മൂന്നു ഗോളിന് വെയ്ൽസിനെ തകർത്ത് നോക്കൗട്ടിലേക്ക് ഇംഗ്ലണ്ടിന്റെ രാജകീയ പ്രവേശനം; പ്രീക്വാർട്ടറിൽ എതിരാളി സെനഗൽ

0


നഷ്ടപ്പെടുത്തിയ ഒരു ഗോളിന് പകരമായി തകർപ്പൻ ഫ്രീക്കിക്ക് അടക്കം ഇരട്ട ഗോളുമായി റാഷ്‌ഫോർഡ് ; ക്യാപ്റ്റന്റെ പാസിനെ മനോഹരമായി വലയിലെത്തിച്ച് ഫോഡെനും; ആദ്യ പകുതിയിലെ ഗോൾ ക്ഷാമത്തിന് പിന്നാലെ വെയ്ൽസിന്റെ വല നിറച്ച് ഹാരി കെയ്‌നും സംഘംവും; മൂന്നു ഗോളിന് വെയ്ൽസിനെ തകർത്ത് നോക്കൗട്ടിലേക്ക് ഇംഗ്ലണ്ടിന്റെ രാജകീയ പ്രവേശനം; പ്രീക്വാർട്ടറിൽ എതിരാളി സെനഗൽ
മറുനാടൻ മലയാളി ബ്യൂറോ
ദോഹ: ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ ഗോളവസരത്തിന് തകർപ്പന് ഫ്രീക്കിക്ക് ഉൾപ്പടെ ഇരട്ടഗോളിലൂടെ റാഷ്‌ഫോർഡും ഹാരി കെയ്‌നിന്റെ പാസിനെ മനോഹരമായി വലയിലെത്തിച്ച് ഫോഡെനും ചേർന്നതോടെ എകപക്ഷീയമായ മൂന്നു ഗോളിന് വെയ്ൽസിനെ തറപറ്റിച്ച് നോക്കൗട്ടിലേക്ക് ഇംഗ്ലണ്ടിന്റെ രാജകീയ പ്രവേശനം.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുട്ടിനുള്ളിലാണ് തകർപ്പൻ ഫ്രീക്കിക്കിലൂടെ റാഷ് ഫോർഡ് ആദ്യം വെയ്ൽസിന്റെ വല കുലുക്കിയത്.

ഞെട്ടൽ മാറും മുന്നെ ഒരു മിനുട്ടിന്റെ വ്യത്യാസത്തിൽ ഫോഡൻ 51ാം മിനിറ്റിലും ലക്ഷ്യം കണ്ടു.68 ാം മിനുട്ടിൽ റാഷ്‌ഫോർഡ് തന്റെ ഇരട്ട ഗോളും പൂർത്തിയാക്കി.വിജയത്തോടെ, ഗ്രൂപ്പ് ബിയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നു. ഡിസംബർ നാലിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗലാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

ഗ്രൂപ്പിൽ ഇതേ സമയത്തു നടന്ന മറ്റൊരു മത്സരത്തിൽ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്‌ത്തി യുഎസ്എയും പ്രീക്വാർട്ടറിലെത്തി.ഡിസംബർ മൂന്നിനു നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഗ്രൂപ്പ് എ ചാംപ്യന്മാരായ നെതർലൻഡ്‌സാണ് യുഎസ്എയുടെ എതിരാളികൾ.

ഇംഗ്ലണ്ട് ഒന്നാം ഗോൾ: 50ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു അവരുടെ ആദ്യ ഗോളിന്റെ പിറവി. ഫിൽ ഫോഡനെ ബോക്‌സിനു സമീപം റോഡൻ വീഴ്‌ത്തിയതിന് പോസ്റ്റിന് 20 വാര അകലെയായി ലഭിച്ച ഫ്രീകിക്ക് എടുത്തത് മാർക്കസ് റാഷ്‌ഫോർഡ്. പോസ്റ്റിനു മുന്നിൽ വെയ്ൽസ് താരങ്ങൾ തീർത്ത പ്രതിരോധ മതിലിനു മുകളിലൂടെ മാർക്കസ് റാഷ്‌ഫോർഡിന്റെ ബുള്ളറ്റ് ഷോട്ട് വലയിലെത്തി. സ്‌കോർ 10.

