ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം ശംഖുമുഖത്ത്; കാനായി കുഞ്ഞിരാമന്റെ ‘സാഗരകന്യക’ ഗിന്നസ് ബുക്കിൽ

0

തിരുവനന്തപുരം: കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശംഖുമുഖത്തെ സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ശിൽപി.

ശംഖുമുഖം കടൽത്തീരത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിലുള്ള സാഗരകന്യകയ്ക്ക് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. തറയിൽ ആറടിയോളം താഴ്ത്തി ഇരുമ്പു ചട്ടക്കൂടൊരുക്കി കോൺക്രീറ്റിലാണു നിർമിച്ചത്. 1990 ൽ ടൂറിസം വകുപ്പാണ് കാനായിയെ ശിൽപനിർമാണം ഏൽപിച്ചത്. ഏറെ ആലോചനയ്ക്കു ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിർമിക്കാൻ തീരുമാനിച്ചത്. നിർമാണം തുടങ്ങിയശേഷം പ്രതിസന്ധികളുണ്ടായി.

‘‘ശിൽപം അശ്ലീലമാണെന്നു പരാതിയുണ്ടെന്നു പറഞ്ഞ് അന്നത്തെ ജില്ലാ കലക്ടർ നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. ഞാൻ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ പോയി കണ്ടു. അദ്ദേഹം കലക്ടറെ വിളിച്ച് ശിൽപം പൂർത്തിയാക്കാൻ വേണ്ടതു ചെയ്യണമെന്നു കർശന നിർദേശം നൽകി. കലക്ടർ പിന്നീട് ക്ഷമ പറഞ്ഞു’’– കാനായി ഓർക്കുന്നു. ശിൽപം പൂർത്തിയാകാൻ 2 വർഷമെടുത്തു. പ്രതിഫലം വാങ്ങിയില്ല.

സർക്കാരിന് ഇപ്പോഴും ശിൽപത്തിന്റെ വില മനസ്സിലാകുന്നില്ലെന്നതാണ് കാനായിയുടെ സങ്കടം. ലോക്ഡൗൺ കാലത്ത് ശിൽപത്തോടു ചേർന്നുളള മൺതിട്ടയിൽ വലിയ പ്ലാറ്റ്ഫോം കെട്ടി ഹെലികോപ്റ്റർ സ്ഥാപിച്ചു. അന്നത്തെ ടൂറിസം മന്ത്രിയോടു പറഞ്ഞിട്ടു ഫലമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടപെടാമെന്നു പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നീടു പലതവണ വിളിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ലെന്നു കാനായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here