ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്

0

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക്‌ 12.45 മുതല്‍ നടക്കുന്ന മത്സരം സോണി സിക്‌സില്‍ തത്സമയം കാണാം. ആദ്യ രണ്ട്‌ മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടി. മൂന്നാം മത്സരവും ജയിച്ച്‌ പരമ്പര തൂത്തുവാരാനുറച്ചാണ്‌ ഇന്ത്യ ഇറങ്ങുക. ലോകേഷ്‌ രാഹുലിന്‌ കീഴിലിറങ്ങുന്ന ഇന്ത്യയെ ആദ്യ രണ്ട്‌ മത്സരത്തിലും ടോസ്‌ തുണച്ചപ്പോള്‍ ആദ്യം പന്തെറിയാനാണ്‌ തീരുമാനിച്ചത്‌. പേസ്‌ ബൗളിങ്ങിനെ അനുകൂലിക്കുന്ന പിച്ചില്‍ ടോസ്‌ ഭാഗ്യം അനുകൂലമായാല്‍ രാഹുല്‍ ഇന്നും മറിച്ചു ചിന്തിക്കാനിടയില്ല. ഇവിടെ നടന്ന കഴിഞ്ഞ 11 ഏകദിനങ്ങളില്‍ എട്ടിലും പിന്തുടര്‍ന്ന ടീമാണു ജയിച്ചത്‌.
ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റിങ്‌ നിരയും ബൗളിങ്‌ നിരയും ഒരുപോലെ മികവ്‌ കാട്ടി. രണ്ടാം മത്സരത്തില്‍ ബാറ്റിങ്‌ നിരയുടെ പ്രകടനം നിരാശപ്പെടുത്തി. ശിഖര്‍ ധവാനും ശുഭ്‌മന്‍ ഗില്ലും മികച്ചുനിന്നപ്പോള്‍ ലോകേഷ്‌ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കു ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. ദീപക്‌ ഹൂഡ ഓള്‍റൗണ്ട്‌ മികവ്‌ കാട്ടുന്നുണ്ട്‌. സഞ്‌ജു സാംസണിന്റെ ബാറ്റിങ്‌ ഇല്ലായിരുന്നെങ്കില്‍ രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വേ ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.
മൂന്നാം മത്സരം ലോകേഷ്‌ രാഹുലിന്‌ അഭിമാന പ്രശ്‌നമാണ്‌. ഏഷ്യാ കപ്പിന്‌ മുമ്പായി രാഹുലിന്‌ ഫോമിലേക്കെത്താനാണ്‌ സിംബാബ്‌വേ പര്യടനത്തില്‍ അവസരം നല്‍കിയത്‌. ആദ്യ മത്സരത്തില്‍ ഓപ്പണിങ്ങില്‍ ഇറങ്ങാതിരുന്ന രാഹുലിന്‌ ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. രണ്ടാം മത്സരത്തില്‍ നേടിയത്‌ ഒരു റണ്ണും. ഇന്നു ഋതുരാജ്‌ ഗെയ്‌ക്വാദിനും രാഹുല്‍ ത്രിപാഠിക്കും അവസരം നല്‍കാനിടയുണ്ട്‌. ഇഷാന്‍ കിഷനെ പുറത്തിരുത്തി രാഹുല്‍ ത്രിപാഠിക്ക്‌ അവസരം നല്‍കിയേക്കും.
