്നു അഞ്ചു രൂപയായാണ്‌ വില കൂട്ടിയത്‌. വട, കൊഴുക്കട്ട എന്നിവയടക്കമുള്ള സായാഹ്‌ന പലഹാരങ്ങള്‍ക്കും കടലക്കറി, കുറുമ തുടങ്ങിയവയ്‌ക്കും ഒന്നര രൂപ കൂട്ടി അഞ്ചു രൂപയാക്കിയിട്ടുണ്ട്‌. സ്‌പെഷല്‍ വാങ്ങിയാലും ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. സ്‌പെഷല്‍ തയാറാക്കാനുള്ള മുഴുവന്‍ ചെലവും കണക്കാക്കിയാകും വില ഈടാക്കുക.
പ്രതിമാസം നിശ്‌ചിത തുക നല്‍കി കാന്റീന്‍ സൗകര്യം പൂര്‍ണമായി പ്രയോജനപ്പെടുത്തുന്ന ജീവനക്കാര്‍ക്കുള്ള പ്രതിമാസ നിരക്ക്‌ 900 രൂപയില്‍നിന്ന്‌ 1,200 ആക്കിയിട്ടുണ്ട്‌.
വിലക്കയറ്റമില്ലെന്നു ഭരണകൂടം ആവര്‍ത്തിക്കുമ്പോഴാണ്‌ ഒരു സര്‍ക്കാര്‍ സ്‌ഥാപനംതന്നെ രൂക്ഷമായ വിലക്കയറ്റം സമ്മതിച്ചു സ്വന്തം കാന്റീനില്‍ വില കൂട്ടിയിരിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here