വിലക്കയറ്റത്തിൽ കേരളം കത്തുമ്പോഴും ‘കിഴക്കമ്പല’ത്തെ അടുക്കളകളിൽ ആശ്വാസം; അരലക്ഷത്തിലധികം വരുന്ന ജനങ്ങൾ സാധനങ്ങൾ വാങ്ങുന്നത് മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം കിഴിവിൽ; രാഷ്ട്രീയ പാർട്ടികൾക്ക് ഇടമില്ലാത്ത ട്വന്റി 20 മോഡൽ വീണ്ടും ചർച്ചയാകുമ്പോൾ

0

എറണാകുളം: അരിയാഹാരം കഴിക്കുന്ന മലയാളികളുടെയെല്ലാം വയറ്റത്തടിക്കുന്ന നിലയില്‍ അരിവിലയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുമ്പോൾ കിഴക്കമ്പലത്തെ ജനങ്ങൾക്ക് മാത്രം ആശങ്കപ്പെടേണ്ടതില്ല. ഉൽപാദകർ വില തോന്നുംപടി ഉയർത്തുമ്പോൾ, ശാശ്വതമായ പരിഹാരം കാണാനാകാതെ സംസ്ഥാന സർക്കാർ നോക്കുകുത്തിയാകുമ്പോഴാണ് ട്വന്റി ട്വന്റിയും സാബു എം ജേക്കബും മാതൃകയാകുന്നത്‌. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണിവിടെ. പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്. ഇതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ഇടമില്ലാത്ത കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മോഡൽ കേരളത്തിലാകെ പ്രവർത്തികമാക്കണമെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

ഓരോ കുടുംബങ്ങൾക്കും പ്രത്യേക കാർഡ് നൽകിയിട്ടുണ്ട്. ഈ കാർഡുമായെത്തുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. മത്സ്യങ്ങൾക്ക് 25 ശതമാനം വിലകുറച്ചാണ് വിൽപ്പന നടത്തുന്നത്. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, പാൽ തുടങ്ങിയ ഉത്പന്നങ്ങൾ ട്വന്റി ട്വന്റി മാർക്കറ്റിലൂടെ വിൽക്കുകയും അതുവഴി കർഷകർക്ക് ന്യായമായ വിലയും ലഭ്യമാക്കുന്നു. കർശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. കിഴക്കമ്പലത്തെ അരലക്ഷത്തിൽ അധികം വരുന്ന ജനങ്ങൾ ഈ മാർക്കറ്റിന്റെ ഉപഭോക്താക്കളാണ്.

500 ഓളം വരുന്ന ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ആറു വയസ്സിൽ താഴെയുള്ള 1500 ഓളം കുട്ടികൾക്കും പാൽ, മുട്ട തുടങ്ങിയവ സൗജന്യമായി നൽകുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നുറോളം കുടുംബങ്ങൾക്കും ഇവിടെ നിന്നും സൗജന്യമായി സാധനങ്ങൾ നൽകുന്നുണ്ട്. നിത്യോപയോഗ സാധങ്ങളുടെ വിലവർധനവ് ജനങ്ങളുടെ ജീവിതത്തിന് ദുസ്സഹമാക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് നിലവിൽ വരുന്നതോടെ വെറും 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിത ചെലവ് നടത്താൻ സാധിക്കുമെന്നതാണ് ട്വന്റി-20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെ പ്രത്യേകത.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്തെ അരിവില. 20 രൂപയിലേറെയാണ് ഒരു കിലോ അരിയുടെ വിലയില്‍ വന്ന വര്‍ധന. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും എത്തിയിരിക്കുകയാണ്. മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം വിലക്കുറവിലാണ് കിഴക്കമ്പലത്തെ ജനങ്ങൾ തങ്ങളുടെ അടുക്കളയിലേക്ക് സാധനങ്ങൾ കൊണ്ട് പോകുന്നത്. നിരന്തരമുണ്ടാകുന്ന വില കയറ്റത്തിലും ആടിയുലയാത്ത ഒരു ജനവിഭാഗം ഉണ്ടെങ്കിൽ അതിവിടെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here