കോയമ്പത്തൂര്‍ സ്‌ഫോടനം: പ്രതികള്‍ കൂടുതല്‍ സ്‌ഥലങ്ങള്‍ ലക്ഷ്യമിട്ടു?

0


ചെൈന്ന: കോയമ്പത്തൂരില്‍ ക്ഷേത്രത്തിനു മുന്നില്‍ സ്‌ഫോടനം നടത്തിയവര്‍ വിപുലമായ ആക്രമണത്തിനു പദ്ധതിയിട്ടതായി അനുമാനം. കോട്ടൈമേട്‌ സംഗമേശ്വരര്‍ ക്ഷേത്രത്തിനു പുറമേ കൂടുതല്‍ ക്ഷേത്ര പരിസരങ്ങള്‍ പ്രതികള്‍ ലക്ഷ്യമിട്ടതായി കസ്‌റ്റഡിയിലുള്ളവര്‍ വെളിപ്പെടുത്തിയതായി സൂചന. കൊല്ലപ്പെട്ട ജമേഷ മുബിനു സ്‌ഫോടനം നടത്തുന്നതിലുള്ള പരിചയക്കുറവാണു കൂടുതല്‍ ആള്‍നാശത്തിനു വഴിവയ്‌ക്കാതിരുന്നതെന്നും അനുമാനം.
തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ശിപാര്‍ശപ്രകാരം കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതിനു പിന്നാലെയാണു വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്‌. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ്‌ ആറു പേരെ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക്‌ ഐ.എസുമായും ബന്ധമുണ്ടെന്ന വിവരവും പുറത്തായിരുന്നു. ചോദ്യം ചെയ്യലില്‍ സ്‌ഫോടന ആസൂത്രണം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രതികള്‍ പോലീസിനോടു പങ്കുവച്ചു. അതിലാണ്‌ ഒന്നിലധികം ലക്ഷ്യസ്‌ഥാനങ്ങളുണ്ടായിരുന്നതായി വ്യക്‌തമായത്‌.
ഉക്കടത്തെ ക്ഷേത്രത്തിനു പുറമേ കോയമ്പത്തൂരിലെ മറ്റു ക്ഷേത്രങ്ങള്‍ക്കു സമീപവും സ്‌ഫോടനം നടത്താനായിരുന്നു ആലോചന. പുളിയാകുളം മുണ്ടി വിനായകര്‍ ക്ഷേത്രം, ബിഗ്‌ ബസാര്‍ സ്‌ട്രീറ്റിലെ കോന്നിയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളായിരുന്നു മറ്റു ലക്ഷ്യസ്‌ഥാനങ്ങള്‍. ഇതിനു മുന്നോടിയായി ഈ ക്ഷേത്രപരിസരങ്ങളില്‍ പ്രതികള്‍ നിരീക്ഷണവും നടത്തി.
കസ്‌റ്റഡിയിലുള്ള മുഹമ്മദ്‌ അസ്‌ഹറുദീന്‍, അസ്‌ഹര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ഉക്കടം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിനും ചേര്‍ന്നായിരുന്നു സ്‌ഥലനിരീക്ഷണം നടത്തിയതെന്നാണു വെളിപ്പെടുത്തല്‍. ഒടുവില്‍ സംഗമേശ്വരര്‍ ക്ഷേത്രപരിസരം ലക്ഷ്യസ്‌ഥാനമായി തെരഞ്ഞെടുത്തു. ജമേഷ മുബിന്റേതായിരുന്നു തീരുമാനം. ഉഗ്രസ്‌ഫോടനത്തിലൂടെ ക്ഷേത്രം തകര്‍ക്കാനായിരുന്നു ലക്ഷ്യമിട്ടത്‌. സ്‌ഫോടനം നടക്കുന്നതിന്‌ 50-100 മീറ്റര്‍ ചുറ്റളവില്‍ വന്‍ നാശമുണ്ടാകുമെന്നായിരുന്നു അനുമാനം. എന്നാല്‍ ജമേഷയുടെ പരിചയക്കുറവില്‍ ലക്ഷ്യം പാളിയതായി കസ്‌റ്റഡിയിലുള്ളവര്‍ വെളിപ്പെടുത്തിയെന്നാണു വിവരം.
അതിനിടെ, രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പുകള്‍ക്കു വേണ്ടത്ര ഗൗരവം നല്‍കാതിരുന്നതാണു സ്‌ഫോടനത്തിലേക്കു നയിച്ചതെന്ന ആക്ഷേപവും ശക്‌തമായി. കഴിഞ്ഞ ജൂലൈ 19 നു തന്നെ ഇതു സംബന്ധിച്ച്‌ സംസ്‌ഥാന പോലീസിലെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നതായാണു റിപ്പോര്‍ട്ട്‌.
പോലീസ്‌ സ്‌റ്റേഷനുകള്‍, ക്ഷേത്രങ്ങള്‍, തിരക്കേറിയ തെരുവുകള്‍ എന്നിവിടങ്ങളിലടക്കം ദേശവിരുദ്ധര്‍ സ്‌ഫോടനത്തിനു കോപ്പുകൂട്ടുന്നുണ്ടെന്നും ജാഗ്രത വേണമെന്നുമായിരുന്നു മുന്നറിയിപ്പ്‌.
തീവ്രവാദ സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്ന വ്യക്‌തികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ കൈമാറി നിരീക്ഷണംശക്‌തമാക്കണമെന്നായിരുന്നു ജാഗ്രതാനിര്‍ദേശം. നിരീക്ഷണം പുലര്‍ത്തേണ്ടവരില്‍ ഉക്കടത്ത്‌ ചാവേറായ ജമേഷ മുബിനും ഉണ്ടായിരുന്നത്രേ. കേസ്‌ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത സാഹചര്യത്തില്‍ കൂടുതല്‍ അറസ്‌റ്റുണ്ടാകുമെന്നാണു കരുതുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here