ആദ്യ ഗോളിനു വഴിയൊരുക്കിയ ഫ്രീകിക്ക് നേടിയെടുത്ത ഫിൽ ഫോഡൻ തൊട്ടടുത്ത മിനിറ്റിൽ ഇംഗ്ലണ്ടിനായി രണ്ടാം ഗോളും നേടി. വെയ്ൽസിന്റെ പരിചയസമ്പത്തുള്ള പ്രതിരോധത്തിനു പാളിയ നിമിഷത്തിലായിരുന്നു രണ്ടാം ഗോളിന്റെ പിറവി. വലതുവിങ്ങിൽ ഡേവീസിന്റെ പിഴവു മുതലെടുത്ത് ഹാരി കെയ്ൻ പോസ്റ്റിനു സമാന്തരമായി നൽകിയ ക്രോസിൽ ഫിൽ ഫോഡന്റെ കിടിലൻ ഫിനിഷ്. സ്‌കോർ 20.

രണ്ടാം ഗോളിനു പിന്നാലെ പരിശീലകൻ ഇംഗ്ലിഷ് നിരയിൽ വരുത്തിയത് നാലു മാറ്റങ്ങൾ. ഇതിനു പിന്നാലെയായിരുന്നു ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളിന്റെ പിറവി. പകരക്കാരനായി എത്തിയ കാൽവിൻ ഫിലിപ്‌സിന്റെ പാസിൽനിന്ന് ലക്ഷ്യം കണ്ടത് മാർക്കസ് റാഷ്‌ഫോർഡ്. സ്വന്തം പകുതിയിൽനിന്നും കാൽവിൻ ഫിലിപ്‌സിന്റെ നെടുനീളൻ ക്രോസ് വെയ്ൽസിന്റെ പകുതിയിലേക്ക്. ഒപ്പമോടിയ വെയ്ൽസ് താരത്തെ പിന്തള്ളി പന്ത് റാഷ്‌ഫോർഡ് പിടിച്ചെടുത്തു. ശേഷം സുന്ദര പദചലനങ്ങളുമായി ബോക്‌സിനുള്ളിൽ കടന്ന് ഒരുഗ്രൻ വോളി. ഡാനി വാർഡിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിൽ ചുംബിച്ചു. സ്‌കോർ 30.

പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ട് ബഹുദൂരം മുന്നിൽ നിന്ന ആദ്യപകുതിയിൽ കടുത്ത പ്രതിരോധം തീർത്താണ് വെയ്ൽസ് പോരാടിയത്. ആദ്യപകുതിയിൽ ലഭിച്ച സുവർണാവസരം മാർക്കസ് റാഷ്‌ഫോർഡ് പാഴാക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ പാസ് പിടിച്ചെടുത്ത് മുന്നേറിയ റാഷ്‌ഫോർഡിന്, വെയ്ൽസിന്റെ രണ്ടാം നമ്പർ ഗോൾകീപ്പർ ഡാനി വാർഡിനെ മറികടക്കാനായില്ല.

മത്സരത്തിന്റെ 10ാം മിനിറ്റിലാണ് ഇംഗ്ലിഷ് ആരാധകർ ഗോളെന്നുറപ്പിച്ച അവസരം റാഷ്‌ഫോർഡ് പാഴാക്കിയത്. ഹാരി കെയ്ൻ നീട്ടിനൽകിയ പന്തുമായി വെയ്ൽസ് പ്രതിരോധത്തെ മറികടന്ന് റാഷ്‌ഫോർഡ് ബോക്‌സിനുള്ളിൽ കടന്നതാണ്. എന്നാൽ, അപകടം മണത്ത് മുന്നോട്ടു കയറിവന്ന ഗോൾകീപ്പർ ഡാനി വാർഡ് പന്ത് തടുത്ത് അപകടം ഒഴിവാക്കി. 38ാം മിനിറ്റിൽ നല്ലൊരു മുന്നേറ്റത്തിനൊടുവിൽ ബോക്‌സിന്റെ നടുവിൽ ലഭിച്ച പന്ത് ഫിൽ ഫോഡനും പുറത്തേക്കടിച്ചുകളഞ്ഞു.

അതേസമയം, ഇൻജറി ടൈമിൽ വെയ്ൽസിനു ലഭിച്ച അവസരം ജോ അലനും പുറത്തേക്കടിച്ച് പാഴാക്കി. ഇറാനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ വെയ്ൻ ഹെന്നെസ്സി സസ്‌പെൻഷനിലായതിനാലാണ് നിർണായക മത്സരത്തിൽ രണ്ടാം നമ്പർ ഗോൾകീപ്പർ ഡാനി വാർഡാണ് വെയ്ൽസിനായി ഗോൾവല കാക്കുന്നത്. ആദ്യപകുതിയിൽ പരുക്കേറ്റ നിക്കോ വില്യംസിനു പകരം കോണർ റോബർട്ട്‌സനാണ് വെയ്ൽസ് നിരയിൽ കളിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here