പ്രവീൺ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുൻ ഡി വൈ എസ് പി ആർ ഷാജി വിടുതൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചു

0

പ്രവീൺ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുൻ ഡി വൈ എസ് പി ആർ ഷാജി വിടുതൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. ഒന്നാം ഭാര്യയിലെ മകൻ രാഹുൽ വഴിയാണ് ഷാജി ഹർജി നൽകിയത്. പതിനേഴ് വർഷമായി താൻ ജയിലിലാണെന്നും ജീവപര്യന്തം ശിക്ഷ കാലാവധി പൂർത്തിയായെന്നും ഷാജി ഹർജിയിൽ പറയുന്നു. മുൻപ് തന്നെ വിട്ടയക്കാൻ ശിപാർശ നൽകിയിരുന്നുവെങ്കിലും രണ്ടാം ഭാര്യയിലെ മകന്റെ പരാതിയെ തുടർന്ന് സർക്കാർ വിട്ടയക്കുന്നവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ഷാജി ചൂണ്ടിക്കാട്ടുന്നു.

ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്തായിരുന്നു ഷാജിയെ ജയിൽ മോചനത്തിനായുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത്. നിലവിൽ ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വർഷത്തിലേറെയായി ഷാജി ജയിലിൽ തുടരുകയാണ്. ഇതേ തുടർന്നാണ് വിട്ടയാക്കാനുള്ള ശുപാർശയിൽ ആർ ഷാജിയുടെ പേരും ഉൾപ്പെടുത്തിയത്. എന്നാൽ, ഷാജി പുറത്തിറങ്ങിയാൽ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകൻ സർക്കാറിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് വിട്ടയക്കൽ പട്ടികയിൽ നിന്നും ഷാജിയുടെ പേര് നീക്കം ചെയ്തത്.

2005 ഫെബ്രുവരി 15-നവണ് പ്രവീൺക്കൊല കേസിൽ പ്രതിയായതിനെ തുടർന്നാണ് മുൻ ഡിവൈഎസ്‌പി കൂടിയായിരുന്ന ആർ ഷാജിയെ ജീവപര്യന്തം ശിക്ഷയ്ക്ക് ഹൈക്കോടതി വിധിച്ചത്. തന്റെ ഭാര്യയുമായി ഏറ്റുമാനൂർ സ്വദേശി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താൽ ഡിവൈഎസ്‌പി ആർ ഷാജി, ഗുണ്ടാ നേതാവ് പ്രിയൻ പള്ളുരുത്തിക്ക് പ്രവീണിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവെന്നാണ് കേസ്.

പ്രവീണിനെ കൊലപ്പെടുത്തിയ പ്രിയൻ ശരീരം വെട്ടി നുറുക്കി മൂന്ന് ഇടങ്ങളിലായി ഉപേക്ഷിച്ചു. കൊലപാതകം നടക്കുമ്പോൾ ഷാജി മലപ്പുറത്ത് ഡിവൈഎസ്‌പി ആയിരുന്നു. കേസിൽ ആകെ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ശിക്ഷ അനുഭവിക്കവെ 2021 മെയ് 21 ന് പ്രിയൻ കോവിഡ് ബാധിച്ച് ജയിലിൽ വച്ച് മരിച്ചിരുന്നു. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത എന്നിവരാണ് ആർ ഷാജിക്ക് വേണ്ടി സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here