കെഎസ്ആർടിസി ബസിൽ വിമാനച്ചിറക് ഇടിച്ചു; നിരവധിപേർ ആശുപത്രിയിൽ

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വിമാനച്ചിറക് ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ യാത്രക്കാർക്കാണ്‌ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലരാമപുരത്താണ് അപകടം ഉണ്ടായത്. ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറകാണ് ബസിൽ ഇടിച്ചുകയറിയത്.

വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിലർ. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ദേശീയപാതയിൽ ഗതാഗത കുരുക്കുണ്ടായത്.

30 വർഷം ആകാശത്ത് പറന്ന എയർ ബസ് എ-320 വിമാനം കാലാവധി കഴിഞ്ഞതിനാൽ 2018 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിന് സമീപമാണുണ്ടായിരുന്നത്. തുടർന്ന് എൻജിനീയറിങ് വിദ്യാർഥികളുടെ പഠനത്തിനായി വിമാനം ഉപയോഗിച്ചു. പഴക്കം ചെന്നതിനെ തുടർന്ന് അധികൃതർ നടത്തിയ ലേലത്തിൽ ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിങ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കി.

പിന്നാലെ ഇത് പൊളിക്കാനായി ഹൈദരാബാദിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ ട്രെയിലർ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ബ്ലോക്കിൽ അകപ്പെട്ട മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് അപകടത്തിൽപെട്ട ട്രെയിലർ നീക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here