സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനും യാത്രക്കാരന്റെ അറിവോടെ സ്വർണം തട്ടാനെത്തിയ സംഘാംഗങ്ങളും ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിൽ

0

സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനും യാത്രക്കാരന്റെ അറിവോടെ സ്വർണം തട്ടാനെത്തിയ സംഘാംഗങ്ങളും ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിൽ. ദുബായിൽനിന്നെത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി നടുവിൽ എ.മുഹമ്മദ് അനീസ് (19), സ്വർണം തട്ടാനെത്തിയ കണ്ണൂർ ധർമടം സ്വദേശി കെ.വി.നിയാസ് (26), കണ്ണൂർ നടുവിലിലെ എം.വി.ഗിരീഷ് (31), തലശ്ശേരി കതിരൂരിലെ കെ.പ്രസാദ് (43), തലശ്ശേരി സ്വദേശി കിരൺ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അനീസ് മറ്റൊരാൾക്കുവേണ്ടി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് മറ്റു നാലുപേർ അനീസിന്റെ അറിവോടെ വിമാനത്താവളത്തിൽ എത്തിയതെന്ന് സിഐ പി.ഷിബു പറഞ്ഞു. 54 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപ വിലയുള്ള രണ്ടു ഫോണുകളും പൊലീസ് അനീസിൽനിന്നു കണ്ടെടുത്തു.

സ്വർണം കൊടുത്തയച്ചവരുടെ ആളുകൾക്കു കൈമാറുന്നതിനു മുൻപേ തട്ടിയെടുക്കാനായിരുന്നു പദ്ധതി. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരിപ്പൂർ പൊലീസ് നടത്തിയ നീക്കത്തിലൂടെ അഞ്ചു പേരെയും വിമാനത്താവള കവാടത്തിനു സമീപം പിടികൂടുകയായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ 5 പേരെയും റിമാൻഡ് ചെയ്തു.

ജീവനക്കാരെക്കൊണ്ട് സ്വർണക്കടത്ത്: സ്വർണം എത്തിച്ചയാൾ കീഴടങ്ങി

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വർണക്കടത്തു നടത്തിയ കേസിൽ സ്വർണം എത്തിച്ച യാത്രക്കാരൻ പിടിയിൽ. വയനാട് സ്വദേശി അഷ്കർ അലിയാണ് കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസിനു മുൻപിൽ കീഴടങ്ങിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ അഷ്കർ അലിയെ റിമാൻ‍ഡ് ചെയ്തു. സെപ്റ്റംബർ 15ന് ആയിരുന്നു സ്വർണക്കടത്ത് പിടികൂടിയത്. വിമാനക്കമ്പനി ജീവനക്കാരായ കെ.വി.സാജിദ് റഹ്മാൻ, സാമിൽ ഖൈസ് എന്നിവർ പിടിയിലായിരുന്നു. 2.25 കോടി രൂപയുടെ 4.9 കിലോഗ്രാം സ്വർണം കടത്താനായിരുന്നു ശ്രമം.

വയനാട് സ്വദേശി അഷ്കർ അലിയുടേതായിരുന്നു സ്വർണം ഒളിപ്പിച്ച ബാഗ്. ഈ ബാഗിൽ രാജ്യാന്തര ടാഗ് മാറ്റി ആഭ്യന്തര ടാഗ് വച്ച് പരിശോധനയില്ലാതെ പുറത്തെത്തിക്കാനായിരുന്നു ജീവനക്കാരുടെ ശ്രമം എന്നാണു കേസ്. സംഭവത്തിൽ മുഖ്യ സൂത്രധാരനായ കോഴിക്കോട് കരുവൻതിരുത്തി സ്വദേശി റിയാസിനെ പിടികൂടാനായിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുംവിധം വാഹനമോടിച്ചു പോയെന്ന കേസും റിയാസിനെതിരെയുണ്ട്. ഇയാൾ ഓടിച്ചിരുന്ന കാർ പിന്നീട് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here