സമരത്തിനിറങ്ങാനൊരുങ്ങിയ 1200 പേര്‍ക്ക്‌ ഭക്ഷ്യവിഷബാധ! ചതിയെന്ന്‌ ഇറാന്‍ വിദ്യാര്‍ഥികള്‍

0


ടെഹ്‌റാന്‍: ഇറാന്‍ ഭരണകൂടത്തിനെതിരേ വമ്പന്‍ പ്രതിഷേധത്തിനു തയാറെടുത്ത 1200 സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക്‌ പ്രതിഷേധദിനത്തിന്റെ തലേന്ന്‌ ഭക്ഷ്യവിഷബാധ. പ്രതിഷേധത്തിനു മുമ്പായി ഇത്രയേറെ വിദ്യാര്‍ഥികള്‍ക്കു കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റതില്‍ ദുരൂഹതയുണ്ടെന്ന്‌ നാഷണല്‍ സ്‌റ്റുഡന്‍സ്‌ യൂണിയന്‍ ഇറാന്‍.
ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക്‌ ഛര്‍ദിയും ശരീരവേദനയും തലവേദനയും അനുഭവപ്പെട്ടു. ഖരാസ്‌മി, അവക്‌ സര്‍വകലാശാലയിലെയും മറ്റ്‌ നാല്‌ സര്‍വകലാശാലയിലെയും കുട്ടികള്‍ക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌. വിഷബാധയേല്‍ക്കാത്ത വിദ്യാര്‍ഥികള്‍ കാന്റീന്‍ ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കാന്‍ തീരുമാനിച്ചു. വെള്ളത്തിലൂടെ പകരുന്ന ബാക്‌ടീരിയാണ്‌ ഭക്ഷ്യവിഷബാധയിലേക്കു നയിച്ചതെന്നാണ്‌ അധികൃതരുടെ ഭാഷ്യം. എന്നാല്‍ ഇത്‌ മനഃപൂര്‍വം വെള്ളത്തില്‍ കലര്‍ത്തിയതാണെന്നു വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചു.
ചില സര്‍വകലാശാലകള്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയതും നിര്‍ജലീകരണത്തിനുള്ള മരുന്നുകളുടെ വിതരണം ഇല്ലാതാക്കിയതും വിഷബാധ കരുതിക്കൂട്ടി വരുത്തിയതാണെന്നുള്ള വിദ്യാര്‍ഥി യൂണിയന്റെ സംശയം വര്‍ധിപ്പിക്കുന്നു.
ഹിജാബ്‌ ധരിക്കാത്തതിന്റെ പേരില്‍ കസ്‌റ്റഡിയിലായ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ രാജ്യമാകകെ പ്രതിഷേധാഗ്നി കത്തിപ്പടരുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ സദാചാര പോലീസിനെ ഇറാന്‍ പിരിച്ചുവിട്ടു. അതിനിടെയാണ്‌ മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന വമ്പന്‍ പ്രതിഷേധത്തിന്‌ ഇറാനിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ തയാറെടുത്തത്‌.

Leave a Reply