ലിംഗായത്ത്‌ മഠാധിപതിയുടെ ആത്മഹത്യ: സ്‌ത്രീയടക്കം മൂന്നുപേര്‍ കസ്‌റ്റഡിയില്‍

0


രാമനഗര: തേന്‍കെണിയില്‍ കുടുങ്ങി കര്‍ണാടകത്തിലെ ലിംഗായത്ത്‌ മഠാധിപതി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്നുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍.
കഴിഞ്ഞ തിങ്കളാഴ്‌ച ആത്മഹത്യ ചെയ്‌ത ബസവലിംഗ സ്വാമി(45)യുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന ബംഗളുരു സ്വദേശിനിയായ സ്‌ത്രീ ഉള്‍പ്പെടെയുള്ളവരെയാണ്‌ അന്വേഷണസംഘം ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്തത്‌. പിടിയിലുള്ള രണ്ടുപേര്‍ ആശ്രമവുമായി ബന്ധമുള്ളവരാണെന്നാണു വിവരം.
കഞ്‌ജുഗല്‍ ബന്ദേ മഠത്തിലെ പൂജാമുറിയുടെ ഗ്രില്ലിലാണു ബസവലിംഗ സ്വാമി തൂങ്ങിമരിച്ചത്‌. വിവരം അറിഞ്ഞെത്തിയ പോലീസ്‌ നടത്തിയ പരിശോധനയില്‍ സ്വാമിയുടെ മുറിയില്‍നിന്ന്‌ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെടുത്തു. അതില്‍ പരാമര്‍ശിച്ചിരുന്ന അജ്‌ഞാത യുവതിയെപ്പറ്റിയുള്ള അന്വേഷണമാണ്‌ പോലീസിനെ ബംഗളുരു സ്വദേശിനിയിലേക്കെത്തിച്ചത്‌. സ്വാമി നടത്തിയ സ്വകാര്യ സംഭാഷണം റെക്കോഡ്‌ ചെയ്‌ത യുവതിയും സംഘവും അദ്ദേഹത്തെ തേന്‍കെണിയില്‍ കുടുക്കുകയായിരുന്നെന്നു കരുതുന്നു. മഠാധിപതി സ്‌ഥാനത്തുനിന്നു തന്നെ നീക്കാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമായി ദൃശ്യങ്ങള്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്ക സ്വാമി ആത്മഹത്യാക്കുറിപ്പില്‍ പങ്കുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here