അഞ്ചാം മിനിറ്റിൽ മൊറോക്കൻ പ്രതിരോധക്കോട്ട തകർത്ത് ഫ്രഞ്ച് പട; മൊറോക്കൻ താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ച പന്ത് വലയിലെത്തിച്ച് തിയോ ഹെർണാണ്ടസ്; രണ്ടാം സെമി ഫൈനലിൽ ഫ്രാൻസിന് നിർണായക ലീഡ്

0

ദോഹ: സെമി പോരാട്ടത്തിന്റെ അഞ്ചാം മിനിറ്റിൽ മൊറോക്കോയുടെ പ്രതിരോധവല പൊട്ടിച്ച് ഫ്രാൻസിന് നിർണായക ലീഡ്. അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനായി വലചലിപ്പിച്ചത്. റാഫേൽ വരാൻ നൽകിയ ത്രൂ ബോൾ സ്വീകരിച്ച് അന്റോയ്ൻ ഗ്രീസ്മാൻ കിലിയൻ എംബാപ്പെയ്ക്ക് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. എംബാപ്പെയുടെ ഷോട്ട് മൊറോക്കൻ താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ചത് ഹെർണാണ്ടസ് വലയിലെത്തിക്കുകയായിരുന്നു.

മത്സരം തുടങ്ങി മിനുട്ടുകൾക്കകം പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് ഇതുവരെ ഗോൾ വഴങ്ങാത്ത മൊറോക്കൻ പ്രതിരോധത്തെ കീഴ്പ്പെടുത്തിയത്. ഇതോടെ സുപ്രധാന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് മുന്നിട്ടു നിൽക്കുകയാണ്.

അൽ ബയ്ത്ത്് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരിക്കുന്നത്. അവസാന വിയർപ്പു വരെ പോരാടുന്ന മൊറോക്കോയെ ഇന്ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ മറികടന്നാൽ ദിദിയേ ദെഷാമും സംഘവും ലോകകിരീടം നിലനിർത്തുക എന്ന അപൂർവനേട്ടത്തിന്റെ മുനമ്പിലെത്തും.

ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ടീമിൽ ഫ്രാൻസും രണ്ടു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അസുഖബാധിതരായ അഡ്രിയാൻ റാബിയോ, ദായൊത്ത് ഉപമെക്കാനോ എന്നിവർക്കു പകരം ഇബാഹിമ കൊനാട്ടെ, യൂസഫ് ഫൊഫാന എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ വീഴ്‌ത്തിയ ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് മൊറോക്കോ ഫ്രാൻസിനെതിരെ സെമിയിൽ ഇറങ്ങിയത്. യഹിയ അത്തിയത്, സെലിം അമല്ലാ എന്നിവർക്കു പകരം നൗസയ്‌ർ മസ്‌റൂയ്, നയെഫ് അഗ്വെർദ് എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു.

മത്സരത്തിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് നേരിടേണ്ടി വരിക. ഇതുവരെ ഒരു മത്സരത്തിലും മൊറോക്കോയോട് ഫ്രാൻസ് തോറ്റിട്ടില്ല. അഞ്ചുവട്ടം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസ് മൂന്നുവട്ടം വിജയിച്ചു. രണ്ടുവട്ടം സമനിലയിലുമായി. ഏറ്റവും സമീപകാലത്ത് ഇരുടീമുകളും ഏറ്റുമുട്ടിയത് 2007 നവംബറിലാണ്. സെയ്ന്റ് ഡെനിസിൽ നടന്ന മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here