ആദിവാസിയെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

0


തിരുവനന്തപുരം/ഉപ്പുതറ: ഇടുക്കി ജില്ലയില്‍ കിഴുക്കാനം ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ആദിവാസി യുവാവിനെതിരേ കള്ളക്കേസ്‌ എടുത്ത്‌ മര്‍ദിച്ച കേസില്‍ സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ വി. അനില്‍കുമാര്‍, ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍മാരായ വി.സി. ലെനിന്‍, എന്‍.ആര്‍. ഷിജിരാജ്‌, ൈഡ്രവര്‍ ജിമ്മി ജോസഫ്‌, വാച്ചര്‍മാരായ കെ.എന്‍. മോഹനന്‍, കെ.ടി. ജയകുമാര്‍ എന്നിവരെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു. വനം വിജിലന്‍സ്‌ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ആദിവാസി യുവാവിനെതിരേ എടുത്ത കേസ്‌ കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്‌ഥര്‍ക്ക്‌ ഗുരുതര വീഴ്‌ചയുണ്ടായതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തതോടെ സംയുക്‌ത സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിക്കും. ഇന്നലെ വിഷയത്തില്‍ നിരാഹാര സമരം നടത്തി വന്നിരുന്നവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കിയിരുന്നു.
വനംവകുപ്പ്‌ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിക്കുന്ന സരിന്‍ സജിയുടെ മാതാവ്‌ നിര്‍മല, പിതാവ്‌ സജി എന്നിവരെയാണ്‌ ഇന്നലെ ആരോഗ്യ സ്‌ഥിതി മോശമായതോടെ അറസ്‌റ്റ്‌ ചെയ്‌ത്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. തുടര്‍ന്ന്‌ സരിന്‍ സജി നിരാഹാരം ആരംഭിച്ചിരുന്നു. അഞ്ച്‌ ദിവസമാണ്‌ സരിന്‍ സജിയുടെ മാതാപിതാക്കള്‍ നിരാഹാരം അനുഷ്‌ടിച്ചത്‌.
കഴിഞ്ഞ മാസം 29 നാണ്‌ കാട്ടിറച്ചി വില്‍പ്പന നടത്തിയെന്നാരോപിച്ച്‌ സരിന്‍ സജിയെ വനംവകുപ്പ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. ഇയാളുടെ ഓട്ടോറിക്ഷയും കസ്‌റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നോരിപിച്ച്‌ സരിന്‍ സജി രംഗത്തെത്തി. പിന്നീട്‌ വിവിധ രാഷ്‌ട്രീയ കക്ഷികളും സംയുക്‌ത സമര സമിതിയും വിഷയം ഏറ്റെടുത്ത്‌ സമരം നടത്തി വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here