രാഹുല്‍ ത്രിപാഠി ടോപ്‌ ഓഡറിലും മധ്യനിരയിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്‌. 31 വയസുകാരനായ താരത്തെ തഴയുന്നതിനെതിരേ വിമര്‍ശനം ഉയര്‍ന്നു. പേസ്‌ നിരയിലും മാറ്റമുണ്ടായേക്കും. പ്രസിദ്ധ്‌ കൃഷ്‌ണക്ക്‌ വിശ്രമം നല്‍കി ആവേശ്‌ ഖാന്‍ കളിച്ചേക്കും. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും ആവേശ്‌ ഇടംപിടിച്ചിരുന്നു. ഷാബാസ്‌ അഹമ്മദിന്‌ അരങ്ങേറാനുള്ള അവസരം നല്‍കാനും സാധ്യതയുണ്ട്‌. സിംബാബ്‌വേ ടീമില്‍ മാറ്റങ്ങുണ്ടാകാനുള്ള സാധ്യത കുറവാണ്‌.
ബാറ്റിങ്‌ നിര ഫോമിലേക്കുയരാത്തതാണ്‌ ആതിഥേയരുടെ പ്രശ്‌നം. സികന്ദര്‍ റാസയ്‌ക്ക് വലിയ സ്‌കോര്‍ നേടാനാകുന്നില്ല. വലിയ കൂട്ടുകെട്ട്‌ സൃഷ്‌ടിക്കുന്നതിലും അവരുടെ ബാറ്റിങ്‌ നിര പരാജയപ്പെട്ടു. 2014 നു ശേഷം ഓപ്പണിങ്‌ വിക്കറ്റ്‌ സെഞ്ചുറി കൂട്ടുകെട്ട്‌ നേടിയിട്ടില്ല.
ഹാമില്‍ട്ടണ്‍ മസകാഡ്‌സയും സികന്ദര്‍ റാസയും ചേര്‍ന്ന്‌ 224 റണ്ണെടുത്തതാണ്‌ ഏറ്റവും ഒടുവിലത്തെ സെഞ്ചുറി കൂട്ടുകെട്ട്‌. 2020 മുതല്‍ 14 വ്യത്യസ്‌ത ഓപ്പണിങ്‌ ജോഡികളാണ്‌ സിംബാബ്‌വേ പരീക്ഷിച്ചത്‌. കന്നി ഏകദിനത്തില്‍ തന്നെ 16 പന്തില്‍ 30 റണ്ണുമായി തിളങ്ങിയ ടോണി മുന്‍യോങയ്‌ക്ക് ഇന്ന്‌ അവസരം നല്‍കാന്‍ സാധ്യതയുണ്ട്‌. ബംഗ്ലാദേശിനെതിരേ തുടരെ രണ്ട്‌ സെഞ്ചുറികളടിച്ച സികന്ദര്‍ റാസ ഇന്ത്യക്കെതിരേ നിറംമങ്ങി. കഴിഞ്ഞ 11 ഇന്നിങ്‌സുകളിലായി 55.55 ശരാശരിയില്‍ 500 റണ്ണെടുക്കാന്‍ റാസയ്‌ക്കായിരുന്നു.
സാധ്യതാ ടീം: ഇന്ത്യ – ശുഭ്‌മന്‍ ഗില്‍, ശിഖര്‍ ധവാന്‍/ഋതുരാജ്‌ ഗെയ്‌ക്വാദ്‌, ഇഷാന്‍ കിഷന്‍, ലോകേഷ്‌ രാഹുല്‍ (നായകന്‍), ദീപക്‌ ഹൂഡ, സഞ്‌ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍/ ഷാബാസ്‌ അഹമ്മദ്‌, ശാര്‍ദൂല്‍ ഠാക്കൂര്‍/ദീപക്‌ ചാഹാര്‍, മുഹമ്മദ്‌ സിറാജ്‌, പ്രസിദ്ധ കൃഷ്‌ണ/ ആവേശ്‌ ഖാന്‍, കുല്‍ദീപ്‌ യാദവ്‌.
സാധ്യതാ ടീം: സിംബാബ്‌വേ- താകുഡ്‌വാന്‍ഷെ കെയ്‌റ്റാനോ, ഇന്നസെന്റ്‌ കായ, റെഗിസ്‌ ചകാബ്‌വ (നായകന്‍), വെസ്ലി മാധ്‌വീര്‍/ ടോണി മുനിയോങ, സികന്ദര്‍ റാസ, സീന്‍ വില്യംസ്‌, റയാന്‍ ബള്‍, ലൂക്‌ ജോങ്‌വീ, ബ്രാഡ്‌ ഇവാന്‍സ്‌, വിക്‌ടര്‍ ന്യായുചി, തനാക ചിവാങ.

Leave a Reply