പോലീസ്‌ മര്‍ദനം; സൈനികന്റെ അമ്മ പ്രതിരോധ മന്ത്രിക്ക്‌ പരാതി നല്‍കി

0


കൊല്ലം: കിളികൊല്ലൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ സൈനികനെയും സഹോദരനേയും മര്‍ദിച്ച പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ മാതാവ്‌ സലിലകുമാരി
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങിന്‌ ഇ മെയില്‍ വഴിയും തപാല്‍ മുഖേനയും പരാതി നല്‍കി. കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുകയാണെന്നും കര്‍ശന നടപടി വേണമെന്നും പരാതിയില്‍ അവര്‍ ആവശ്യപ്പെട്ടു.
ലഹരി മരുന്ന്‌ കേസില്‍ അറസ്‌റ്റിലായ സുഹൃത്തിനെ കാണാന്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണു സൈനികന്‍ വിഷ്‌ണുവിനെയും സഹോദരനും ഡി.വൈ.എഫ്‌.ഐ. പേരൂര്‍ മേഖലാ ജോയിന്റ്‌ സെക്രട്ടറിയുമായ വിഘ്‌നേഷിനെയും പോലീസ്‌ ക്രൂരമായി മര്‍ദിച്ചത്‌. പോലീസുകാരെ മര്‍ദിച്ചെന്ന കുറ്റം ചുമത്തി വിഷ്‌ണുവിനെയും വിഘ്‌നേഷിനെയും 12 ദിവസം ജയിലില്‍ അടയ്‌ക്കുകയും ചെയ്‌തു. ജയിലില്‍നിന്ന്‌ പുറത്തുവന്ന ശേഷം വിഘ്‌നേഷും വിഷ്‌ണുവും മജിസ്‌ട്രേറ്റിന്‌ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയ നാല്‌ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്യുകയും രണ്ടു പേരെ സ്‌ഥലം മാറ്റുകയും ചെയ്‌തിരുന്നു.
ആരോപണവിധേയരായ ഉദ്യോഗസ്‌ഥര്‍ക്കെതിരേയുള്ള പോലീസിന്റെ വകുപ്പുതല അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ്‌ തീരുമാനം.
ഇതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ സി.പി.എം പ്രാദേശിക ഘടകവും ഇടത്‌ അനുകൂല അഭിഭാഷക സംഘടനയും ശ്രമം നടത്തിവരികയാണ്‌. സര്‍ക്കാരിനെതിരേ വിമര്‍ശനം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം കൊല്ലം മൂന്നാംകുറ്റിയില്‍ സി.പി.എം. രാഷ്‌ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുകയും ചെയ്‌തു. സംഭവം ഒറ്റപ്പെട്ടതാണെന്നും കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി എസ്‌. സുദേവന്‍ ഉറപ്പ്‌ നല്‍കുകയും ചെയ്‌തു. ഇതിനിടെയാണ്‌ സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധ മന്ത്രിക്കു പരാതി നല്‍കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here