വനിതാ ഡോക്‌ടര്‍ക്കുനേരേ ആക്രമണം , രേഖാചിത്രം പുറത്തുവിട്ടതിനു പിന്നാലെ കൂടുതല്‍ പരാതികള്‍

0


തിരുവനന്തപുരം : പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഡോക്‌ടറെ ആക്രമിച്ച കേസിലെ പ്രതി മോഷണവും നടത്തിയതായി സൂചന. പ്രതിയെന്ന്‌ സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ്‌ വെള്ളിയാഴ്‌ച വൈകിട്ടാണു പുറത്തുവിട്ടത്‌. പിന്നാലെയാണു കുറവന്‍കോണം സ്വദേശിനി അശ്വതി അനില്‍ തന്റെ വീട്ടിലെ കവര്‍ച്ചാശ്രമവുമായി ബന്ധപ്പെട്ട്‌ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്‌.
ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ അനുസരിച്ച്‌ വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു വീട്ടുവളപ്പില്‍ അപരിചിതന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതെന്നാണ്‌ അശ്വതി പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്‌. ബുധനാഴ്‌ച പുലര്‍ച്ചെ കുചുറ്റികയുമായെത്തിയ പ്രതി വീടിന്റെ പൂട്ട്‌ തല്ലി തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ്‌ ദൃശ്യങ്ങളിലുള്ളത്‌. സി.സി.ടിവിയിലെ ദൃശ്യങ്ങളുടെയും ആക്രമിക്കപ്പെട്ട സ്‌ത്രീ നല്‍കിയ വിവരങ്ങളുടെയും അടിസ്‌ഥാനത്തിലാണു രേഖാ ചിത്രം തയാറാക്കിയത്‌. വലിയമല സ്വദേശിയായ ഒരാളാണെന്ന സംശയത്താല്‍ അവിടേക്കും മറ്റ്‌ ചില സൂചനകളില്‍ സംശയിക്കുന്ന മറ്റ്‌ ചിലരിലേക്കും അനേ്വഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌.
അതേസമയം, നഗരത്തിലെ പല സി.സി.ടി.വികളും പ്രവര്‍ത്തനരഹിതമായിരിക്കുന്നത്‌ അന്വേഷണത്തെ സാരമായി ബാധിക്കുന്നുമുണ്ട്‌.
കുറവന്‍കോണം ഭാഗത്തു നടന്ന മോഷണത്തിനിടയില്‍ സി.സി.ടിവിയില്‍ പതിഞ്ഞ മോഷ്‌ടാവിന്റെ ദൃശ്യങ്ങള്‍ അക്രമിയുടേതിനു സമാനമെന്ന സംശയത്തിലാണു പരിശോധന. ചൊവ്വാഴ്‌ച രാത്രി പത്തു മണിയോടെയാണ്‌ മോഷണശ്രമം നടന്നത്‌. സി.സി.ടിവി തുണികൊണ്ടു മറച്ച ശേഷം പൂട്ടുപൊളിച്ച്‌ വീടിനകത്തേക്ക്‌ കടക്കാനായിരുന്നു ശ്രമമെന്നു വീട്ടമ്മ പറഞ്ഞു. ബുധനാഴ്‌ച പുലര്‍ച്ചെയാണു സ്‌ത്രീക്കെതിരേ ആക്രമണം നടന്നത്‌.
കുറവന്‍കോണത്ത്‌ വീട്‌ ആക്രമിച്ച പ്രതിക്ക്‌ തന്നെ ആക്രമിച്ച പ്രതിയുമായി സാദൃശ്യമുണ്ടെന്ന്‌ ആക്രമിക്കപ്പെട്ട സ്‌ത്രീയും വെളിപ്പെടുത്തി. താടിയുണ്ടെന്നും മെലിഞ്ഞ ശരീരപ്രകൃതമാണെന്നും അവര്‍ വിശദീകരിച്ചു. കുറവന്‍കോണത്ത്‌ മോഷണത്തിനെത്തുമ്പോള്‍ അയാള്‍ വെള്ള ഷര്‍ട്ട്‌ ആണ്‌ ധരിച്ചത്‌. തന്നെ ആക്രമിക്കാനെത്തിയപ്പോള്‍ അകത്തിടുന്ന വെള്ള ബനിയന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. എന്നാല്‍ സംഭവത്തിനുശേഷം ഇയാള്‍ കാറില്‍ കയറി ഇറങ്ങുമ്പോള്‍ വെള്ള ഷര്‍ട്ട്‌ ധരിച്ചതായി വിഡിയോയില്‍ കാണാം. അതുകൊണ്ട്‌ ഈ രണ്ട്‌ സംഭവത്തിലും പ്രതി ഒന്നാണെന്ന്‌ സംശയിക്കുന്നുവെന്ന്‌ യുവതി പറഞ്ഞു.
പ്രതി രക്ഷപ്പെട്ട ഇന്നോവ കാറിന്റെ നമ്പര്‍ സി.സി.ടിവി ദൃശ്യങ്ങളില്‍നിന്ന്‌ വ്യക്‌തമാകാത്തതും ആളെ തിരിച്ചറിയാന്‍ പോലീസിന്‌ തടസമായി. വാഹനം ഓടിപോകുന്ന നിലയിലുള്ള ദൃശ്യമാണു കാമറയിലുള്ളത്‌. അതിവേഗത്തില്‍ പോകുന്ന കാറിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍നിന്ന്‌ തിരിച്ചറിയാന്‍ സാധിക്കുന്ന നിലയിലല്ല. ശാസ്‌ത്രീയ പരിശോധനയിലൂടെ നമ്പര്‍ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here