പോലീസ്‌ സ്‌റ്റേഷന്‍ രഹസ്യനിയമത്തിന്‍ കീഴില്‍ നിരോധിത മേഖലയല്ല: ബോംബെ ഹൈക്കോടതി

0


മുംബൈ: പോലീസ്‌ സ്‌റ്റേഷന്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്‍ കീഴില്‍ നിരോധിത മേഖലയല്ലെന്നു ബോംബെ ഹൈക്കോടതി. അതിനാല്‍ത്തന്നെ സ്‌റ്റേഷനുള്ളിലെ വീഡിയോ ചിത്രീകരണം കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.
സ്‌റ്റേഷനകത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ രവീന്ദ്ര ഉപാധ്യായ്‌ എന്നയാള്‍ക്കെതിരേ 2018-ല്‍ വാര്‍ധ പോലീസ്‌ ഔദ്യോഗിക രഹസ്യ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു ബോംബെ ഹൈക്കോടതിയുടെ നാഗ്‌പുര്‍ ബെഞ്ചിന്റെ വിധി. ഔദ്യോഗിക രഹസ്യ നിയമത്തിന്‍ കീഴില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന നിരോധിത മേഖലകളില്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉള്‍പ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജസ്‌റ്റിസുമാരായ മനീഷ്‌ പട്ടാലെ, വാല്‌മീകി മെനെസെസ്‌ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാനവിധി.
അയല്‍ക്കാരനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ഉപാധ്യായ വാര്‍ധ പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍ നടന്ന സംഭവവികാസങ്ങളാണ്‌ കേസിന്‌ ആധാരം. ഭാര്യയ്‌ക്കൊപ്പമാണ്‌ ഉപാധ്യായ സ്‌റ്റേഷനിലെത്തിയത്‌. അവിടെ കാത്തുനില്‍ക്കെ സ്‌റ്റേഷനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ളവ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പോലീസ്‌, ഉപാധ്യായയ്‌ക്കെതിരേ ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി കേസെടുക്കുകയായിരുന്നു. നിരോധിത മേഖലകളില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങളാണ്‌ ചുമത്തിയിരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here