വിവാഹമോചിതരായ ദമ്പതികളുടെ ആദ്യ വിവാഹ രജിസ്‌ട്രേഷൻ രണ്ടു പതിറ്റാണ്ടിനു ശേഷം ചെയ്തു നൽകി തദ്ദേശ വകുപ്പ്

0

തിരുവനന്തപുരം: വിവാഹമോചിതരായ ദമ്പതികളുടെ ആദ്യ വിവാഹ രജിസ്‌ട്രേഷൻ രണ്ടു പതിറ്റാണ്ടിനു ശേഷം ചെയ്തു നൽകി തദ്ദേശ വകുപ്പ്. വിവാഹമോചനം നടന്ന് 15 വർഷം പിന്നിട്ട ശേഷമാണ് 19 വർഷം മുൻപുള്ള വിവാഹം രജിസ്റ്റർ ചെയ്തു നൽകിയത്. സൈനികനായ പിതാവിന്റെ കുടുംബ പെൻഷൻ ലഭിക്കാൻ മകൾക്ക് വിവാഹമോചന സർട്ടിഫിക്കറ്റിനൊപ്പം വിവാഹ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് മന്ത്രി എം.ബി.രാജേഷിന്റെ നിർദേശപ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു നൽകാൻ പ്രത്യേക ഉത്തരവിറക്കിയത്.

2003 ഫെബ്രുവരി രണ്ടിന് വിവാഹിതരായ ദമ്പതികൾ അന്നു വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ഏറ്റുമാനൂർ കുടുംബക്കോടതി വിധി പ്രകാരം 2007 സെപ്റ്റംബർ 14ന് ഇവർ വിവാഹമോചിതരായി. സൈനികനായിരുന്ന പിതാവിന്റെ കുടുംബപെൻഷൻ ലഭിക്കുന്നതിനായി മകൾ വിവാഹമോചനം നേടിയതിന്റെ രേഖ ഹാജരാക്കിയപ്പോൾ, വിവാഹം നടന്നതിന്റെ രേഖയും ആവശ്യപ്പെട്ടു. എന്നാൽ മുൻ ഭർത്താവ് ഹാജരാകാനോ രേഖകൾ സമർപ്പിക്കാനോ തയാറായില്ല. അതിനാൽ പഞ്ചായത്ത് രജിസ്റ്റ്രാർ വിവാഹ റജിസ്‌ട്രേഷനുള്ള അപേക്ഷ തള്ളി.

തുടർന്ന് വിവാഹ പൊതു മുഖ്യ രജിസ്റ്റ്രാർ ജനറലായ തദ്ദേശ (റൂറൽ) വകുപ്പ് ഡയറക്ടർക്ക് മകൾ അപക്ഷ നൽകി. എന്നാൽ, ഇതു സംബന്ധിച്ച് നിയമങ്ങളോ കീഴ്‌വഴക്കങ്ങളോ ഇല്ലാത്തതിനാൽ സർക്കാരിന്റെ തീരുമാനത്തിനു വിട്ടു. തുടർന്നാണ് ഉത്തരവിറങ്ങിയത്. വിവാഹം നടന്നുവെന്ന് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചത്. അതിനാൽ വിവാഹം രജിസ്റ്റർ ചെയ്തു നൽകാമെന്നു സർക്കാർ വ്യക്തമാക്കി. വിവാഹമോചിതരായ ദമ്പതികൾക്ക് ഇപ്രകാരം മുൻ വിവാഹം രജിസ്റ്റർ ചെയ്യുന്നതു തടയുന്ന നിയമ വ്യവസ്ഥകൾ നിലവിലില്ല.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിൽ ഇന്നലെ അപേക്ഷ നൽകിയതിനെത്തുടർന്നു വൈകിട്ടോടെ വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമാക്കി. ജനപക്ഷത്തു നിന്നുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here