ഖത്തർ ലോകകപ്പ് ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും

0

ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ആദ്യ മത്സരത്തിൽ വെയിൽസ് ഇറാനെ നേരിടും. യുഎസ്എയുമായി ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ഗാരേത് ബെയിലിന്റെ വെയിൽസ് ജയം ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. എതിരാളികളായ ഇറാൻ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടുമായി വമ്പൻ തോൽവി വഴങ്ങിയതിനാൽ ഇന്ന് ജയം അനിവാര്യമാണ്.

ആതിഥേയരായ ഖത്തർ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുമ്പോൾ ആഫ്രിക്കൻ കരുത്തന്മാരായ സെനഗലാണ് എതിരാളികൾ. ജയത്തോടെ പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ തന്നെയാണ് നെതർലൻഡ്സ് എക്വഡോറിനെതിരെ ബൂട്ട് കെട്ടുക. വിജയത്തുടർച്ചയും പ്രീക്വാർട്ടർ ബെർത്തും ലക്ഷ്യമിട്ട് വമ്പന്മാരായ ഇംഗ്ലണ്ടും ഇന്ന് മൈതാനത്തിറങ്ങും.

ആദ്യകളിയിൽ ഇറാനെതിരേ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ബി-ലെ രണ്ടാമങ്കത്തിൽ അമേരിക്കയ്‌ക്കെതിരേ ഇറങ്ങുന്നത്. യുവശക്തിയിലാണ് ഇംഗ്ലണ്ടിന്റെ വിശ്വാസം. മധ്യനിരയിൽ ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റത്തിൽ ബുക്കയോ സാക്ക, റഹീം സ്റ്റെർലിങ് എന്നിവരും പുറത്തെടുത്ത പ്രകടനം പരിശീലകൻ ഗാരേത് സൗത്ത്ഗേറ്റിനെ സന്തോഷിപ്പിക്കുന്നതാണ്.

ഇറാനെതിരേ പ്രതിരോധനിരയും നന്നായി കളിച്ചിരുന്നു. വെയ്ൽസിനെതിരേ സമനിലയിൽ കുരുങ്ങിയതിന്റെ ക്ഷീണത്തിലാണ് അമേരിക്ക. മികച്ച ആക്രമണ ഫുട്‌ബോളാണ് ടീം പുറത്തെടുത്തത്. തിമോത്തി വിയ, ജോഷ് സാർജന്റ്-ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവർ കളിക്കുന്ന മുന്നേറ്റനിര മികച്ചതാണ്. മധ്യനിരയിൽ വെസ്റ്റേൺ മാക് കെന്നി, ടെയ്‌ലർ ആഡംസ് എന്നിവരുടെ പ്രകടനം നിർണായകമാകും.

ലോകകപ്പ് ഫുട്‌ബോളിൽ അമേരിക്കയ്ക്കെതിരേ ക്യാപ്റ്റൻ ഹാരി കെയ്ൻ കളിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് അറിയിച്ചു. ഇറാനെതിരായ ആദ്യമത്സരത്തിൽ കെയ്‌നിന്റെ കാൽക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. സ്‌കാനിങ്ങിൽ പരിക്ക് സാരമുള്ളതല്ലെന്ന് കണ്ടെത്തി.

ആദ്യകളിയിൽ സെനഗലിനെ നെതർലൻഡ്സ് കീഴടക്കിയത് കഷ്ടിച്ചാണ്. എക്വഡോറാകട്ടെ ആതിഥേയരായ ഖത്തറിനെ ആധികാരികമായിതോൽപ്പിച്ചു. ഗ്രൂപ്പ് എ-യിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഇരുടീമുകളും നേർക്കുനേർവരുമ്പോൾ പോരാട്ടം പൊടിപാറും. വെള്ളിയാഴ്ച രാത്രി 9.30-നാണ് മത്സരം. 3-4-1-2 ശൈലിയിൽ തന്നെയാകും വാൻഗാൽ ഡച്ച് ടീമിനെ ഇറക്കുന്നത്.

മുന്നേറ്റത്തിൽ മെംഫീസ് ഡീപെ ആദ്യഇലവനിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. ഫോമിലുള്ള കോഡി ഗാക്‌പോ മുന്നേറ്റത്തിനും മധ്യനിരയ്ക്കും ഇടയിൽ കളിക്കും.

ഖത്തറിനെതിരേ ഇരട്ടഗോൾ നേടിയ നായകൻ എന്നെർ വലൻസിയയുടെ ഫോമിലാണ് എക്വഡോർ പ്രതീക്ഷയർപ്പിക്കുന്നത്. എന്നാൽ, വലൻസിയക്ക് പരിക്കുള്ളത് മാനേജ്‌മെന്റിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 4-4-1-1 ശൈലിയിലാകും ടീം കളിക്കുക. ജയിക്കുന്ന ടീമിന് നോക്കൗട്ട് സാധ്യത തുറന്നുകിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here